ADVERTISEMENT

കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’. പൃഥ്വിരാജ് ആണ് യഥാർഥ കടുവ. എന്നാൽ വില്ലൻ വേഷത്തിലെത്തുന്ന വിവേക് ഒബ്റോയിയും കടുവയെ തോൽപിക്കുന്ന ശൗര്യത്തിന് ഉടമയാണെന്നു സംവിധായകൻ ഷാജി കൈലാസ് പറയുന്നു.ശരിക്കും രണ്ടു കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ ചിത്രം.തൊണ്ണൂറുകളിൽ പാലായിൽ നടക്കുന്ന കഥയാണ് ഇത്.പാലാക്കാരും ഒരേ പള്ളിയിലെ അംഗങ്ങളുമായ രണ്ടു പേർ. യുവ പ്ലാന്റർ കുറുവച്ചനായി പൃഥ്വിരാജും ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് ചാണ്ടിയായി വിവേക് ഒബ്റോയിയും എത്തുമ്പോൾ പതിവ് ഷാജി കൈലാസ് സിനിമകളിലെ പോലെ സ്ക്രീനിൽ തീപ്പൊരി ചിതറും. അതിനായി 5 സംഘട്ടന രംഗങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.സംഘട്ടന രംഗങ്ങളിൽ പൃഥ്വിരാജ് കാട്ടുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്നും പണ്ട് മോഹൻലാൽ സിനിമകളിലെ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന എനർജിയാണ് പൃഥ്വിരാജിൽ കണ്ടതെന്നും ഷാജി പറയുന്നു. പതിവു ഷാജി കൈലാസ്‍ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി 3 പാട്ടുകളും ഉണ്ട്.

 

മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ‘കടുവ’എന്നു പൃഥ്വിരാജ് പറയുന്നു.2019ൽ ആണ് ഈ സിനിമയുടെ കഥ ഞാൻ കേൾക്കുന്നത്.കഥ കേട്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയതു പഴയ കാല ഷാജി കൈലാസ് ചിത്രങ്ങളാണ്.അപ്പോൾ തന്നെ ഷാജിയേട്ടനെ വിളിച്ചു.അദ്ദേഹം സംവിധാനം ഏറ്റെടുക്കാൻ തയാറായി.വലിയ ക്യാൻവാസിൽ മു‍ൻപ് നമ്മൾ കണ്ടിട്ടുള്ള ജോഷി,ഷാജി കൈലാസ് സിനിമകളുടെ അതേ രസം പകരുകയാണ് ‘കടുവ’യുടെ ലക്ഷ്യം.ഇത്തരം മാസ് ആക്ഷൻ എൻർടെയ്നറുകളുടെ അഭാവം മലയാളത്തിൽ ഉണ്ടെന്നു തോന്നിയതിനാൽ നിർമാണം ഞാൻ സ്വയം ഏറ്റെടുത്തു.സമീപ കാലത്ത് ഇത്തരം ചിത്രങ്ങൾക്കു പ്രസക്തി കൂടുതലാണ്.ഫൈറ്റ് രംഗങ്ങളിൽ ഞാൻ മികവ് കാട്ടിയോ എന്നു പറയേണ്ടതു ഷാജിയേട്ടനാണ്.എന്റെ അഭിനയം എങ്ങനെ ഉണ്ടെന്നു സംവിധായകനാണല്ലോ പറയേണ്ടത്.എന്തായാലും ‘കടുവ’യുടെ പ്രത്യേകതകൾ പറയാനോ അവകാശ വാദങ്ങൾ ഉന്നയിക്കാനോ തുനിയുന്നില്ല.മുൻ വിധികൾ ഇല്ലാതെ ചിത്രത്തെ പ്രേക്ഷകർ വിലയിരുത്തട്ടെ.’’–പൃഥ്വിരാജ് പറയുന്നു.

 

‘കടുവ’യിൽ പൃഥ്വിരാജിന് ഒപ്പം മോഹൻലാലിനെ കൂടി അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നു. പക്ഷെ വിവിധ കാരണങ്ങളാൽ നടന്നില്ല.കഥയുടെ നിർണായക ഘട്ടത്തിൽ അപ്രതീക്ഷിതമായി മോഹൻലാൽ പ്രത്യക്ഷപ്പെടുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇക്കാര്യം അവർ ഷാജി കൈലാസിനോട് ചോദിച്ചു കൊണ്ടിരിക്കുന്നു.

കടുവ’യിൽ മോഹൻലാലിനെ കൊണ്ടു വരണമെന്നു തങ്ങൾ ആഗ്രഹിച്ചിരുന്നതായി ഷാജി പറയുന്നു.പക്ഷേ നടക്കാത്തതിനാൽ വേണ്ടെന്നു വച്ചു. ലാൽ ഈ ചിത്രത്തിലെ ഒരു സീനിൽ പോലും പ്രത്യക്ഷപ്പെടുന്നില്ല.

 

kaduva-jeep

ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ചു പൂർത്തിയാക്കിയ സിനിമയാണ് ‘കടുവ’. കേസുകൾ,പ്രളയം,ഉരു‍ൾ പൊട്ടൽ,കോവിഡ് എന്നിവയെല്ലാം മറികടന്നു ചിത്രം പൂർത്തിയാക്കാൻ 2 വർഷം എടുത്തു.ഷാജിയുടെ നാൽപത്തിനാലാം ചിത്രമാണ് ‘കടുവ’.മോഹൻലാലിനെ നായകനാക്കി പൂർത്തിയാക്കിയ ‘ എലോൺ’അദ്ദേഹത്തിന്റെ നാൽപത്തഞ്ചാം സിനിമ ആണ്. ‘കടുവ’യെ കുറിച്ചു ഷാജി സംസാരിക്കുന്നു.

 

ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണല്ലോ?

 

kaduva-34

‘‘എട്ടു വർഷത്തിനു ശേഷമാണ് മലയാളത്തിൽ എന്റെ സിനിമ ഇറങ്ങുന്നത്.അവസാനം എടുത്ത ‘ജിഞ്ചർ’,‘മദിരാശി’ എന്നിവ തമാശപ്പടങ്ങൾ ആയിരുന്നു.ഷാജി കൈലാസ് തമാശപ്പടം എടുക്കേണ്ടെന്നു ജനം വിധി എഴുതി. രണ്ടു സിനിമകളും പരാജയപ്പെട്ടു. തുടർന്ന് എന്റെ ശൈലിക്കു പറ്റിയ  കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. അത് 6 വർഷം നീണ്ടു.ഇതിനിടെ പുതിയ നായകനെ വച്ചു തമിഴിൽ 3 ചിത്രം സംവിധാനം ചെയ്തു. സിനിമയിൽ  നിന്നു വിട്ട് തിരുവനന്തപുരത്ത് ഭാര്യ ആനിയും മകൻ ജഗനും നടത്തുന്ന റസ്റ്ററന്റിന്റെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായി. ‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് പൃഥ്വിരാജ് എന്നെ ‘കടുവ’ ചെയ്യാൻ വിളിച്ചത്.നിർമാണം തുടങ്ങും മുൻപേ സിനിമയ്ക്ക് എതിരെ കേസുകൾ വന്നു. ഇതേ കഥ മറ്റൊരാൾ ചെയ്യാനിരുന്നതാണ്. തന്റെ ജീവിത കഥയാണ് ഇതെന്നു പറഞ്ഞ് ഒരാൾ കേസിനു പോയി. ജീവിച്ചിരിക്കുന്ന ആരുമായും ഈ ചിത്രത്തിനു ബന്ധമില്ല. അമിതാഭ് ബച്ചൻ എന്നു കഥാപാത്രത്തിനു പേരിട്ടാൽ അത് നടൻ അമിതാഭ് ബച്ചന്റെ കഥയാകുമോ? സിനിമ പൂർത്തിയായപ്പോൾ ആദ്യം കണ്ടത് കോടതിയും അഭിഭാഷകരും ആയിരുന്നു.’’

 

kaduva-3

കോവിഡ് ബുദ്ധിമുട്ടിച്ചു അല്ലേ?

 

‘‘ഒരു ദിവസം രാത്രിയിൽ കൊച്ചിയിൽ ഷൂട്ടിങ് നടക്കുകയാണ്. പിറ്റേന്ന് നടൻ നന്ദുവിനു കോയമ്പത്തൂരിലേക്ക് പോകണം. കോവിഡ് ടെസ്റ്റ് എടുത്താൽ മാത്രമേ അക്കാലത്തു തമിഴ്നാട്ടിലേക്ക് കടത്തി വിടൂ. അതിനായി ആംബുലൻസ് എത്തിയപ്പോൾ നന്ദുവിന് ഒപ്പം കലാഭവൻ ഷാജോണും വെറുതെ സാംപിൾ കൊടുത്തു. പിറ്റേന്ന് റിസൽറ്റ് വന്നപ്പോൾ നന്ദുവിനു കുഴപ്പമില്ല.ഒരു പ്രശ്നവും ഇല്ലാതെ അഭിനയിച്ചു കൊണ്ടിരുന്ന ഷാജോൺ പോസിറ്റീവ്. അതോടെ ഷൂട്ടിങ് നിർത്തി എല്ലാവരും ക്വാറന്റീനിൽ പോകേണ്ടി വന്നു.

 

പിറ്റേന്നു രാവിലെ 3 ക്യാമറ ഉപയോഗിച്ചു ഫൈറ്റ് എടുക്കേണ്ടതായിരുന്നു. ഇതിനായി ചെന്നൈയിൽ നിന്നു സംഘട്ടന വിദഗ്ധരുടെ വലിയ സംഘം എത്തിയിരുന്നു.വിവരം അറിഞ്ഞതോടെ അവരിൽ പലരും ഞങ്ങളെ അറിയിക്കുക പോലും ചെയ്യാതെ സ്ഥലം വിട്ടു. കോവിഡ് ആണെന്ന് അറിഞ്ഞാൽ പിന്നെ അവർക്കു തിരികെ ചെന്നൈയിലേക്ക് പോകാൻ സാധിക്കില്ല എന്നതായിരുന്നു കാരണം. അവർ ആരോടും പറയാതെ മുങ്ങി.

 

സെറ്റിൽ 50 പേരിൽ കൂടുതൽ പാടില്ലെന്നു നിയന്ത്രണം ഉള്ള സമയത്ത് ആണ് മുണ്ടക്കയത്ത് ഷൂട്ടിങ് നടന്നത്.ഞങ്ങളുടെ സെറ്റിൽ 100 ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിലും 50 പേരെ മറ്റൊരു സ്ഥലത്ത് നിർത്തിയിരിക്കുകയായിരുന്നു.സമീപവാസികളിൽ ആരോ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി ആൾക്കൂട്ടത്തിന്റെ പടം എടുത്തു. പടവും പരാതിയും അവർ  കലക്ടർക്ക് അയച്ചു കൊടുത്തു. പ്രശ്നത്തിൽ ഇടപെടാൻ കലക്ടർ എസ്പിയോട് ആവശ്യപ്പെട്ടതിനെ തുടർന്നു ഞാൻ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരുടെ സംഘവും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. അകത്താകുമെന്ന അവസ്ഥ വന്നപ്പോൾ ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ വിളിച്ചു സഹായം തേടി. ഷൂട്ടിങ് അവസാനിപ്പിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും അഭ്യർഥിച്ചപ്പോൾ അധികൃതർ സമ്മതിച്ചു.

 

മുണ്ടക്കയത്തു ചിത്രീകരണം നടക്കുമ്പോഴാണ് പ്രളയവും ഉരുൾപൊട്ടലും ഉണ്ടായത്. നായകന്റെ വീടിന് സമീപം ഇട്ട സെറ്റ് തകർന്നു. റോഡ് ഒലിച്ചു പോയി. കോവിഡിന്റെ മൂന്നു തരംഗങ്ങളും ഷൂട്ടിങ്ങിനെ ബാധിച്ചു. എനിക്കും പൃഥ്വിരാജിനും കോവിഡ് ബാധിച്ചു. അണിയറ പ്രവർത്തകരിൽ നല്ലൊരു പങ്കും കോവിഡിനെ അതിജീവിച്ചവരാണ്.

 

‘കടുവ’യിൽ ഗിമ്മിക്കുകൾ ഒന്നും ഇല്ല.‘റെഡ് ചില്ലീസ്’,‘ ചിന്താമണി കൊലക്കേസ്’ എന്നീ ചിത്രങ്ങളിൽ അതിവേഗം കഥ പറഞ്ഞു പോകുന്ന പ്രത്യേക ശൈലിയാണ് ഞാൻ സ്വീകരിച്ചത്. എന്നാൽ ‘കടുവ’യിൽ നല്ലൊരു കഥയുണ്ട്.അതു കൊണ്ടു തന്നെ 2 മണിക്കൂർ 35 മിനിറ്റു കൊണ്ടു രസകരമായി കഥ പറയാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്.‘നരസിംഹ’വും ‘ആറാം തമ്പുരാനും’ പോലെ ഈ ചിത്രവും  വൻ വിജയമായി മാറണമേയെന്നു പ്രാർഥിക്കുകയാണ്.’’

 

കടുവയ്ക്കു ശേഷം? 

 

കോവിഡ് കാലത്ത് എല്ലാവരും ജോലിയില്ലാതെ ഇരിക്കുമ്പോൾ ചെറിയ സിനിമയ്ക്കു പറ്റിയ കഥ ഉണ്ടോ എന്ന് ആന്റണി പെരുമ്പാവൂർ എന്നോടു ചോദിച്ചു.കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്കായി ചെറിയ സിനിമകൾ എടുക്കുക എന്ന മോഹൻലാലിന്റെ തീരുമാനം അനുസരിച്ചാണ് ആന്റണി വിളിച്ചത്. കോയമ്പത്തൂരിൽ നിന്നു കേരളത്തിൽ എത്തി കുടുങ്ങുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടു.അങ്ങനെ ഉണ്ടായതാണ് ‘എലോൺ’എന്ന ചിത്രം. ‘കടുവ’യുടെ നിർമാണ ജോലികൾ തുടങ്ങിയ ശേഷമാണ്  ഈ സിനിമ ഞാൻ എടുത്തത്. ‘എലോണി’ൽ മോഹൻലാൽ മാത്രമേ ഉള്ളൂ. ഓഗസ്റ്റിൽ ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനാകുന്ന ‘കാപ്പ’ആണ് അടുത്തതായി ഞാൻ സംവിധാനം ചെയ്യുന്നത്. അടുത്ത മാസം തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിനു ജി.ആർ.ഇന്ദുഗോപൻ തിരക്കഥ എഴുതുന്നു.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com