ADVERTISEMENT

അധ്യായം 12 – യാഗാഗ്നി

 

യാഗകുണ്ഡത്തില്‍ അഗ്നിജ്വലിച്ചു.ഹോമദ്രവ്യങ്ങള്‍ അതിലേക്ക് സമര്‍പ്പിച്ചു. അന്തരീക്ഷം മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായി. സമര്‍പ്പിതഭാവത്തില്‍ പ്രാര്‍ത്ഥനാഭരിതമായ മനസോടെ ജനങ്ങള്‍ അണിനിരന്നു.

ശുഭ്രാകാശത്ത് കാര്‍മേഘത്തിന്റെ ഒരു ചീള്..

നഗ്നദേഹത്ത് വന്നു പതിക്കുന്ന മഴത്തുളളികള്‍..

എല്ലാവരും ആ സുവര്‍ണ്ണ നിമിഷത്തിനായി കൊതിച്ചു.

ദിവസങ്ങളോളം നീണ്ടു നിന്നു യാഗം. ഹവിസ്സ് ചുറ്റിലും നിറഞ്ഞു. ആകാംക്ഷയുടെ പരമോന്നതിയിലായിരുന്നു ലോമപാദന്‍. ഇത് അവസാന പരീക്ഷണമാണ്. ഇതും പരാജയപ്പെട്ടാല്‍ പിന്നെ താന്‍ സിംഹാസനത്തിന് യോഗ്യനല്ല. ഒരു ജനതയുടെ അടിസ്ഥാനപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശേഷിയില്ലാത്ത മഹാരാജാവ്. ചരിത്രം തന്നെ അങ്ങനെ എഴുതി തളളും. അതിലും ഭേദം ആത്മഹത്യയാണ്.

പക്ഷെ ഈശ്വരന്‍ തന്നെ അങ്ങനെ കൈവിടുമോ?

പെട്ടെന്ന് അഗ്നിയില്‍ മുത്തുവിന്റെ മുഖം തെളിഞ്ഞു. ലോമപാദന്‍ ഒന്ന് നടുങ്ങി. പാപഭാരവും കുറ്റബോധവും കൊണ്ട് ആ ശിരസ് കുനിഞ്ഞു. ഈശ്വരാ... എന്റെ തെറ്റ്... എന്റെ വലിയ തെറ്റ്... അതിന്റെ പേരില്‍ നിഷ്‌കളങ്കരായ ഈ ജനത ശിക്ഷിക്കപ്പെടരുതേ.. ലോമപാദന്‍ ഉളളുരുകി പ്രാര്‍ത്ഥിച്ചു. മനസറിഞ്ഞുളള പശ്ചാത്താപം ഫലം കാണിക്കുമെന്ന വിശ്വാസത്തെ മുറുകെ പിടിച്ചു. എല്ലാ ശാപങ്ങളും പാപങ്ങളും അഗ്നിശുദ്ധി വരുത്തി വിമലീകരിക്കപ്പെട്ടു.

ഉച്ചവെയിലില്‍ കാര്‍മേഘം സൂര്യനെ മറച്ചു. വെളിച്ചം മങ്ങി. അംഗദേശത്ത് നേര്‍ത്ത ഇരുള്‍ പടര്‍ന്നു. കാറ്റ് അഗ്നിജ്വാലകളെ ഉലച്ചു. അഗ്നിനാളങ്ങള്‍ വിറയാര്‍ന്നു.

ആദ്യതുളളി ഋഷ്യശൃംഗന്റെ ചുമലിലേക്ക് വന്ന് പതിച്ചു. രണ്ടാമത്തെ തുളളി ആ ചുണ്ടിലും.. ഋഷ്യശൃംഗന്‍ നാവ് നീട്ടി രുചിച്ചു. തീര്‍ത്ഥവിശുദ്ധമായ ജലം. പിന്നെ തുളളിക്കൊരുകുടം പേമാരിയായിരുന്നു.. മഴ മുടിയഴിച്ചിട്ട് തുളളി കൊടുംകാറ്റില്‍ മരങ്ങള്‍ ഉലഞ്ഞു. അടര്‍ന്ന് വീണു. മഴ അലറിപെയ്തു. ശരിക്കും സംഹാരതാണ്ഡവമാടി ജനം മഹാമഴയില്‍ ആനന്ദനൃത്തം ചെയ്തു. ആടിപ്പാടിയും അലറിക്കൂവിയും തിമിര്‍ത്തു. എങ്ങും ആഹ്‌ളാദം അലതല്ലി..

ലോമപാദന്റെ മുഖം ആത്മനിര്‍വൃതിയാല്‍ പുളകിതമായി. ശാന്തയുടെ കണ്ണുകള്‍ ചുറ്റിലും തിരഞ്ഞു.

എവിടെ വൈശാലി? വൈശാലി എവിടെ?

ജീവന്‍ പണയം വച്ച് അംഗരാജ്യത്തെ രക്ഷിച്ച ആ മഹാമനസ് എവിടെ?

ആരും തിരക്കിയില്ല. ആരും പരാമര്‍ശിച്ചില്ല. ചെയ്ത ജോലിക്ക് കൂലി വാങ്ങി യാത്ര പറഞ്ഞുപോയ ഒരു കുലട. വൈശാലിയുടെ പ്രസക്തി അതിലൊതുങ്ങുന്നു.

മഴ നിന്ന് പെയ്തു. നിര്‍ത്താതെ പെയ്തു. ദിവസങ്ങളോളം..

കുളങ്ങളും തോടുകളും കിണറുകളും നദികളും നിറഞ്ഞ് കവിഞ്ഞു. നിരത്തുകളില്‍ വെളളം തളം കെട്ടി. ഒരു പൂവ് ചോദിച്ചപ്പോള്‍ പ്രപഞ്ചം കനിഞ്ഞു തന്നത് ഒരുപാട് വസന്തങ്ങള്‍. യാഗകുണ്ഡം അണഞ്ഞു. യാഗം അവസാനിച്ചു.

കൊട്ടാരത്തിലെ ശയ്യാതലത്തില്‍ ജനാലയ്ക്കപ്പുറം തിമിര്‍ക്കുന്ന മഴയുടെ ഭംഗി നോക്കി ഋഷ്യശൃംഗന്‍ നിന്നു. ചൂടുളള ചുക്കുകാപ്പിയുമായി ശാന്ത അവിടേക്ക് ചെന്നു. പുഞ്ചിരിയോടെ അത് കയ്യില്‍ വാങ്ങി അല്‍പ്പാല്‍പ്പമായി നുണഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

'മഴയ്ക്ക് എന്തൊരു ഭംഗി അല്ലേ?' ശാന്ത പതുക്കെ ചിരിച്ചു.

'എല്ലാം അവിടത്തെ അനുഗ്രഹം'

'അല്ല. ദൈവഹിതം' ഋഷ്യശൃംഗന്‍ തിരുത്തി.

ഒരുമിച്ച് നിന്നുളള ആ വര്‍ത്തമാനം എതിര്‍വശത്തെ ജനാലയിലൂടെ കണ്ട് ലോമപാദന്‍ വര്‍ഷിണിയോട് പറഞ്ഞു. 'നമ്മുടെ മകള്‍ മുനികുമാരന്റെ മനസിലുടക്കിന്ന് തോന്നുന്നു.'

'അതിനല്ലേ പരിചാരകര്‍ ഏറെയുണ്ടായിട്ടും ചുക്കുകാപ്പിയുമായി ഞാന്‍ അവളെ തന്നെ അയച്ചത്.'

'വശീകരണവിദ്യയില്‍ നീയും മോശമല്ല.'

വര്‍ഷിണി ലജ്ജയോടെ അദ്ദേഹത്തെ ചൂണ്ടുവിരല്‍ കൊണ്ട് കുത്തി.

'ശാന്ത മൃദുമാനസയായ കുട്ടിയാണ്. ക്ഷത്രിയരാജകുമാരന്‍മാരുടെ ശൗര്യവും വീര്യവുമൊന്നും അവള്‍ക്ക് ദഹിച്ചെന്ന് വരില്ല. അതുകൊണ്ട്..'

ലോമപാദന്‍ എവിടേക്കാണ് പോകുന്നതെന്ന് വര്‍ഷിണിക്ക് മനസിലായി. 'അവള്‍ക്കും അദ്ദേഹത്തിനും സമ്മതമാകണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.'

'പിന്നെ വിഭാണ്ഡകമുനിക്കും..' ലോമപാദന്‍ പൂരിപ്പിച്ചു.

'എല്ലാം ഈശ്വരനിശ്ചയം പോലെ സംഭവിക്കട്ടെ' വര്‍ഷിണി മുകളിലേക്ക് നോക്കി കൈകൂപ്പി. ലോമപാദന്‍ ചെറുതായി പരിഹസിച്ചു. 'ഈ പെണ്ണുങ്ങള്‍ക്ക് എല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്.'

'ഈ ശുഭമുഹൂര്‍ത്തത്തില്‍ ദൈവനിന്ദ വേണ്ട.' വര്‍ഷിണി ഓര്‍മ്മിപ്പിച്ചു.

'കാര്യം ആര് അവതരിപ്പിക്കുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. എങ്ങനെ അവതരിപ്പിക്കുമെന്നും..' ലോമപാദന്‍ ആലോചനകളുടെ ഗൗരവം പൂണ്ടു.

'വിഭാണ്ഡകമുനിയോട് തന്നെ തുറന്ന് പറയുന്നതാണ് ഉചിതം.' വര്‍ഷിണി പറഞ്ഞു.

'ഞാനും അത് ആലോചിക്കാതിരുന്നില്ല. അദ്ദേഹം മകനെ അന്വേഷിച്ചെത്താന്‍ എന്താണിത്ര വൈകുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്.'

'വരും. വരാതിരിക്കില്ല' വര്‍ഷിണിക്ക് അക്കാര്യത്തില്‍ സംശയമില്ലായിരുന്നു.

പുറത്ത് ആരവം ഉയര്‍ന്നു. മഴയില്‍ നനഞ്ഞ് ജടാധാരിയായ വിഭാണ്ഡകന്‍ പല്ലക്കില്‍ വന്നിറങ്ങുന്നത് ജനാലയിലൂടെ മഹാരാജാവ് കണ്ടു.

'പറഞ്ഞ് നാവെടുത്തില്ല. അതിന് മുന്‍പേ മഹാമുനി എത്തി.' ലോമപാദന്‍ പറഞ്ഞു. വര്‍ഷിണിയുടെ മുഖം വിവര്‍ണ്ണമായി.

'കോപിക്കുമോ അദ്ദേഹം' അവള്‍ ആശങ്ക പ്രകടിപ്പിച്ചു.

'ലക്ഷണപ്രകാരം സാധ്യത കുറവാണ്. കൈനീട്ടി മഴയുടെ സൗന്ദര്യം ആസ്വദിക്കുന്നുണ്ട് അദ്ദേഹം'. ഒന്ന് നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ച് ലോമപാദന്‍ കല്‍പ്പിച്ചു.

''ആരവിടെ വിഭാണ്ഡക മഹര്‍ഷിയെ സമുചിതമായി സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ ചെയ്യു.' പുറത്ത് അംഗരക്ഷകര്‍ ചലിച്ചു.

രാജാവും മന്ത്രിയും പുരോഹിതനും സര്‍വസൈന്ന്യാധിപനും അടക്കമുളള പ്രമുഖര്‍ കവാടത്തിലേക്ക് നീങ്ങി. മഹാമുനിയുടെ കാലില്‍ വീണ് ക്ഷമാപണം ചെയ്തുകൊണ്ടാണ് ലോമപാദന്‍ തുടക്കമിട്ടത്. വിഭാണ്ഡകന് ആ നീക്കം നന്നേ ബോധിച്ചു.

'എവിടെ എന്റെ മകന്‍?' ആദ്യത്തെ ചോദ്യം അതായിരുന്നു. 

'സുരക്ഷിതമായി കൊട്ടാരത്തിലെ ശയ്യാതലത്തിലുണ്ട്'

'വിളിക്കൂ.. അവനെ'

വിളിക്കേണ്ടി വന്നില്ല. പതുങ്ങിയ കാല്‍വയ്പുകളുമായി ഋഷ്യശൃംഗന്‍ അവിടേക്ക് നടന്ന് വന്നു. പിന്നില്‍ വര്‍ഷിണിയും ശാന്തയുമുണ്ടായിരുന്നു.

അച്ഛനെ കണ്ടപാടെ ആ കാല്‍പാദങ്ങളിലേക്ക് ഋഷ്യശൃംഗന്‍ സാഷ്ടാംഗം നമസ്‌കരിച്ചു.

'അച്ഛന്‍ എന്നോട് ക്ഷമിക്കണം. ഒരു മഹാജനതയുടെ ദുഖം. ജീവന്‍ രക്ഷിക്കാന്‍ അവിടത്തെ അനുവാദമില്ലാതെ പുറപ്പെടേണ്ടി വന്നു' മകനെ പിടിച്ചുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

'അറിയിച്ചില്ലെങ്കിലും എന്റെ അനുഗ്രഹം നിനക്കൊപ്പമുണ്ടായിരുന്നു. എന്നും..'

ഋഷ്യശൃംഗന്‍ ആശ്ചര്യത്തോടെ അച്ഛനെ നോക്കി. 'വിശ്വസിക്കാനാവുന്നില്ല. ചെയ്തത് തെറ്റ്. മാപ്പര്‍ഹിക്കാത്ത തെറ്റ്'

വിഭാണ്ഡകന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.

'തെറ്റല്ല. ശരി. ഏറ്റവും വലിയ ശരി. ഒരു മനുഷ്യാത്മാവിന് കുടിവെളളം നല്‍കുന്നത് തന്നെ പുണ്യം. ഇവിടെ ജനകോടികള്‍ക്ക് നീ അതിന് നിമിത്തമായി. അതില്‍പരം പുണ്യം മറ്റൊന്നില്ല മകനേ..'

ഋഷ്യശൃംഗന്റെ കണ്ണുകള്‍ നിറഞ്ഞു. അതിന്റെ ഉപ്പുരസം മഴയില്‍ അലിഞ്ഞു.

'അവിടന്ന് അകത്തേക്ക് വന്നാലും..' മഹാരാജാവ് ഇരുകരങ്ങളും നീട്ടി ആദരവോടെ ക്ഷണിച്ചു.

'കൊട്ടാരത്തിലെ ആഢംബരങ്ങള്‍ എന്റെ വഴിയല്ല. കാട്ടിലേക്ക് മടങ്ങേണ്ടതുണ്ട്. ഇവനെ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് തോന്നി. അതിനായ് മാത്രം വന്നതാണ്.'

ലോമപാദന്‍ തലചൊറിഞ്ഞു. 'മറ്റ് ചിലത് കൂടി മനസിലുണ്ട്. അവിടത്തെ അനുഗ്രഹം വേണം'

വിഭാണ്ഡകന്‍ ചിരിച്ചു. 'മനസിലായി. അത് അവന് വിധിക്കപ്പെട്ടതാണ്. ആര് അനുഗ്രഹിച്ചാലും ഇല്ലെങ്കിലും ശരി അവന് ലഭിക്കുക തന്നെ ചെയ്യും'

'പാണിഗ്രഹണത്തില്‍ അവിടന്ന് കൂടി പങ്കെടുക്കണമെന്നാണ് ആശ.'

'എന്റെ മനസ് കൂടെയുണ്ടാവും' പല്ലക്കില്‍ മടങ്ങും മുന്‍പ് നെറുകയില്‍ കൈവച്ച് ഋഷ്യശൃംഗനെയും ശാന്തയെയും അദ്ദേഹം ആശീര്‍വദിച്ചു. യാത്രാവന്ദനം പോലെ ലോമപാദന്‍ കൈകൂപ്പിയപ്പോള്‍ ചിരിച്ചുകൊണ്ട് മുനി പറഞ്ഞു. 'വളഞ്ഞവഴികള്‍ വേണ്ടിയിരുന്നില്ല. നേര്‍ക്കുനേര്‍ കാര്യം പറഞ്ഞിരുന്നെങ്കില്‍ ഋഷ്യശൃംഗനെ ഞാന്‍ അയക്കുമായിരുന്നു. ധ്യാനത്തേക്കാള്‍ വലുതാണ് ഒരു ജനതയുടെ ജീവന്‍.'

ലോമപാദന്‍ താണുവണങ്ങി. 'ക്ഷമിക്കണം. സംഭവിച്ചുപോയി'

'ക്ഷമയെന്തിന്? നിങ്ങള്‍ ജനങ്ങളെ സ്‌നേഹിക്കുന്ന ഭരണാധികാരിയാണ്. ഞാന്‍ എന്റെ ഭാഗം പറഞ്ഞെന്ന് മാത്രം'

പല്ലക്ക് അകന്നു. ഋഷ്യശൃംഗന്‍ തൊഴുകൈയോടെ അത് നോക്കി നിന്നു. അച്ഛന്റെ മനസിലെ മാനുഷികഭാവങ്ങള്‍ തിരിച്ചറിയാന്‍ വൈകിയതില്‍ അദ്ദേഹം പരിതപിച്ചു.

മഴ അപ്പോഴും നിറഞ്ഞു പെയ്തു.

തോരാത്ത മഴ...

(തുടരും)

Content Summary: Santha, Episode 12, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com