അശ്ലീലചർച്ചകൾ ചൂടുപിടിക്കുകയും വേഗം അവസാനിക്കുകയും ചെയ്യും, നല്ല കഥകൾ അവശേഷിക്കും
ഡിസി ബുക്സ്
വില 150
Mail This Article
വിനോയ് തോമസിന്റെ കഥയിൽനിന്ന് ഒരുക്കിയ ചുരുളി എന്ന സിനിമ വിവാദമായത് കഥാപാത്രങ്ങളുടെ അശ്ലീല സംഭാഷണം കൊണ്ടാണ്. പൊതു സമൂഹത്തിൽ പറയാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ അശ്ലീല വാക്കുകൾ നിർലോഭം ഉപയോഗിച്ച് സവിശേഷമായ ഒരു സ്ഥലത്തിന്റെയും പ്രത്യേക ജനവിഭാഗത്തിന്റെയും കഥയാണ് ചുരുളിയിൽ പറഞ്ഞത്. കഥയിൽ വലിയ പ്രത്യേകതയൊന്നും ഇല്ലാതിരിക്കുകയും സിനിമാറ്റിക്കായി പരാജയപ്പെടുകയും ചെയ്തതോടെ ചുരുളിയിലെ അശ്ലീലം മാത്രം ചർച്ചയുടെ കേന്ദ്രസ്ഥാനത്തേക്ക് ഉയർന്നു. പക്ഷവും മറുപക്ഷവുമായി വാദങ്ങൾ ഉയരുന്നതിനിടെയാണ് വിനോയ് തോമസിന്റെ പുതിയ കഥാസമാഹാരം പുറത്തുവരുന്നത്- ‘അടിയോർ മിശിഹ എന്ന നോവൽ’. കോവിഡ് കാലം കൂടി പ്രമേയവും പശ്ചാത്തലവുമാകുന്ന അഞ്ചു പുതിയ കഥകളുടെ സമാഹാരം.
അശ്ലീലം എന്നു പറയപ്പെടുന്ന ഭാഷ വിനോയ് തോമസിന്റെ ഒരു കഥയുടെ മാത്രം പ്രത്യേകതയല്ലെന്ന് പുതിയ കഥകൾ ഒരിക്കൽക്കൂടി അടിവരയിടുന്നു. വാക്കുകളിലെ, സംഭാഷണങ്ങളിലെ അശ്ലീലം ഈ കഥകളിലും നിർലോഭമായുണ്ട്. അവ എല്ലാ വിഭാഗം വായനക്കാർക്കും രസിക്കില്ലെന്നു തീർച്ച. അശ്ലീലം അവഗണിച്ചു കഥകളെ തുറന്ന മനസ്സോടെ സമീപിച്ചാലും സവിശേഷമായ അനുഭൂതികളൊന്നും പ്രദാനം ചെയ്യുന്നില്ല പുതിയ കഥകളും. ചിന്തിപ്പിക്കുന്നില്ലെങ്കിലും ചിരിപ്പിക്കുന്നുണ്ട് എന്ന ആശ്വാസമുണ്ട്. പ്രണയവും സൗഹൃദവും ഉൾപ്പെടെയുള്ള കാൽപനിക വികാരങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ചു ചിരിക്കുകയാണ് എഴുത്തുകാരൻ. കൊട്ടിഘോഷിക്കുന്ന പല വികാരങ്ങളും യഥാർഥത്തിൽ ഉപരിപ്ലവം മാത്രമാണെന്ന് ചില വ്യക്തികളുടെ ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിട്ട് വിനോയ് തോമസ് മാറിനിൽക്കുന്നു, ഞാൻ എന്റെ കടമ നിറവേറ്റി എന്ന ഭാവത്തോടെ.
മനുഷ്യരിലല്ല അവരുടെ കഥകളിലാണ് താൽപര്യം എന്ന് എഴുത്തുകാരൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നാട്ടിൽ പരിചയമുള്ളവരുടെ ജീവിതങ്ങളിൽ നിന്നാണ് കഥകൾ മെനഞ്ഞതെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. എരിവും പുളിയുമുള്ള കഥകളായിരുന്നു അവ. എന്നാൽ ‘രാമച്ചി’ പോലുള്ള കഥകളിലൂടെ അഗാധമായ ഭാവങ്ങൾ ആവിഷ്‌കരിക്കാനും കരുത്തുണ്ടെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽനിന്ന് പുറത്തുകടന്നപ്പോൾ പരിചയപ്പെട്ട മനുഷ്യരിലും നിറയെ കഥകളാണെന്ന് എഴുത്തുകാരൻ തിരിച്ചറിഞ്ഞത് പലരെയും പുതുതായി പരിചയപ്പെട്ടപ്പോഴാണ്. അവരുടെ കഥകളാണ് പുതിയ സമാഹാരത്തിലുള്ളത്.
പ്രണയത്തിന്റെ പരിവേഷം ചാർത്തി ആഘോഷിക്കുന്ന അവിഹിത ബന്ധത്തിന്റെ ഗതിവിഗതികളാണ് ആദ്യ കഥയായ ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയിൽ കരി പൂശിയ വാവും’ എന്ന കഥയിലുള്ളത്. ലോപ്പസ് എന്ന എഴുത്തുകാരനും രഞ്ജിനി രാപ്പാടി എന്ന ടീച്ചറും തമ്മിലുള്ള വിവാഹ ബാഹ്യ ബന്ധത്തിന്റെയും അവരൊരുമിച്ചു നടത്തുന്ന യാത്രയുടെയും ആന്റി ക്ലൈമാക്‌സിന്റെ കഥ. ആക്ഷേപഹാസ്യ ശൈലിയിലാണ് കഥ പറയുന്നത്. രസിച്ചിരുന്നു വായിക്കാവുന്ന ഭാഷയാണ് വിനോയ് തോമസിന്റെത്. മുതിർന്ന പ്രായത്തിലുള്ള മൊബൈൽ പ്രണയത്തെ എഴുത്തുകാരൻ ആവോളം കുടയുന്നുമുണ്ട്. കഥയും കവിതയും എഴുത്തുകാരുടെ ജീവിതവുമായി ബന്ധപ്പെട്ട കാൽപനിക ധാരണകളാണ് ഇവിടെ പൊളിഞ്ഞുവീഴുന്നത്. അപ്രതീക്ഷിതമായ ചില യാഥാർഥ്യങ്ങളെ നേരിടുന്നതോടെ കുപ്പിച്ചില്ല് പോലെ പൊടിഞ്ഞുതകരുകയാണ് പ്രണയ-കാൽപനിക സ്വപ്‌നങ്ങൾ.
മിക്ക കഥകളെയും ശ്രദ്ധേയമാക്കുന്നത് ഒരു തരത്തിലുമുള്ള സെൻസർഷിപ്പുമില്ലാതെ തിഞ്ഞെടുക്കുന്ന വിഷയങ്ങളും ഭാഷയുമാണ്. ‘അടിയോർ മിശിഹ എന്ന നോവലി’ൽ ഒരു പഞ്ചായത്ത് മെംബറുടെ രസകരവും വിചിത്രവുമായ ജീവിതമാണ് പറയുന്നത്. ലൂക്കാമഹറോൻ കഥകളിൽ ഏതാനും സുഹൃത്തുക്കളുടെ ക്വാറന്റീൻ കാലത്തെ രസകരമായ കഥപറച്ചിൽ പുനരാവിഷ്‌കരിക്കുന്നു. സ്ത്രീവിരുദ്ധമെന്നും സംസ്‌കാരത്തിനു ചേരാത്തതെന്നും ആക്ഷേപിക്കപ്പെടാവുന്നതാണ് ഈ കഥകൾ. ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെയാണ്, അല്ലെങ്കിൽ ഇതും ജീവിതം തന്നെ എന്നായിരിക്കും എഴുത്തുകാരന്റെ ജാമ്യം. ഇതും ജീവിതം തന്നെയാണ്. അശ്ലീലം പൂർണമായി ഒഴിവാക്കണമെന്ന പുരോഗമന നാട്യം പുലർത്തുന്നതിലും കാര്യമില്ല. എന്നാൽ, കഥകളെ ഇഷ്ടപ്പെടണമെങ്കിൽ അവയ്ക്ക് ആഴം വേണം. രസകരമായ ശൈലി മാത്രം പോരാ. കഥകൾ മനസ്സിൽ നിലനിൽക്കുകയും വേണം. മുഷിപ്പിക്കാതെ കഥ പറഞ്ഞ് വായനക്കാരെ പിടിച്ചിരുത്താൻ കഴിവുള്ള വിനോയ് തോമസിൽനിന്ന് മലയാളത്തിനു വേണ്ടത് മികച്ച കഥകളാണ്. എരിവും പുളിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന കഥകളാണ് വായനക്കാർ ഇഷ്ടപ്പെടുക. അശ്ലീല ചർച്ചകൾ തുടങ്ങുകയും വേഗം അവസാനിക്കുകയും ചെയ്യും. അവശേഷിക്കുന്നത് നല്ല കഥകളായിരിക്കും. അടിയോർ മിശിഹിയിലെ റോൾസൺ എന്ന പഞ്ചായത്ത് അംഗത്തെപ്പോലെ നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ചിലപ്പോൾ മനസ്സിലാക്കാത്ത അവസ്ഥയുണ്ടാകും. എന്നാലും വിരുദ്ധ പാർട്ടിയിൽപെട്ടവരായാലും റോൾസണെത്തന്നെ നോക്കിയിരിക്കുന്ന സഖാവ് ഷേർളിയെപ്പോലെ നല്ല കഥകൾക്കു വേണ്ടി വായനക്കാർ കാത്തിരിക്കുന്നു.
Content Summary: Adiyor Mishiha Enna Novel book written by Vinoy Thomas