ഉറക്കത്തിൽ കണ്ട സ്വപ്നം ഫലിക്കുമോ? സ്വപ്നങ്ങൾക്ക് ജീവിതവുമായി ബന്ധമുണ്ടോ?
ഡിസി ബുക്സ്
വില 560
Mail This Article
അവനു 14 വയസ്സ് ആണു പ്രായം. ഹിസ്റ്റീരിയയുടെ ലക്ഷണങ്ങളുണ്ട്. ഛര്‍ദിയും തലവേദനയും. ഒരിക്കല്‍ ഡോക്ടര്‍ സിഗ്മണ്ട് ഫ്രോയ്ഡിനോട് അവന് കണ്ട സ്വപ്നത്തെക്കുറിച്ചു പറഞ്ഞു.
അമ്മാവനൊത്ത് അവന് ചതുരംഗം കളിക്കുകയാണ്. പലക മുമ്പിലുണ്ട്. കളത്തിലുള്ള ഓരോ സാധ്യതയും പരിമിതിയും അവന് വിവരിക്കുന്നു.
പലകയില്‍ അവനൊരു കഠാര കാണുന്നു. അതവന്റെ അച്ഛന്റെയാണ്. പിന്നെ ഒരു അരിവാളും വളഞ്ഞ് ഒരു കത്തിയും എത്തുന്നു.
അവന്റെ പഴയ വീടിന്റെ മുമ്പിലെ പുല്ല് അരിവാള്‍ കൊണ്ടു ചെത്തിയിരുന്നത് അച്ഛനായിരുന്നു എന്നു ഡോക്ടര്‍ മനസ്സിലാക്കുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്വപ്നം പൂര്‍ണമായി അദ്ദേഹത്തിനു മനസ്സിലായി.
അസുഖകരമായ കുടുംബപശ്ചാത്തലമാണ് അവനെ രോഗിയാക്കിയത്. പരുക്കനും ദേഷ്യക്കാരനുമായ അച്ഛന് അവന്റെ അമ്മയുമായി രമ്യതയിലല്ലായിരുന്നു. ഭീഷണിയുടെ ഭാഷ ഉപയോഗിച്ചാണ് മകനെ വളര്‍ത്തിയത്. സൗമ്യയായ അമ്മയെ ഉപേക്ഷിച്ച് അച്ഛന് ഒരു ചെറുപ്പക്കാരിയെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവന്റെ പ്രശ്നങ്ങള്‍ തുടങ്ങി.
മനസ്സില്‍ കണ്ട ചിത്രങ്ങളെല്ലാം അച്ഛനോട് അവനു തോന്നിയ അടിച്ചമര്‍ത്തപ്പെട്ട ദേഷ്യമായിരുന്നു. കേട്ട പുരാണകഥകളിലെ ചിത്രങ്ങളിലും അതിനു സഹായകരമായി. സ്വന്തം പിതാവിന്റെ ലിംഗം സിയൂസ് മുറിച്ചുമാറ്റിയത് അരിവാള്‍ കൊണ്ടായിരുന്നു. വളഞ്ഞ കത്തിയും പണിക്കാരനും ക്രോണോസ് ആണ്- സ്വന്തം കുഞ്ഞുങ്ങളെ തിന്ന ഭീകരന്.
സീയൂസ് അയാളോട് പ്രതികാരം ചെയ്യുന്നുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ലിംഗത്തില്‍ തൊട്ടുകളിച്ചതിന് അച്ഛന് അവനോട്ദേഷ്യപ്പെട്ടതിന്,
പലകയില്‍ കഠാരയും നിഷിദ്ധ നീക്കങ്ങളും അവതരിച്ചു. മേമ്പൊടിയായി പുതിയ കല്യാണവും. ഇതെല്ലാം അടിച്ചമര്‍ത്തപ്പെട്ട ഓര്‍മകളാണ്. അതെല്ലാം അര്‍ഥമില്ലാത്ത ചിത്രങ്ങളായി സുബോധ മനസ്സിലേക്ക് ഒളിഞ്ഞുകയറുന്നു.
സ്വപ്നത്തെക്കുറിച്ചുള്ള പഠനത്തിന്റെ സൈദ്ധാന്തിക മൂല്യം സൈക്കോ ന്യൂറോസിസ് പഠനത്തെ എങ്ങനെ സഹായിക്കും എന്നു ചിന്തിക്കുമ്പോഴാണ് സിഗ്മണ്ട് ഫ്രോയ്ഡ് കൗമാരക്കാരന്റെ സ്വപ്നത്തെ അപഗ്രഥിച്ചത്. ഒരു വ്യക്തിയുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ ഈ പഠനം എത്രമാത്രം പ്രയോജനപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
സ്വപ്നം വെളിപ്പെടുത്തുന്ന അബോധ ഉത്തേജനങ്ങള്‍ക്ക് മാനസിക ജീവിതത്തിന്റെ യഥാര്‍ഥ ശക്തികളുടെ മൂല്യം അവകാശപ്പെടാന്‍ കഴിയില്ലേ എന്ന വഴിക്കും ഫ്രോയ്ഡ് ചിന്തിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ മൂല്യങ്ങളെ നാം കുറച്ചു കാണേണ്ടതുണ്ടോ അവ സ്വപ്നങ്ങളെപ്പോലെ മറ്റെന്തെങ്കിലും സൃഷ്ടിക്കുമോ എന്നുമുള്ള പഠനത്തിലേക്കും അദ്ദേഹത്തിന്റെ ഗവേഷണം നീളുന്നു.
ഭാവിയെക്കുറിച്ചുള്ള അറിവില്‍ സ്വപ്നങ്ങള്‍ക്കു മൂല്യമുണ്ടെന്നാണ് ഫ്രോയ്ഡ് പറയുന്നത്. ഭാവിയറിയണമെങ്കില്‍ ഭൂതകാലമറിയണം. എല്ലാ അര്‍ഥത്തിലും ഭൂതകാലത്തില്‍നിന്നാണു സ്വപ്നമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ സ്വപ്നം ഭാവിയെ കാണിക്കുന്നു എന്ന പഴയ വിശ്വാസം പൂര്‍ണമായും തെറ്റാണെന്നു പറയാനും കഴിയില്ല. ആഗ്രഹ സാഫല്യത്തിലൂടെ സ്വപ്നം ഭാവിയിലേക്കു നയിക്കുന്നു.
20-ാം നൂറ്റാണ്ടിന്റെ സാഹിത്യത്തെയും സംസ്കാരത്തെയും ചിന്തകളെയും ഏറ്റവുമധികം സ്വാധീനിച്ച ഒരു പുസ്തകത്തിലാണ് സ്വപ്നങ്ങളെ സൈക്കോ ന്യൂറോസിസുമായി ബന്ധപ്പെടുത്തി ഫ്രോയ്ഡ് ചിന്തിച്ചത്.
വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ കുപ്രസിദ്ധമായ ഈഡിപ്പസ് കോംപ്ലക്സിലേക്കും.
സ്വപ്നങ്ങളെ വിശകലനം ചെയ്യാന്‍ പഠിപ്പിച്ച ഫ്രോയ്ഡിന്റെ ഇതിഹാസ പുസ്തകം ഒരു നൂറ്റാണ്ടിനുശേഷവും ഇന്നും ഏറ്റവും പുതിയ തലമുറയ്ക്കും പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ, ഇനി വരാനിരിക്കുന്ന തലമുറകള്‍ക്കും.
ഗീതാഞ്ജലിയാണു പുസ്തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത്.
English Summary: Swapnangalude Vyakhyanam by Sigmund Freud