അലോഷിയുടെ സ്ഥാനത്ത് ഇനി സേവ്യർ; സ്റ്റീഫന്റെ വിശ്വസ്തൻ ഇനി പ്രിയദർശിനിയുടേയും: ജെയ്‌സ് ജോസ് അഭിമുഖം

Mail This Article
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്പുരാൻ ഇന്ത്യയിലെമ്പാടും വിജയക്കുതിപ്പ് തുടരുകയാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ കൊഴുക്കുമ്പോഴും ലൂസിഫർ ഫ്രാൻഞ്ചൈസ് കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞ ചിലരുണ്ട്. അതിലൊരാളാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയുടെ അംഗരക്ഷകനായ സേവ്യർ എന്ന കഥാപാത്രമായെത്തിയ ജെയ്‌സ് ജോസ്. കലാഭവൻ ഷാജോൺ അവതരിപ്പിച്ച അലോഷിയും ജെയ്‌സ് ജോസിന്റെ സേവ്യറും ലൂസിഫർ ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഇടവും വലവും നിന്ന കഥാപാത്രങ്ങളായിരുന്നു. അലോഷി സ്റ്റീഫനെ ചതിച്ച് മരണത്തിലേക്ക് നടക്കുമ്പോഴും സ്റ്റീഫന്റെ വിശ്വസ്തനായി നിന്ന കഥാപാത്രമാണ് സേവ്യർ. എമ്പുരാനിൽ സ്റ്റീഫന്റെ ഈ വിശ്വസ്തനാണ് മഞ്ജു വാരിയരുടെ കഥാപാത്രമായ പ്രിയദർശിനിയെ ഒരു നിർണായക തീരുമാനമെടുക്കുന്ന യോഗത്തിലേക്ക് അനുഗമിക്കുന്നത്. ചെറിയ കഥാപാത്രങ്ങൾ ചെയ്ത് എങ്ങുമെത്താതെ നിന്ന തനിക്ക് പേര് നേടിത്തന്നത് ‘ലൂസിഫർ’ ആണെന്ന് പറയുകയാണ് ജെയ്‌സ് ജോസ്. ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും സ്റ്റീഫന്റെ വിശ്വസ്തനായ സേവ്യർ പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. ഇപ്പോൾ എമ്പുരാനിൽ വീണ്ടുമെത്തിയ സന്തോഷം മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയാണ് ജെയ്‌സ് ജോസ്.
സ്റ്റീഫൻ നെടുമ്പള്ളിയുടെ വിശ്വസ്തൻ
സ്റ്റീഫൻ നെടുമ്പള്ളിയുടെ അംഗരക്ഷകൻ ആണ് എന്റെ കഥാപാത്രമായ സേവ്യർ. ലൂസിഫറിൽ ഞാനും ഷാജോണും ആയിരുന്നു ലാലേട്ടന്റെ കഥാപാത്രത്തിന്റെ അംഗരക്ഷകർ. എമ്പുരാനിൽ വന്നപ്പോഴേക്കും ഞാൻ മാത്രമായി. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഓർഡർ അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ്. സ്റ്റീഫൻ നാട്ടിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ എല്ലാം സേവ്യർ അറിയുന്നുണ്ട്. അദ്ദേഹത്തെ സേഫ് ആയി അച്ചന്റെ അടുത്ത് എത്തിക്കുന്നതും അദ്ദേഹത്തിന്റെ ഓർഡർ അനുസരിച്ച് പ്രിയദർശിനിയുടെ കൂടെ നിൽക്കുന്നതും ഒക്കെ സേവ്യർ ആണ്. സ്റ്റീഫൻ നെടുമ്പള്ളിയുടെ വലംകൈ ആണ് സേവ്യർ. അദ്ദേഹത്തിന്റെ വിശ്വസ്തൻ.
ഡയലോഗ് ഇല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു
ലൂസിഫറിൽ ഇതുപോലെ തന്നെ ആയിരുന്നു കഥാപാത്രം. ഡയലോഗ് ഒന്നും ഇല്ല. മലയോര കർഷക മേഖലയിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ വലംകൈ. ഡയലോഗ് ഒന്നും ഇല്ലെങ്കിൽ പോലും എന്റെ ആ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരിരുന്നു. ലാലേട്ടന്റെ വലം കൈയായി നിൽക്കുന്ന കഥാപാത്രമാണ്, മെയിൻ സ്ഥലങ്ങളിൽ ഒക്കെ വരുന്ന കഥാപാത്രമാണ് എന്നാണ് എന്നെ വിളിച്ചപ്പോൾ അസോസിയേറ്റ് വാവ പറഞ്ഞത്. ഷൂട്ടിങ് സമയത്ത് പൃഥ്വിരാജ് നമ്മൾ എങ്ങനെയാണ് വരേണ്ടത്, നമ്മുടെ മനസ്സിൽ എന്തായിരിക്കണം, എങ്ങനെയാണ് നടക്കേണ്ടത്, എങ്ങനെയാണ് ഡോർ തുറക്കേണ്ടത്, എവിടെ വന്നു നിൽക്കണം, ആ ഒരു പവർ ഹാൻഡിൽ ചെയ്യണം എന്നുള്ള കാര്യങ്ങളാണ് പറഞ്ഞു തന്നത്. ലൂസിഫറിൽ ഞാനും ഷാജോണും ഉണ്ടായിരുന്നു. പക്ഷേ അലോഷി ഡബിൾ ഗെയിം ആയിരുന്നല്ലോ ചെയ്യുന്നത്. ദ്ദേഹം പോയതിനു ശേഷം സേവ്യർ ആണ് സ്റ്റീഫന്റെ സഹായി. പ്രിയദർശിനി ഒരു വലിയ അപകടത്തിൽ പെടുകയും അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുവന്നിട്ട് വലിയൊരു മീറ്റിങ്ങിലേക്ക് നേതാവായി പോകുമ്പോൾ അവർ പോകുന്നത് സ്റ്റീഫന്റെ കാറിലാണ്, ട്രിബിൾ സിക്സ് നമ്പർ ഉള്ള വണ്ടി. പിന്നെ ഫാസിൽ സാറിന്റെ പള്ളീലച്ചൻ കഥാപാത്രത്തിന്റെ അടുത്ത് സേഫ് ആയി എത്തിക്കുകയും തിരിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു.

എഡിറ്റ് ചെയ്യപ്പെട്ട സീൻ
എമ്പുരാൻ ഫ്ലാഷ് ബാക്ക് സീനിലും ഞാൻ ഉണ്ടായിരുന്നു. പക്ഷേ, എഡിറ്റ് കഴിഞ്ഞപ്പോൾ അത് കട്ട് ആയിപ്പോയി. ഒരുപക്ഷേ, അവിടെ ആവശ്യം ഉണ്ടാകില്ല. വർഷങ്ങൾക്ക് മുൻപുള്ളതായിട്ടാണ് കാണിക്കുന്നത്. അതിൽ ഷാജോൺ ചേട്ടനെ താടി വച്ചിട്ടാണ് കാണിക്കുന്നത്. മറ്റേതിനകത്ത് താടി ഇല്ലല്ലോ. കാലത്തിനനുസരിച്ച് മാറ്റം വരുത്തി. അതുപോലെ എന്റെ മേക്കപ്പിനകത്ത് കുറച്ചു കൂടി മാറ്റം ഉണ്ടായിരുന്നു. അലോഷി ഒരു ഡബിൾ ഏജന്റ് ആണെന്ന് സ്റ്റീഫന് മനസ്സിലായിട്ടുണ്ടായിരുന്നു. എത്രവരെ പോകും എന്ന് നോക്കി കാത്തിരിക്കുകയായിരുന്നു. ഇവിടെ ഒരാൾ ഉണ്ടെങ്കിൽ അപ്പുറത്തും നമുക്ക് വിവരം തരാൻ ഒരാൾ ഉണ്ടാകും എന്ന് സിനിമയിൽ തന്നെ പറയുന്നുണ്ട്. ഭയങ്കര രസകരമായിട്ടാണ് ഷാജോൺ അത് ചെയ്തിരിക്കുന്നത്. നമ്മൾ അന്നും ഇന്നും വിശ്വസ്തനാണ്. എന്നും അങ്ങനെ ആയിരിക്കും
സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണുക
എന്റെ കഥാപാത്രത്തിന് വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഈ പടത്തിന്റെ ഭാഗമാകാൻ പറ്റുക എന്നത് വലിയ ഭാഗ്യമാണ്. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങൾ ഒന്നും കാര്യമാക്കണ്ട. ഇത് സിനിമയല്ലേ, അതിനെ ആ രീതിയിൽ എടുത്താൽ മതി. സിനിമയിൽ എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കുന്നുണ്ട് പക്ഷെ ചിലർക്ക് മാത്രം വേദനയുണ്ടായി. ഓരോരുത്തരുടെ ചിന്തകൾ വ്യത്യസ്തമാണല്ലോ. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി എന്നാണ് എന്റെ അഭിപ്രായം. ആ സിനിമയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഡൗൺ ടു എർത്ത് ആയ മഞ്ജു വാരിയർ
മഞ്ജുവിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. മുൻപ് ലളിതം സുന്ദരം എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ ഡൌൺ ടു എർത്ത് ആയ വ്യക്തിയാണ് മഞ്ജു. എത്രയോ പ്രഗത്ഭയായ ഒരു താരമാണ് അവർ. പക്ഷേ, ഒരു ജാഡയുമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളാണ്. അവർ വളരെ മനോഹരമായി അഭിനയിക്കുന്നത് സിനിമയിലും പ്രതിഫലിച്ചു.
നായകനായപ്പോഴും കിട്ടാത്ത സ്വീകാര്യത
ഞാൻ ‘ഗുമസ്തൻ’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. എങ്കിലും അതിനേക്കാൾ കൂടുതൽ അഭിപ്രായം ലഭിച്ചത് എമ്പുരാനിലെ കഥാപത്രത്തിനാണ്. എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ ആയിരുന്നു ആദ്യം ഇറങ്ങിയത്. വലിയ സിനിമകളുടെ ഭാഗമാകുമ്പോൾ ചെറിയ കഥാപാത്രമായാലും അത് ഗുണം ചെയ്യും. ആ ഒരു കഥാപാത്രത്തിന്റെ പവർ ഒക്കെ പൃഥ്വിരാജിന്റെ സംവിധാനത്തിന്റെ പ്രത്യേകതയാണ്. എമ്പുരാൻ സിനിമയുടെ മൂന്നാം ഭാഗത്തിലും ഉണ്ടാകും എന്ന് കരുതുന്നു. ലൂസിഫറിന് ശേഷം വളരെ വലിയ സ്വീകാര്യതയാണ് എനിക്ക് ലഭിച്ചത്. അതിനു ശേഷമാണ് എന്നെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയതും നായകനായി അഭിനയിച്ചതും എല്ലാം. ഇപ്പോൾ ‘എമ്പുരാൻ’ ഇറങ്ങിയപ്പോഴും നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്.

ലൂസിഫറിന് ശേഷം കൈനിറയെ ചിത്രങ്ങൾ
‘ഗുമസ്തൻ’ എന്ന സിനിമയിൽ നായകൻ ആയിട്ടാണ് അഭിനയിച്ചത്. ഇനി ഇറങ്ങാൻ ഉള്ളത് ‘മരതകം’ എന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമ. പിന്നെ ‘തെറി മേരി’ എന്ന ഷൈൻ ടോം ചാക്കോയുടെ സിനിമ. അതിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള ഹ്യൂമർ ഉള്ള കഥാപാത്രമാണ് ചെയ്തത്. ‘എതിരെ’ എന്ന സിനിമ വരുന്നുണ്ട്. അതിൽ ഗോകുൽ സുരേഷും റഹ്മാനും ആണ് പ്രധാന താരങ്ങൾ. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ആണ് അടുത്തതായി അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ ആണ് പ്രധാന താരം. ഞാൻ നായകനായി വേറൊരു സിനിമയും വരുന്നുണ്ട്. ഒരു തമിഴ് സിനിമയിലും ഇതിനിടെ അഭിനയിച്ചു. എല്ലാം ലൂസിഫറിന് ശേഷം വന്ന ഭാഗ്യങ്ങളാണ്.