ADVERTISEMENT

ചെറിയ കാര്യങ്ങളെ സിനിമയെന്ന വലിയ ക്യാൻവാസിലേക്കു സൂക്ഷ്മമായും സുന്ദരമായും പകർത്തി വയ്ക്കുന്ന ചലച്ചിത്രകാരനാണ് ദിലീഷ് പോത്തൻ. സംവിധാനത്തിൽ നിലനിറുത്തുന്ന ‘ബ്രില്യൻസ്’ അഭിനയത്തിലെത്തുമ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ‘മാജിക്’ ആയി മാറും. റൈഫിൾ ക്ലബിനു ശേഷം ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുകയാണ്  ദിലീഷ് പോത്തൻ. ആദ്യമായി സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രം ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ, തന്റെ സിനിമകളെക്കുറിച്ചും പുതിയ സംവിധാന സംരംഭങ്ങളെക്കുറിച്ചും മനസ്സു തുറന്ന് ദിലീഷ് പോത്തൻ മനോരമ ഓൺലൈനിൽ.

വീണ്ടും വീണ്ടും ഹൈറേഞ്ച് കഥാപാത്രങ്ങൾ

എന്റെ ശരീരഭാഷയിലോ സംസാരശൈലിയിലോ മലയോര മേഖലയുടെ ഒരു സ്വഭാവം കൂടുതലുള്ളതുകൊണ്ടായിരിക്കാം ‘ഹൈറേഞ്ച്’ ചിത്രങ്ങൾ എന്നെ തേടിയെത്തുന്നത് ‘റൈഫിൾ ക്ലബി’ലെ അവറാനായാലും, ‘ഒ ബേബി’യിലെ ബേബി ആയാലും ആ ക്യാരക്ടറിനൊരു ക്വാളിറ്റിയുണ്ട്. അത് ആരു ചെയ്താലും അതേ സ്വീകാര്യത കിട്ടുമെന്നു കരുതുന്നു. സംവിധാനം ചെയ്ത ചിത്രങ്ങളാണെങ്കിൽ നാട്ടിൻ പുറത്തെ കഥകൾ ചെയ്യാൻ എനിക്കു പ്രത്യേകിച്ച് മടിയൊന്നുമില്ല. രണ്ട് ചിത്രങ്ങൾ നാട്ടിന്‍പുറം പശ്ചാത്തലത്തിൽ വന്നാൽ അതൊരു സാമ്യമായും കരുതുന്നില്ല. കഥയും കഥാപാത്രങ്ങളുമെല്ലാം സാരമായ വ്യത്യാസം ഉണ്ടാകുമല്ലോ? രണ്ടാമത്തെ കാര്യം നാട്ടിൻപുറത്തെക്കുറിച്ചുള്ള എന്റെ ധാരണകൾ വളരെ വലുതാണ്. ഞാൻ ജനിച്ചു വളർന്നതും കൂടുതൽ സമയം ചെലവഴിച്ചതും ആളുകളുമായി കൂടുതൽ ഇടപെഴകിയിട്ടുള്ളതുമെല്ലാം നാട്ടിൽ തന്നെയാണ്. അതെല്ലാം എന്റെ സിനിമകളിലേക്കു കൂടി കടന്നു വന്നു.

മൂന്ന് ചിത്രങ്ങളിലും ഫഹദ് നായകനാകാനുള്ള കാരണം

ആദ്യ രണ്ട് ചിത്രങ്ങളും ഫഹദിനെ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല. കഥ പൂർത്തിയായി വന്നപ്പോൾ മറ്റു പലരെയും ആലോചിച്ച് പിന്നീട് ഫഹദിനെ തിരഞ്ഞടുക്കുകയായിരുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ സമയത്ത്  ഫഹദിലേക്കെത്താൻ എനിക്കു കുറച്ചുകൂടെ എളുപ്പമായിരുന്നു. 22 ഫീമെയിൽ കോട്ടയം മുതൽ ഞാൻ അസോഷ്യേറ്റായി വർക്ക് ചെയ്തിരുന്നു. അപ്പോൾ മുതൽ എനിക്കു ഫഹദുമായി സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യനായകനായി ഫഹദിനെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ‘ജോജി’ ഫഹദിനു വേണ്ടി എഴുതിയ കഥയായിരുന്നു. കോവിഡ് കാലത്ത് സിനിമ മേഖല മുഴുവൻ അടഞ്ഞു കിടന്നപ്പോൾ‍ നമ്മുടെ സുഹൃദ്‌വലയത്തിനുള്ളിൽ നിന്നുകൊണ്ടൊരു ചിത്രമെടുക്കാമെന്നുള്ള തീരുമാനമായിരുന്നു ‘ജോജി’യിലേക്കെത്തിച്ചത്. ഇനി വരുന്നൊരു ചിത്രം ഫഹദ് തന്നെ ചെയ്യുമെന്നൊരു നിർബന്ധവുമില്ല. അദ്ദേഹത്തിനു ചെയ്യാൻ പറ്റുന്നതാെണങ്കിൽ ചെയ്യുന്നതിൽ വിരോധവുമില്ല. മൂന്നു ചിത്രങ്ങൾ ചെയ്തതു കൊണ്ട് അടുത്ത സിനിമ ചെയ്യിക്കാതെ ഇരിക്കുക... അങ്ങനെ താൽപര്യങ്ങളൊന്നുമില്ല.

സംവിധായകന്റെ സന്തോഷം

ഒരു പ്ലോട്ട് ആലോചിച്ച് അത് സിനിമയാകുന്നതിനിടയിൽ പാളിപ്പോകാവുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അതിനെയെല്ലാം അതിജീവിച്ച് നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നടക്കുമ്പാൾ കിട്ടുന്നൊരു സന്തോഷമുണ്ട്. കഥാവേളയിൽ നല്ലൊരു സീൻ കിട്ടിയാൽ, അല്ലങ്കിൽ നല്ലൊരു ഡയലോഗ് കിട്ടിയാൽ, ഡബ്ബ് ചെയ്യുന്ന സമയത്ത് അഭനേതാക്കാൾ പുതുതായി എന്തെങ്കിലും ചെയ്താൽ അങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളിലെല്ലാം വലിയ സന്തോഷമുണ്ട്. ഒരു സൂപ്പർഹിറ്റ് ചിത്രം ഉണ്ടാകുകയാണെങ്കിൽ അതിന്റെ സംവിധായകനായിരിക്കുക എന്നതാണ് എനിക്കേറ്റവും സന്തോഷം നൽകുന്ന കാര്യം. അഭിനയവും മറ്റും രണ്ടാമതായിട്ടേ ഞാൻ കാണുന്നുള്ളൂ. പുതിയ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ. ‘ജോജി’ കഴിഞ്ഞപ്പോൾ മുതൽ അതിന്റെ പിന്നാലെയാണ്. ചില കഥകളിൽ വർക്ക് ചെയ്തെങ്കിലും അത് പൂർത്തിയായിട്ടില്ല. ഉടനെ തന്നെ ആ ചിത്രത്തിലേക്കു കടക്കുമെന്നു പ്രതീക്ഷിക്കാം

പോത്തൻ എന്ന പ്രൊഡ്യൂസറും പ്രേമലുവും

‘പ്രേമലു’ ഭാവനാ സ്റ്റുഡിയോസ് പ്രൊഡ്യൂസ് ചെയ്യാൻ കാരണം ഗിരീഷ് എ.ഡി എന്ന കഴിവു തെളിയിച്ച സംവിധായകൻ തന്നെയാണ്. അത് തിയറ്ററിൽ ഓടുമെന്നുള്ള പ്രതീക്ഷയായിരുന്നു ആദ്യത്തെ കാരണം. നൂറു കോടി ക്ലബ്ബൊന്നും ചിന്തിച്ചിട്ടു പോലുമില്ല. ഒരു ചിത്രം നൂറു കോടി നേടിയെന്നു പറഞ്ഞാൽ അത് മുഴുവൻ പ്രൊഡ്യൂസർക്കു കിട്ടുന്ന തുകയാണെന്ന് ആരും കരുതുന്നില്ല. അത് മുഴുവൻ  ഒരു പടത്തിന്റെ ലാഭമാണെന്നും ആളുകൾ വിചാരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു ബിസിനസ് നേടുന്ന ആകെ കലക്‌ഷനെപ്പറ്റി പറയുന്നതാണെന്ന് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും തന്നെ അറിയാമെന്നു ഞാൻ കരുതുന്നു. ഒരു സിനിമയുടെ എല്ലാ വരുമാനങ്ങളും സിനിമയുടെ ബിസിനസ് ആയി കണക്കാമെന്നാണ് എന്റെ പക്ഷം.

എന്റർടെയ്ൻമെന്റാണ് പ്രധാനം

സിനിമയിൽ ചെറുത് വലുത് എന്നൊന്നും ഇല്ല അത് കൊടുക്കുന്ന എന്റർടെയ്ൻമെന്റാണ് സിനിമയെ വലുതും ചെറുതുമാക്കുന്നത്. ‘പ്രേമലു’ വലിയ സിനിമ ആയിരുന്നോ ചെറിയ സിനിമ ആയിരുന്നോ? അത് വലിയ സിനിമയാണെങ്കിൽ അതിനെ വലുതാക്കുന്ന ഘടകം എന്താണ്? തിയറ്ററിൽ ലഭിക്കുന്ന എന്റർടെയ്ൻമെന്റ് ചെറുതാകുമ്പോഴാണ് ആളുകൾ ഒടിടിയിൽ കാണാമെന്നു കരുതുന്നത്. വെള്ളിയാഴ്ച ഒരു നല്ല സിനിമ ഇറങ്ങിയാൽ അന്നു വൈകുന്നേരം തന്നെ അത് കണ്ട് പിറ്റേന്ന് സുഹൃത്തുക്കൾക്കൊപ്പം ആ സിനിമയെപ്പറ്റി ചർച്ച ചെയ്യുന്ന പ്രേക്ഷകരാണ് നമുക്കിടയിലുള്ളത്. സിനിമ നല്ലതാണെന്നറിഞ്ഞിട്ടും അത് ഒടിടിക്കു വേണ്ടി ആരും കാത്തിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. സിനിമയുടെ മാർക്കറ്റിങ്ങിനായി ബജറ്റിന്റെ വലിപ്പം ഉപയോഗിക്കുന്നെന്നു മാത്രം.

English Summary:

Chat With Dileesh Pothan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com