മറവിയുടെ ലോകത്തുണ്ടായ ആ കൊലപാതകത്തിന്റെ രഹസ്യം തേടിയ റൂത്ത്
ഡിസി ബുക്സ്
വില 240 രൂപ
Mail This Article
റിട്രോഗ്രേഡ് അംനീഷ്യ എന്ന വാക്ക് മലയാളി കേട്ടത് ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തെ തുടർന്നാണ്. അങ്ങനെ റിട്രോഗ്രേഡ് അംനീഷ്യ എന്ന വാക്കിനെ തിരയുകയും അതിനെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴിതാ റിട്രോഗ്രേഡ് അംനീഷ്യ ഒരു നോവലായി മലയാളി വായനക്കാർക്ക് മുന്നിൽ എത്തിയിരിക്കുന്നു. ക്രൈം ത്രില്ലെർ ലോകത്തെ പ്രതിഭ ലാജോ ജോസിന്റെ പുതിയ സൈക്കോളജിക്കൽ ഫിക്ഷനാണ് റൂത്തിന്റെ ലോകം. നോവലിലെ നായികാ റൂത്ത് കഥയിൽ ഉടനീളം അനുഭവിക്കുന്ന അസുഖത്തിന്റെ പേരാണ് റിട്രോഗ്രേഡ് അംനീഷ്യ .
റൂത്ത് റൊണാൾഡ് എന്ന പെൺകുട്ടി വർഷങ്ങളായി അസുഖബാധിതയാണ്. അവളുടെ ഭർത്താവ് റൊണാൾഡ് തോമസ് ഒരു ഡോക്ടറും. ഒരു നിമിഷത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ വളരെ പെട്ടെന്നാണ് റൂത്തിനു ശാരീരികമായ അസ്വാസ്ഥ്യങ്ങളുണ്ടാവുക, പെട്ടെന്ന് തന്നെ അവളുടെ തലച്ചോറിനെ ഇരുട്ട് കാർന്നു തിന്നുകയും ഇതിനു മുൻപുണ്ടായിരുന്നത് മറ്റേതോ കാലത്തിലായിരുന്നു എന്നത് പോലെ അവളെ മറവി കീഴ്പ്പെടുത്തുകയും ചെയ്യും. അങ്ങനെയുള്ള റൂത്തിന്റെ മുന്നിലേക്കാണ് മൂന്ന് കള്ളന്മാരും കാണത്തക്കപ്പെടുന്ന ഒരുപറ്റം പെൺകുട്ടികളും എത്തിപ്പെടുന്നത്. ആ പെൺകുട്ടികൾ റൂത്തിന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധം ഉള്ളവരാണോ? റൂത്തിന്റെ മറവികൾക്ക് മുൻപ് അവൾ അവരുമായി പരിചിതരായിരുന്നുവോ? ഒന്നും റൂത്തിനറിയില്ല, പക്ഷെ പലപ്പോഴും ചിതറി കിടക്കുന്ന ഓർമ്മകൾക്കിടയിൽ നിന്ന് റൂത്ത് പൊട്ടിയ കുപ്പിവള പോലെ ആ മുഖങ്ങൾ ഓർത്തെടുക്കുന്നു. കരണമറിയാതെ അവൾ അസ്വസ്ഥപ്പെടുന്നു. ഈ കഥയിൽ നിന്നും റൂത്ത് മുന്നോട്ടു സഞ്ചരിക്കുന്ന അനുഭവങ്ങളാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തിൽ എഴുതി ചേർത്തിരിക്കുന്നത്.
എസ്തർ ഇമ്മാനുവൽ എന്ന കേന്ദ്ര കഥാപാത്രത്തെ രണ്ടു നോവലുകളിലായി അവതരിപ്പിച്ച് ജനസമ്മതി നേടിയെടുത്ത ക്രൈം നോവലിസ്റ്റാണ് ലാജോ ജോസ്. മലയാളത്തിൽ ഒരുപക്ഷെ ഒരു എഴുത്തുകാരനും ധൈര്യം കാണിക്കാതിരുന്ന ഒരു സാഹിത്യ ശാഖയിലേക്കാണ് രണ്ടും കൽപ്പിച്ച് എസ്ഥേർ എന്ന പുതുമുഖ കഥാപാത്രത്തെക്കൊണ്ട് കോഫി ഹൗസ് എന്ന നോവലിലൂടെ എഴുത്തുകാരൻ വരുന്നത്. കോഫി ഹൗസ്, അതിനെ തുടർന്ന് എസ്തർ തന്നെ നായികയായ ഹൈഡ്രാഞ്ചിയ എന്നീ നോവലുകൾ വായനക്കാർക്കിടയിൽ സ്വീകരിക്കപ്പെടുകയും അതിനു പരക്കെ വായനയുണ്ടാവുകയും ചെയ്തു. ആദ്യം ചെയ്ത ക്രൈം ഫിക്ഷൻ എന്ന ലോകത്തിൽ തന്നെയുള്ള സൈക്കോളജിക്കൽ ഫിക്ഷൻ എന്ന ഉപ വിഭാഗലോകത്തിലാണ് പുതിയ നോവലായ റൂത്തിന്റെ ലോകം ഇടം പിടിച്ചിരിക്കുന്നത്.
ആദ്യത്തെ രണ്ടു നോവലുകളിൽ നിന്നും മൂന്നാമത്തെ നോവലിലേയ്ക്ക് വരുമ്പോൾ എഴുത്തുകാരൻ കൂടുതൽ കയ്യടക്കം നേടിയിട്ടുണ്ട്. വളരെ വേഗതയുള്ള ഭാഷയിൽ അയത്നലളിതമായി മനസ്സിന്റെ വലിയൊരു നിഗൂഢതയെ റൂത്തിലൂടെ വിവരിച്ചിട്ടുണ്ട്. ഒരുപക്ഷെ സാധാരണ ഒരാൾക്ക് റിട്രോഗ്രേഡ് അംനീഷ്യ എന്നുവച്ചാൽ എന്താണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള വിഷയമാണെന്നിരിക്കെ റൂത്തിന്റെ അനുഭവങ്ങളിലൂടെ അതിനെ ലളിതമായി വ്യാഖ്യാനിക്കുന്നുണ്ട് നോവൽ. അതുകൊണ്ട് തന്നെ മനസ്സിന്റെ ഉള്ളറകൾ വ്യക്തമായി ഇതിൽ തുറക്കപ്പെടുന്നു. എന്തൊക്കെയാണ് അസുഖത്തിൽ സംഭവിക്കപ്പെടുന്നതെന്ന് റൂത്തിന്റെ ഓരോ സമയത്തെയും അസ്വാസ്ഥ്യങ്ങളും മനോനിലകളും പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ എഴുത്തുകാരൻ നടത്തിയ ഗവേഷണങ്ങൾ പരാമർശിക്കാതെ പോകുന്നത് നീതികേടായിരിക്കും.
സാധാരണഗതിയിൽ ചില ചിത്രങ്ങളുടെ റിലീസിങ്ങ് ഡേറ്റുകൾ തീരുമാനിച്ചാൽ അതിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. അവർ അത് ചിലപ്പോൾ റിലീസിങ്ങ് ഡേറ്റിനു തന്നെ പോയി കാണുകയും ആസ്വദിക്കുകയും ചെയ്യും. അത്തരമൊരു കാത്തിരിപ്പ് മലയാള നോവലുകൾക്ക് ഉണ്ടാവുക എന്നത് മലയാള സാഹിത്യത്തിൽ മാറ്റത്തിന്റെ കാശ് വീശി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ്. കേരളത്തിന് പുറത്ത് ഇത്തരത്തിൽ റിലീസിംഗും കാത്തിരിക്കുന്ന പുസ്തകങ്ങളും അവയുടെ ആഴമുള്ള വായനക്കാരും ഏറെയാണ്. അങ്ങനെ നോക്കുമ്പോൾ ഒരു അന്താരാഷ്ട്രാ വായനാ സംസ്കാരത്തിലേക്ക് മലയാളിയും പതുക്കെയാണെങ്കിലും എത്തിപ്പെടുന്നു എന്നത് സുഖമുള്ളൊരു കാഴ്ച തന്നെയാണ്. അങ്ങനെ മലയാളി കാത്തിരുന്നൊരു പുസ്തകമാണ് റൂത്തിന്റെ ലോകം എന്ന സൈക്കോളജിക്കൽ ഫിക്ഷൻ. ലാജോ ആദ്യത്തെ പുസ്തകങ്ങളിലൂടെ വായനക്കാർക്ക് കൊടുത്ത അനുഭവങ്ങളായിരുന്നു അതിനു കാരണം. അതിൽ നിന്നൊക്കെ വ്യത്യസ്തമാണെങ്കിലും റൂത്തും വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുന്നു. പുസ്തകമിറങ്ങി നാലാം ദിവസത്തിനുള്ളിൽ രണ്ടാം പതിപ്പ് വന്നത് തന്നെ അതിനുള്ള ഉദാഹരണമാണ്.
ത്രില്ലെർ നോവലുകളുടെ വസന്തകാലമാണ് മലയാളത്തിൽ ഇനി. വായനക്കാരും പ്രസാധകരും അതിനായി ഒരുങ്ങിക്കഴിഞ്ഞു എന്നത് പുതിയൊരു കാലത്തിന്റെ തുടക്കം കുറിക്കുന്നതാകാം.ചർച്ചാ വേദികളും വായനാ ഗ്രൂപ്പുകളും അതിനുള്ള ശ്രമങ്ങളിൽ തന്നെയാണ്. ഓരോ കാലത്തും വായന അതിന്റെ പുതിയ വസ്ത്രത്തെ എടുത്തണിയാറുണ്ട്. വായനക്കാരന്റെ ആവശ്യമാണ് പ്രധാനവും. എലൈറ്റ് സാഹിത്യം എന്നതിന്റെ അർഥം കൃത്യമായി വിദേശങ്ങളിലുള്ള വായനക്കാർക്ക് അറിയാമെങ്കിലും മലയാളം വായനക്കാർ അതിനെ കുറിച്ച് അത്ര ആഴത്തിൽ പരിശോധിക്കുന്നതേയില്ല. അതുകൊണ്ട് തന്നെ ത്രില്ലെർ സാഹിത്യ രൂപങ്ങളും അവയുടെ ഉപ വിഭാഗങ്ങളും എന്നും അവഗണിക്കപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു മലയാളത്തിന്. ആ ഇടാതെയാണ് ലാജോ ഉൾപ്പെടെയുള്ള നവാഗതരെ തിരികെ നേടാൻ ശ്രമിക്കുന്നത്. അണിയറയിൽ കൂടുതൽ ത്രില്ലറുകൾ വായനക്കാരെ ഭ്രമിപ്പിക്കാനും പരിഭ്രമിപ്പിക്കാനും ഒരുങ്ങുന്നുണ്ട് എന്നത് ആവേശപൂർവ്വം സ്വീകരിക്കുകയാണ് വലിയൊരു സമൂഹം. റൂത്തിന്റെ വായനയും ആ വിപ്ലവത്തിൽ പങ്കെടുക്കുന്നു. ക്രൈം ത്രില്ലറുകളുടെ ലോകത്തിലെ ഉപവിഭാഗമായ സാക്കോളജിക്കൽ ത്രില്ലെർ ഗണത്തിൽ അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷമാണ് റൂത്തിന്റെ ലോകം പുറത്തിറങ്ങുന്നത്. മലയാളത്തിലെ മുൻനിര പ്രസാധകർ തന്നെ അതിനായി രംഗത്തിറങ്ങിയതും റൂത്തിനു ജനസമ്മതി നേടിക്കൊടുത്തു. അതി തീവ്രമായ മനസ്സിന്റെ നിഗൂഢ ലോകം അനാവരണം ചെയ്യപ്പെട്ട ഈ നോവൽ അതിലൂടെ ഒരു കുറ്റകൃത്യത്തിന്റെയും കഥ പറയുന്നു. കയ്യടക്കത്തോടെയും ഭാഷാ ശുദ്ധിയോടെയും ലാജോ ഇത് വായനക്കാർക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നു.
English Summary: Book Review 'Ruthinte Lokam' by Sree Parvathy