അറബിപ്പൊന്നിന്റെ കഥ
Mail This Article
ഉമ്മയെ ഞങ്ങൾ മക്കളും കുടുംബത്തിലെ മറ്റുള്ളവരും വിളിക്കുന്നത് ഇത്താത്തയെന്നാണ്. കൂട്ടുകുടുംബത്തിന്റെ നൂലാമാലകളിൽനിന്നാണ് അങ്ങനെയൊരു വിളിപ്പേരുണ്ടായത്. ഇത്താത്തയോട് അറബിപ്പൊന്നിന്റെ കഥ ചോദിച്ചിട്ടുണ്ട്.
ഇത്താത്ത പറഞ്ഞു: ‘എംടിയോടൊപ്പം നോവലെഴുതാൻ പോകുകയാണെന്ന് നേരത്തേതന്നെ പറഞ്ഞിരുന്നു. ഒടുവിൽ കരുവാരക്കുണ്ടിലേക്കു പോവ്വാണെന്നു പറഞ്ഞു പുറപ്പെട്ടു. അന്നു നിനക്കു മൂന്നു വയസ്സായിട്ടില്ല. ഡ്രസ്സും കടലാസും ബുക്കുമൊക്കെയെടുത്ത് പോവുമ്പം പറഞ്ഞത് ഒരു മാസം കഴിഞ്ഞേ വരൂന്നാ.’
‘എന്നിട്ട്?’
‘അതു പറഞ്ഞുപോയ ആള് പന്ത്രണ്ടാം ദിവസം കോഴിക്കോട്ടു മടങ്ങിയെത്തി.’
‘എംടി?’
‘എംടിയും.’
‘നോവലെഴുതിയോ?’
‘ആദ്യത്തെ കോപ്പി എഴുതീന്നാ പറഞ്ഞത്.’
‘ഉപ്പ ഹാപ്പിയായിരുന്നോ?’
‘നല്ല സന്തോഷത്തിലായിരുന്നു. ഇനി കോഴിക്കോട്ടുന്നും മാറ്റിയെഴുതണന്നു പറഞ്ഞു.’
‘എഴുത്യോ?’
‘ഉം. അതിനൊരുകൊല്ലമെടുത്തൂന്നു മാത്രം,’ ഇത്താത്ത ചിരിച്ചുകൊണ്ടു പറഞ്ഞു. അങ്ങനാ അറബിപ്പൊന്ന് ണ്ടാക്ക്യത്.
രണ്ടുപേർ ഒരു നോവലെഴുതുന്നു
അറബിപ്പൊന്ന് ഉരുക്കിയെടുത്തു സ്വർണക്കട്ടകളാക്കി മാറ്റാനിടവന്നതിന്റെ കഥ എംടി പറഞ്ഞിട്ടുണ്ട്. ‘1958. അറബിപ്പൊന്ന് നഗരത്തിൽ ഒരു വലിയ കഥാപാത്രമായി, സത്യമായി നിലകൊള്ളുന്ന കാലം. വൈകുന്നേരം ഞങ്ങൾ കുറെ സുഹൃത്തുക്കൾ ഒത്തുകൂടാറുണ്ട്. ദേവൻ (ചിത്രകാരനായ എം.വി. ദേവൻ), എൻപി (എൻ.പി. മുഹമ്മദ്), പട്ടത്തുവിള കരുണാകരൻ, ഞാൻ. ഇതാണു സംഘം. ചിലപ്പോൾ തിക്കോടിയനുമുണ്ടാകും.
സുഹൃത്തുക്കൾക്കിടയിൽ അറബിപ്പൊന്നിന്റെ വാർത്തകളെത്തി. ഒരൊറ്റ രാവുകൊണ്ട് ഒരാൾ ധനികനായ സംഭവം. ചതിയുടെ കഥ. ഒരാൾ അറബിപ്പൊന്ന് കച്ചവടത്തിലെ ചതിയിൽപ്പെട്ടു ഭ്രാന്തനായ കഥ. കസ്റ്റംസ് ഒരാളെ പിടിച്ച് സ്വർണബെൽറ്റ് കണ്ടെത്തിയത്, മിക്കപ്പോഴും എൻപിയായിരിക്കും ഈ വാർത്തകൾ കൊണ്ടുവരുന്നത്. എൻപി കോഴിക്കോട്ടെ വ്യാപാരികളുടെ ദേശത്താണു താമസിക്കുന്നത്. വൈകുന്നേരമാകാൻ കാത്തിരുന്നു. കഥകളുമായി എൻപി എത്തും. വൈകുന്നേരങ്ങളിൽ മാനാഞ്ചിറ മൈതാനത്തോ കടപ്പുറത്തോ ഇരുന്ന് എൻപി അതൊക്കെ പറയും. ലക്ഷങ്ങളുടെ കഥ കേട്ട് സംഘത്തിലുള്ളവരുടെ മനഃസുഖം നഷ്ടപ്പെട്ടു.
ഒരു ദിവസം എൻപി ചോദിച്ചു: ‘വാസൂ, കൈയ്യിൽ പുതിയ ഡിറ്റനുമുണ്ടോ?’
ഡിറ്റൻ എന്നു പറഞ്ഞാൽ ഡിറ്റക്ടീവ് നോവൽ.
എംടി പറഞ്ഞു: ‘കാണണം, വാ.’
നഗരത്തിലുള്ള എംടിയുടെ വാടകമുറിയിലേക്ക് അവർ നടന്നു. മനസ്സിൽ നിറയെ ക്രൈം നോവൽ. എൻപി മനസ്സിൽ നിറഞ്ഞു തുളുമ്പുന്നതു പറഞ്ഞു. പലതും സംസാരിച്ചു. അറബിപ്പൊന്ന് കച്ചവടത്തിലെ റാക്കറ്റുകൾ, അണ്ടർവേൾഡ്, സീക്രട്ട് സർവീസ്. അങ്ങനെ പലതും പറഞ്ഞു. കുറച്ചുനേരം എൻപി മൗനിയായി. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു: ‘ഗോൾഡ് സ്മഗ്ലിങ്ങിനെക്കുറിച്ച് ഒരു നോവലെഴുതാൻ പറ്റും.’
എംടി സുഹൃത്തിനോടു പറഞ്ഞു: എൻപി എഴുത്.’
എൻപി പറഞ്ഞു: ‘വാസുവെഴുത്.’
ആവേശത്തോടെ, പൊന്നെഴുത്തിന്റെ സാധ്യതകളെപ്പറ്റി രണ്ടുപേരും സംസാരിച്ചു.
എംടി എഴുതിയിട്ടുണ്ട്: ‘രണ്ടുപേർക്കും കൂടി എഴുതിയാലോ?’
ആരാണ് ആ ആശയം അവതരിപ്പിച്ചതെന്ന് ഓർമയില്ല. എൻപിയോ ഞാനോ?
‘രണ്ടാളുംകൂടിയെഴുതാൻ പറ്റുമോ?’
‘പറ്റും.’
ഉപേക്ഷിച്ച സ്വർണക്കടത്ത്
1958. അറബിപ്പൊന്ന് ഉരുക്കിക്കാച്ചിയെടുക്കാൻ എംടിയും എൻപിയും തീരുമാനിച്ചതങ്ങനെയാണ്. അറബിപ്പൊന്നിനെക്കുറിച്ച് രണ്ടുപേരൊന്നിച്ചെഴുതുന്ന ഒരു ക്രൈം നോവൽ. എളുപ്പമായിരുന്നില്ല. ഇരുവർക്കും അറിയാത്ത ഒരു ലോകമാണ്. ലോകത്തെ അറിയിച്ചു നടത്തുന്ന വ്യാപാരവുമല്ല. കഥകളും കെട്ടുകഥകളും കുഴമറിഞ്ഞു കിടക്കുന്ന കള്ളക്കടത്തിന്റെ ലോകം. വിവരശേഖരണം അനിവാര്യമായിരുന്നു. പലരും തുറന്നുപറയുന്ന കാര്യമല്ല. അതീവ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞുകിട്ടുക പ്രയാസകരമായിരുന്നു. എംടിയും എൻപിയും പലരുമായും സംസാരിച്ചു. ചിലർ ഒന്നും പറഞ്ഞില്ല. ചിലർ ചില കാര്യങ്ങൾ പറഞ്ഞു. സ്മഗ്ലിങ് ഏർപ്പാട് അവസാനിപ്പിച്ച ഒരു ചെറുപ്പക്കാരൻ മനസ്സു തുറന്നു സംസാരിച്ചു. എംടിയും എൻപിയും കുറിപ്പുകളെടുത്തു. ഒന്നിലധികം പുസ്തകങ്ങളിൽ അനുഭവരേഖകൾ നിറഞ്ഞു.
എംടി പറയുന്നു: ‘ഒട്ടാകെ നേടിയ വിവരങ്ങൾ മനസ്സിൽ കൊണ്ടുനടന്ന് അപ്പോഴേക്കും ഒരു തീം ഉണ്ടായിക്കഴിഞ്ഞിരുന്നു. സിനോപ്സിസ് നിർമിച്ചു. ഭാഗങ്ങളായി വേർതിരിച്ചു. സീക്വൻസുകൾപോലും പ്ലാൻ ചെയ്തു. കഥാപാത്രങ്ങൾ. സവിശേഷതകൾ. എല്ലാം വ്യക്തമാണ്. ഒട്ടാകെ കഥ രണ്ടുപേർക്കും ഒരുപോെല വിഷ്വലൈസ് െചയ്യാം. ഏതു ഭാഗവും വേണമെങ്കിൽ രണ്ടുപേർക്കും എഴുതാമെന്ന നിലയിലെത്തിയ ശേഷമേ എഴുതാനാരംഭിച്ചുള്ളൂ.’
അതിനിടയിൽ ഒരു സംഭവമുണ്ടായി. നല്ലവനായ ഒരു സുഹൃത്തിന് കഥയെഴുതാൻ പോകുന്നവരോട് അലിവു തോന്നി. അറബിപ്പൊന്ന് വ്യാപാരത്തിൽ പങ്കുചേരാൻ ക്ഷണിച്ചു. രണ്ടു സാഹിത്യകാരന്മാർ അൽപം കാശുണ്ടാക്കി രക്ഷപ്പെടട്ടെ’ എന്നായിരുന്നു സുഹൃത്തിന്റെ ആലോചന. ക്ഷണത്തിന്റെ വാർത്തയുമായി എൻപി സുഹൃത്തിന്റെ അടുത്തെത്തി. ക്ഷണിച്ചയാളിന്റെ കൈയ്യിൽ സ്വർണബെൽറ്റുണ്ട്. വാങ്ങാൻ ആളെ ഏർപ്പാടു ചെയ്താൽ നൂറുക്ക് ഒരുറുപ്പിക കമ്മീഷൻ. എംടിക്കും എൻപിക്കും പണമുണ്ടാക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. ‘ഒരു സാഹസിക കാര്യം ചെയ്യുന്നതിലുള്ള കോരിത്തരിപ്പായിരുന്നു പ്രധാനം.’ പിന്നെ, സ്വാനുഭവങ്ങൾ അറബിപ്പൊന്നെഴുതാൻ ഖനികളായി മാറിയാലോ?
ചർച്ച തുടങ്ങി. പലവുരു വിലപേശലുകളുണ്ടായി. ഒടുവിൽ എംടിയുടെ മുറിയിൽവച്ച് സ്വർണവും പണവും കൈമാറാൻ തീരുമാനിച്ചു. വാർത്ത ചോർന്നാൽ? വേവലാതിയായി. അറസ്റ്റ്, നാണക്കേട്, ശിക്ഷ. സാഹിത്യത്തെക്കാളും നല്ല ബിസിനസ്. പക്ഷേ, ഇരുവർക്കും ധൈര്യമുണ്ടായിരുന്നില്ല. രണ്ടു കാര്യങ്ങൾ അവർ മനസ്സിലാക്കി. ‘ഒന്ന്, പണത്തിന്റെ കാര്യമെത്തുമ്പോൾ ആർക്കും ആരെയും വിശ്വാസമില്ല. രണ്ട്, അറബിപ്പൊന്ന് വ്യാപാരം നടത്താൻ ഞങ്ങളെപ്പോലുള്ളവർക്കൊന്നുമാവില്ല.’ എംടിയും എൻപിയും വ്യാപാരമോഹം ഉപേക്ഷിച്ചു. എഴുതാൻ തീരുമാനിച്ചു. സാഹിത്യത്തിൽ കൂട്ടുകൃഷിയാവാം. അത് എക്കാലത്തേക്കും അസ്വസ്ഥത പടർത്തില്ല.
കളപ്പുരയിലെ നോവലെഴുത്ത്
1958 നവംബർ. എംടിയും എൻപിയും അറബിപ്പൊന്ന് വീതം വച്ചതു പ്രകാരം എഴുതിത്തുടങ്ങി. രണ്ടു മാസം കഴിഞ്ഞിട്ടും അധികമൊന്നും എഴുതാനായില്ല. ആകെയെഴുതിയത് അൻപതോളം പേജുകൾ മാത്രം. കോഴിക്കോട് വിട്ടു മാറി, എവിടെയെങ്കിലും തമ്പടിച്ചിരുന്ന് എഴുതിയാലെെന്തെന്ന് ആലോചനയായി. രണ്ടുപേർക്കും സമ്മതം. എം.വി. ദേവൻ ഇടം കണ്ടെത്തി. മദിരാശി കോളജ് ഓഫ് ഫൈൻ ആർട്സിൽ ദേവന്റെ സഹപാഠിയായിരുന്ന തൃക്കിടീരി മനയിലെ ടി.എം. വാസുദേവൻ നമ്പൂതിരിയുമായി സംസാരിച്ചു. ടിഎമ്മിനു സമ്മതം. അങ്ങനെയാണ് മേലാറ്റൂരിനടുത്തുള്ള കരുവാരക്കുണ്ടിലെ തൃക്കിടീരിമനയുടെ കളപ്പുര അറബിപ്പൊന്നിന്റെ എഴുത്തുപുരയായി മാറിയത്.
1959 ജനുവരി 2. ഒരു മാസത്തെ താമസത്തിനുള്ള ഒരുക്കങ്ങൾ നടത്തി. ഇരുവരുടെയും സുഹൃത്ത്, സഹൃദയനായ ചെറുവണ്ണൂർ അബ്ദുറഹിമാൻ (പിൽക്കാലത്ത് കോഴിക്കോട് വീറ്റ് ഹൗസിൽ വച്ച് കൊല ചെയ്യപ്പെട്ടയാൾ) ഏർപ്പാടാക്കിയ ജീപ്പിൽ എംടി, എൻപി, ദേവൻ എന്നിവർ കരുവാരക്കുണ്ടിലേക്കു പുറപ്പെട്ടു. തൃക്കിടീരി മനയിൽനിന്നു ടി.എം. വാസുദേവൻ നമ്പൂതിരി ജീപ്പിൽ കയറി, കളപ്പുരയിലേക്കു പുറപ്പെട്ടു. വൈകുന്നേരത്തോടെ കളപ്പുരയിലെത്തി.
എംടി അക്കാലത്തെ കരുവാരക്കുണ്ടിനെക്കുറിച്ചു പറയുന്നു: ‘കരുവാരക്കുണ്ട്’ മനോഹരമാണ്. മുന്നിൽ റബർ വളരുന്ന മലനിരകൾ. വൈകുന്നേരമായാൽ മഞ്ഞു വീഴാൻ തുടങ്ങും. പിറകിൽ ഉയർന്ന ചെമ്മൺകുന്നുകൾ. മലനിരകളുടെ നടുവിൽ ശാന്തമായ അന്തരീക്ഷം. രാത്രി നല്ല തണുപ്പുണ്ട്. മുറ്റത്തെ നിശാഗന്ധിപ്പടർപ്പിന്റെ രാത്രിയിലെ മഞ്ഞണിഞ്ഞ നിലാവും മൂകഗംഭീരമായ മലനിരകളും...’
പിറ്റേന്നുതന്നെ എൻപി എഴുതിത്തുടങ്ങി. അടുത്ത ദിവസം എംടിക്കും എഴുതാൻ പറ്റി. പിന്നെ എഴുത്തു മാത്രമായിരുന്നു ജോലി. ഉറങ്ങുമ്പോൾ കോയയും ബിച്ചാമിയും കൽമേയിയും കിനാവിൽ വന്നു. പകൽ മുഴുവനും രാത്രിയിൽ വലിയൊരു ഭാഗവും എഴുത്തു തന്നെ. പത്താം ദിവസം നോവലിന്റെ അവസാന ഭാഗത്തെത്തി. പതിനൊന്നാമത്തെ ദിവസം അവസാനത്തെ അധ്യായവും എഴുതിത്തീർത്തു. രാത്രി നിശാഗന്ധിയുടെ മണം പരക്കുന്ന കളപ്പുരമുറ്റത്ത് സന്തോഷത്തോടെ അവർ സംസാരിച്ചിരുന്നു. പിറ്റേന്ന് അറബിപ്പൊന്നുമായവർ കോഴിക്കോട്ടേക്കു മടങ്ങി.
1959. എംടിയും എൻപിയും തൃശൂർ കറന്റ് ബുക്സുമായി പ്രസാധനക്കരാറിൽ ഒപ്പു വച്ചു. പിന്നെ പകർത്തിയെഴുത്ത്, മിനുക്കുപണി. ആവശ്യമെങ്കിൽ മാറ്റിയെഴുത്ത്. ഒരു കൊല്ലത്തിനു ശേഷമാണ് എഴുത്ത് അവസാനിപ്പിച്ചത്. കൈയ്യിൽ കലർപ്പില്ലാത്ത തനിത്തങ്കം. അറബിപ്പൊന്ന്.
1960. മലയാളത്തിലെ ആദ്യത്തെ കൂട്ടുരചന. ഒരുപക്ഷേ, ഇന്ത്യയിലാദ്യമായി രണ്ടുപേരൊന്നിച്ചെഴുതിയ നോവൽ. അറബിപ്പൊന്നിന്റെ വരവറിയിച്ചുള്ള പോസ്റ്ററുകൾ കോഴിക്കോടു നഗരത്തിൽ പതിച്ചിരുന്നു. പശ േതച്ച് ചുവരുകളിലൊട്ടിച്ചതു മറ്റാരുമല്ല, ഗ്രന്ഥകർത്താക്കൾ. ആദ്യദിനം അഞ്ഞൂറോളം കോപ്പികൾ വിറ്റഴിഞ്ഞ്, മലയാള പ്രസാധനചരിത്രത്തിൽ അന്നത്തെ റെക്കോർഡിനും അറബിപ്പൊന്ന് കാരണമായി.
അറബിപ്പൊന്നിന്റെ മുഖക്കുറിപ്പിൽ എംടി എഴുതിയിരുന്നു: ‘ഇതാ അറബിപ്പൊന്ന്. അതിന്റെ നന്മകളും തിന്മകളും ഞങ്ങൾ തുല്യമായി പങ്കിട്ടെടുക്കുന്നു.’
Content Summary: Remembering the novel Arabiponnu by M. T. Vasudevan Nair and N. P. Muhammad