എനിക്ക് ഈ നാഗയെ അറിയില്ലായിരുന്നു, ഇപ്പോ അവരെയും ‘കൺവിൻസ്’ ആക്കി: സുരേഷ് കൃഷ്ണ അഭിമുഖം

Mail This Article
വില്ലൻ വേഷങ്ങളിലൂടെയും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുരേഷ് കൃഷ്ണ. ‘ചമയം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുരേഷ് കൃഷ്ണ, ‘കരുമാടിക്കുട്ടന്‍’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി ശ്രദ്ധനേടി. അനേകം സിനിമകളിൽ അടുത്ത സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത നടനെന്ന രീതിയിൽ അടുത്തിടെ സോഷ്യൽമീഡിയ പുലികൾ താരത്തിനൊരു വിശേഷണം കൊടുത്തു ‘കൺവിൻസിങ് സ്റ്റാർ’. ഇപ്പോൾ ബേസിൽ ജോസഫിനൊപ്പം മരണമാസ്സ് എന്ന സിനിമയിൽ ഒരു മാസ്സ് കഥാപാത്രമായി എത്തിയിരിക്കുകയാണ് താരം.
ചിത്രത്തിൽ സുരേഷ്‌കൃഷ്ണ ചെയ്യുന്ന കഥാപാത്രത്തിന്റെ കാമുകിയുടെ ശബ്ദസാന്നിധ്യമായി എത്തിയത് സോഷ്യൽ മീഡിയ താരം നാഗ ആണ്. പഴയതലമുറിയിലെ പ്രഗത്ഭരോടൊപ്പം അഭിനയിച്ചു ശീലിച്ച തനിക്ക് പുതിയ തലമുറയുടെ വൈബിനൊപ്പം പിടിച്ചു നിൽക്കാൻ കഴിയുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് സുരേഷ് കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ കൺവിൻസിങ് സ്റ്റാർ ആണെങ്കിലും ജീവിതത്തിൽ താൻ സ്ട്രെയ്റ്റ് ഫോർവേഡ് ആണെന്ന് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സുരേഷ് കൃഷ്ണ പറഞ്ഞു.
സിനിമ പഴയ തലമുറയിൽ പുതിയതിലേക്ക് പോകുമ്പോഴും ഒപ്പം കൂടാൻ കഴിയുന്നു
ഞാൻ സിനിമയിൽ വന്നിട്ട് മുപ്പതിലേറെ വർഷങ്ങളായി. ഈ കാലയളവിൽ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകർക്കൊപ്പവും ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ഗോപി തുടങ്ങിയ മികവുറ്റ താരങ്ങളോടൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി, വിനയൻ സാർ ആണ് എന്നെ കൊണ്ടുവരുന്നത്. അതിനു ശേഷം, ഹരിഹരൻ ഷാജി എൻ. കരുൺ, ജോഷി സർ തുടങ്ങി പ്രതിഭാദനന്മാരായ സംവിധായകരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. ഇപ്പോൾ ഇന്നത്തെ പുതു തലമുറയോടൊപ്പവും പ്രവർത്തിക്കാൻ കഴിയുന്നു. ഇതൊരു ചെറിയ കാര്യമല്ല, പുതിയ തലമുറയോടൊപ്പവും പ്രവർത്തിക്കാൻ കഴിയുന്നത് ഒരു നേട്ടം തന്നെയാണ്. എന്നെ സംബന്ധിച്ച് ഇത് വലിയൊരു ഭാഗ്യമാണ് എന്നോടൊപ്പം തുടങ്ങിയ ആൾക്കാരിൽ പലരും ഇപ്പോൾ ഇല്ല പലരും നിർത്തിപ്പോയി.

എനിക്കിപ്പോഴും ഇവിടെ ഒരു സ്ഥാനമുണ്ടെന്ന് തന്നെ വലിയ കാര്യമാണ്. ഏറ്റവും ലേറ്റസ്റ്റ് ആയ സിജു സണ്ണി, ബേസിൽ ജോസഫ് തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു അത് ആളുകൾ സ്വീകരിക്കുന്നു ഇതൊക്കെ വലിയ അംഗീകാരമാണ്. ഒരുപാട് കാലം ഒരേതരം കഥാപാത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. അത് ഞാൻ ആഗ്രഹിച്ചു ചെയ്തതല്ല എന്നെത്തേടി അത്തരം കഥാപാത്രങ്ങളാണ് വന്നിരുന്നത്. എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ അറിഞ്ഞോ അറിയാതെയോ വളരെക്കാലം ഞാൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സിനിമ എന്റെ ജോലിയും ജീവിതമാർഗവും ആണ്. അതുകൊണ്ട് കിട്ടുന്ന വേഷങ്ങൾ ചെയ്തുകൊണ്ടിരുന്നു. പണ്ടൊന്നും റിസ്കുള്ള കഥാപാത്രങ്ങൾ തരാൻ സംവിധായകനോ നിർമാതാവോ തയാറാകില്ല. അത്രയും നെഗറ്റീവ് വേഷങ്ങൾ ചെയ്തിരിക്കുന്ന ഒരാളെക്കൊണ്ടുപോയി ഹ്യൂമർ വേഷങ്ങളോ ഇമോഷനൽ വേഷങ്ങൾ ചെയ്യിക്കാമെന്നോ ചിന്തിക്കില്ല, ചിലപ്പോൾ പാളിപ്പോകാം എന്നൊരു പേടി ഉണ്ടാകും.
ഹ്യൂമർ പരീക്ഷിച്ച പ്രിയപ്പെട്ടവൻ സച്ചി
എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടുന്നതിനൊരു തുടക്കം കുറിച്ചത് എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ സച്ചി, ഷാഫി തുടങ്ങിയവരാണ്. നമ്മുടെ അടുത്ത സുഹൃത്തുക്കൾക്ക് ആണല്ലോ നമ്മൾ എന്താണെന്ന് അറിയുന്നത്. മറ്റുള്ളവർക്ക് നമ്മുടെ യഥാർഥ സ്വഭാവം അറിയില്ലല്ലോ. സച്ചി ആണ് കുറച്ചു ഹ്യൂമർ ഉള്ള വേഷം 'ചേട്ടായീസ്' എന്ന സിനിമയിൽ തന്നത്. ഷാഫിയുടെ ഷെർലക്ക് ടോംസ്, ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസ്, രണ്ടും സച്ചി എഴുതിയ പടം തന്നെയാണ്. ജീനിന് വര്ഷങ്ങളായി എന്നെ അറിയാം. ഞാൻ ജീനിന്റെ വീട്ടിൽ മിക്ക വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന ഒരാളാണ്. അപ്പോൾ യഥാർഥ ജീവിതത്തിൽ എന്റെ സംസാരം എങ്ങനെയാണെന്ന് ജീനിന് അറിയാം, അതൊക്കെ അവർ ആസ്വദിക്കാറുണ്ട്. സച്ചി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ വളരെക്കാലം ഒരുമിച്ച് ഉണ്ടുറങ്ങി കഴിഞ്ഞവരാണ്, ഞാൻ ഒന്നുകിൽ അവന്റെ വീട്ടിൽ അല്ലെങ്കിൽ അവൻ എന്റെ വീട്ടിൽ അങ്ങനെയായിരുന്നു ഞങ്ങൾ. നിനക്ക് കോമഡികൾ ചെയ്യാൻ പറ്റും എന്ന് സച്ചി പറയുമായിരുന്നു.

നടികറിലൂടെ ടൊവീനോയുടെ മനസ്സിലേക്ക്
ജീൻ സംവിധാനം ചെയ്ത ‘നടികർ’ എന്ന സിനിമയിൽ എനിക്ക് നല്ലൊരു വേഷം കിട്ടി. സിനിമ ഇൻഡസ്ട്രിയിൽ കാര്യമായൊരു അനക്കം സൃഷ്ടിച്ചില്ലെങ്കിലും എനിക്ക് നല്ലൊരു പേര് കിട്ടിയ പടമായിരുന്നു. ടൊവിനോ തോമസ് ആയിരുന്നു നായകൻ . ഞങ്ങൾ നാലഞ്ചുപേർ ഫുൾടൈം ഉള്ള ഒരു കഥയായിരുന്നു അത്. എന്റെ കഥാപത്രം കുറച്ച് ഹ്യൂമർ ഉള്ളതായിരുന്നു. ഒരുപാട് നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആ സിനിമയിലൂടെ ഞാനും ടൊവിനോയും വളരെ അടുത്ത സുഹൃത്തുക്കളായി മാറി. എന്നെപ്പറ്റി ചിന്തിച്ചിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തനായ ആളാണ് ഞാൻ എന്ന് ടൊവിക്കും മനസ്സിലായി. ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട് ഇപ്പോൾ.
‘മരണമാസി’ലെ ബസ് ഡ്രൈവർ
ടൊവിയാണ് എന്നോട് പറയുന്നത് ചേട്ടാ ഞാൻ ഒരു കഥ കേട്ടു, നല്ലതാണ് അതൊന്നു കേട്ട് നോക്കൂ എന്ന്. സംവിധായകൻ ശിവപ്രസാദ് എന്റെ അടുത്തുവന്നു കഥപറഞ്ഞു. ബസ് ഡ്രൈവർ ആയിട്ടാണ് എന്നെ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു. അതെനിക്ക് വളരെ അതിശയമായ കാര്യമായി തോന്നി. ഒരു സാധാരണ ലൈൻ ബസിന്റെ ഡ്രൈവറായി അവർ എന്നെ ചിന്തിക്കുന്നു എന്ന് പറഞ്ഞു തന്നെ വലിയ കാര്യമാണ്. അതിനുശേഷം എങ്ങനെ ഒരു ഡ്രൈവർ ആകാം എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്തൊക്കെ ചെയ്യണം എന്നൊക്കെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഞാനൊരു കഥാപാത്രം ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നല്ല ആ ടീമിന്റെ കൂടെ തന്നെ നിന്ന് വർക്ക് ചെയ്തു തുടങ്ങും. അതിനുശേഷം ടീമിനുള്ളിൽ ബേസിലായി, രാജേഷ് മാധവൻ ആയി. അങ്ങനെ ഞങ്ങൾ എല്ലാം കൂടിയിരുന്ന സീനുകൾ വായിക്കുകയും അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനം ആക്കുകയും ചെയ്തു.
ആ ടീമിനോടൊപ്പം എനിക്ക് എളുപ്പം കൂടിച്ചേരാൻ പറ്റി. ഇപ്പോഴത്തെ പുതിയ തലമുറയോടൊപ്പം എനിക്ക് കൂടാൻ പറ്റുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അവർ എന്നെ മാറ്റി നിർത്തുമോ എന്ന പേടി കൊണ്ടായിരുന്നു അത്. ഞാൻ മനസ്സുകൊണ്ട് ഇപ്പോഴും ചെറുപ്പമായിട്ടുള്ള ആളാണ്. പക്ഷേ ഞാൻ എന്താണ് എന്നിവർക്ക് ആർക്കും അറിയില്ലല്ലോ, ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ അവരും പറഞ്ഞു. ചേട്ടൻ ഞങ്ങളുടെ കൂടെ കൂടുമോ എന്ന് അവർക്ക് അറിയില്ലായിരുന്നു എന്ന്. ഇത് നേരത്തെ അറിയാവുന്ന ഞാൻ അവരുടെ ഫ്ലാറ്റിലോട്ട് ഇടിച്ചു കയറിച്ചെന്ന് അവരുമായി കമ്പനിയായി. ഷൂട്ട് തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഒരുമിച്ച് പഠിച്ച ആൾക്കാരെ പോലെ തന്നെ ആ ലെവലിൽ സൗഹൃദമായി.
അങ്ങനെ കമ്പനി ആയതുകൊണ്ട് സിനിമയിൽ ചില സീനുകൾ ചെയ്തപ്പോൾ വളരെയധികം ഗുണം ചെയ്തു. ഞങ്ങൾക്ക് ഒരുമിച്ച് ഇമ്പ്രവൈസ് ചെയ്യാനും ബേസിൽ പറയുന്ന ഐഡിയകൾ നമ്മൾ എടുക്കാനും നമ്മളുടെ ഐഡിയകൾ എടുക്കാനും ഒക്കെ അതിന് കാരണമായി. വളരെ നല്ലൊരു കൊടുക്കൽ വാങ്ങാൻ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. ബസ്സിൽ യാത്ര തുടങ്ങിക്കഴിഞ്ഞ് മുഴുവൻ സമയവും ഞങ്ങൾ ഒരുമിച്ച് ആയിരുന്നു ഉണ്ടായിരുന്നത്. അതിന്റെയൊക്കെ ഫലം സിനിമയിൽ വന്നിട്ടുണ്ട് ഞങ്ങൾ ഇപ്പോൾ തിയറ്റർ വിസിറ്റ് ഒക്കെ നടത്തുമ്പോൾ പല പ്രായത്തിലുള്ള ആളുകൾ സിനിമ വളരെ ആസ്വദിച്ച് ചിരിക്കുന്നത് കാണുന്നുണ്ട്.
നടനും ടെക്നീഷ്യനുമായ ബേസിൽ
ബേസിൽ ജോസഫ് വളരെ കഴിവുള്ള ടെക്നീഷ്യനും നടനുമാണ്, അതിനെല്ലാം ഉപരി ഒരു നല്ല മനുഷ്യനാണ് ബേസിൽ. നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള ആർട്ടിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി എളിമയുടെ പ്രതീകമാണ് ബേസിൽ. പലരും സിനിമയിൽ ഒരു ഹിറ്റ് കിട്ടിക്കഴിഞ്ഞാൽ, നല്ലൊരു പേര് എടുത്തു കഴിഞ്ഞാൽ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒക്കെ ഒരു മാറ്റം ഉണ്ടാകാറുണ്ട് അത് നമ്മൾ കണ്ടിട്ടുണ്ട്, മനഃപൂർവ്വം അല്ലെങ്കിൽ പോലും അത് അങ്ങനെ സംഭവിച്ചു പോകാറുണ്ട്. പക്ഷേ എത്ര ഹിറ്റ് കിട്ടിയാലും ഇതൊന്നും എന്റെ കഴിവല്ല എന്ന രീതിയിൽ ജീവിക്കുന്ന ഒരാളാണ് ബേസില്‍. മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ, ഇതൊന്നും ഞാൻ എടുത്തതല്ല, ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളതാണ്, ഇക്കണ്ട ഹിറ്റ് പടങ്ങളിലൊന്നും അഭിനയിച്ചത് ഞാനല്ല എന്ന ഭാവമാണ് കക്ഷിക്ക്, അത്രക്ക് സിംപിൾ ആണ് ബേസിൽ. നല്ലൊരു ഫാമിലിമാൻ. ആദ്യദിവസം സംസാരിച്ചപ്പോൾ തന്നെ എന്റെ മനസ്സിലേക്ക് കയറിയ ഒരു നല്ല വ്യക്തിയാണ് ബേസിൽ. ഈ ഒരു സിനിമയിൽ കൂടി ആ ഒരു അടുപ്പം വളരെ ശക്തമായി.
രാജേഷ് മാധവൻ ആ കഥാപാത്രം അവിസ്മരണീയമാക്കി
എന്റെ ഫിഗറും സൈസും എല്ലാം വച്ച് എങ്ങനെ എന്നെ ബസ് ഡ്രൈവറായി ചിന്തിച്ചോ അതുപോലെ തന്നെയാണ് രാജേഷ് മാധവന്റെ ഈ ശരീരം വച്ച് ഒരു സീരിയൽ കില്ലർ ആയി ഇവർ ചിന്തിക്കുന്നത്. പക്ഷേ രാജേഷ് ആ കഥാപാത്രം ഗംഭീരമായി ചെയ്തു. രാജേഷിന്റെ കുറെ പടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം ഹ്യൂമർ ആയിരുന്നു. പക്ഷേ ഇത് വളരെ സീരിയസ് ആയുള്ള ഒരു കഥാപാത്രം, വലിയ റേഞ്ചിലാണ് രാജേഷ് അഭിനയിച്ചിരിക്കുന്നത്. ഒരുപക്ഷേ ശിവപ്രസാദ് രാജേഷിന്റെ അടുത്ത സുഹൃത്തായതുകൊണ്ടായിരിക്കും ആ കഥാപാത്രം അയാൾക്ക് കൊടുത്തത്. കാരണം അടുത്ത സുഹൃത്തുക്കളാണ് നമ്മൾ എന്താണ്, നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നൊക്കെ ഉള്ള ഒരു ആത്മവിശ്വാസം ഉണ്ടാകുന്നത്.
രാജേഷും ശിവപ്രസാദുമൊക്കെ ഒരുമിച്ച് സിനിമയിൽ വരാൻ കഷ്ടപ്പെടുകയും വരികയും ഒക്കെ ചെയ്ത വളരെ അടുത്ത സുഹൃത്തുക്കളാണ്. രാജേഷും ബേസിലും ആയിട്ടും രാജേഷും ടോവിനോയും ആയിട്ട് ഒക്കെ വളരെ അടുത്ത ബന്ധം പുലർത്തുന്ന ആൾക്കാരാണ് ഈ ടീമിൽ ഞാൻ മാത്രമേ പുറത്തുനിന്നുള്ള ബാക്കി എല്ലാവരും തമ്മിൽ തമ്മിൽ പരിചയമുള്ളവരാണ്. അതും ഒരു ബ്രില്ല്യന്റ് ആയ കാസ്റ്റിങ് ആയിരുന്നു. രാജേഷ് അല്ലാതെ വേറൊരാളെ ആ കഥാപാത്രത്തിലേക്ക് മാറ്റി ചിന്തിക്കാൻ കഴിയില്ല. അതുപോലെതന്നെ ചിത്രത്തിൽ നായികയായി അഭിനയിച്ച അനിഷ്‌മയും വളരെ നന്നായി ആ കഥാപാത്രം ചെയ്തു.
ഞാൻ അങ്ങനെ കൺവിൻസിങ് സ്റ്റാർ ആയി
മരണമാസിന്റെ സെറ്റിൽ വച്ചാണ് എന്നെ കൺവിൻസിങ് സ്റ്റാർ എന്ന് ടാഗ് ചെയ്ത ഒരുപാട് പോസ്റ്റുകൾ വരുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞത് ഈ സിനിമയ്ക്ക് കൂടുതലും നൈറ്റ് ഷൂട്ട് ആയിരുന്നു. രാത്രി ഇങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം സിജു സണ്ണി ഓടിവന്ന് ചോദിച്ചു, ചേട്ടാ വല്ലതും അറിയുന്നുണ്ടോ? ഞാൻ ചോദിച്ചു എന്തുപറ്റി? അപ്പോൾ സിജു പറഞ്ഞു ചേട്ടനാണ് ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലും നിറയെ എന്ന്. ഞാൻ അധികം സോഷ്യൽ മീഡിയ നോക്കാത്ത ആളാണ്, സോഷ്യൽ മീഡിയയുമായി എനിക്ക് വലിയ ബന്ധം ഒന്നുമില്ല. ഞാൻ പേടിച്ചുപോയി ഞാൻ ചോദിച്ചു എന്തുപറ്റി എന്തെങ്കിലും കുഴപ്പമുണ്ടോ,? അപ്പോൾ സിജു പറഞ്ഞു അതൊന്നുമല്ല ചേട്ടാ കൺവിൻസിങ് സ്റ്റാർ എന്ന് പേരിട്ട് നിങ്ങളുടെ പഴയ പടങ്ങളൊക്കെ വരുന്നുണ്ട് എന്ന്.
സിജു കുറെ ട്രോളുകൾ കാണിച്ചുതന്നു. പിന്നീട് ഞാൻ ഒരുപാട് കാണാൻ തുടങ്ങി. ഞാൻ പോലും മറന്ന 10-25 വർഷം മുൻപ് ഉള്ള സിനിമകളിലെ കഥാപാത്രങ്ങൾ മുതൽ ഇങ്ങനെ ട്രോള് ചെയ്യുകയാണ്. ഒരാൾ ഇതൊക്കെ ഇങ്ങനെ കണ്ടുപിടിച്ച് ഇത് എടുത്തുകൊണ്ടുവന്ന് കാണിക്കുവല്ലോ അതൊരു ചെറിയ പരിശ്രമം ഒന്നുമല്ല. അത് ആരാണെന്ന് എനിക്കറിയില്ല, ഈ ഇന്റർവ്യൂ കണ്ടിട്ട് ഇത് കണ്ടുപിടിച്ച ആള്‍ മുന്നോട്ട് വരുമെന്ന് കരുതുന്നു. അതാരായാലും അവരോട് എനിക്ക് സ്നേഹവും നന്ദിയുമേ ഉള്ളൂ. കാരണം ഞാൻ പിന്നെ ആലോചിച്ചപ്പോൾ ശരിയാണ് എന്റെ പല കഥാപാത്രങ്ങളും അങ്ങനെയാണ്. നമ്മൾ അങ്ങനെ ആലോചിച്ചപ്പോഴാണ് മനസ്സിലാകുന്നത് ഇത്രയും പടത്തിൽ ഞാൻ ഇങ്ങനെയുള്ള ഒരു നെഗറ്റീവ് റോളാണ് ചെയ്തിരുന്നത്. ആ രീതിയിലാണ് എന്നെ അന്ന് ടൈപ്പ് കാസ്റ്റ് ചെയ്തത്. എന്റെ മക്കളും ഇപ്പോൾ എന്നോട് വന്നു ചോദിക്കാറുണ്ട് അച്ഛൻ പണ്ടേ ഇങ്ങനെ തന്നെ ആയിരുന്നു അല്ലേ എന്ന്. വന്നുവന്ന് ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിൽ എത്തി.
ജീവിതത്തിൽ സ്ട്രെയ്റ്റ് ഫോർവേഡ്
ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു കൺവിൻസിങ് സ്റ്റാർ അല്ല. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡ് ആയ വ്യക്തിയാണ്. എന്റെ കുടുംബം അറിയാത്ത ഒരു രഹസ്യവും എനിക്കില്ല, എന്റെ കുടുംബത്തോട് പറയാതെ ഞാൻ എവിടെയും പോകാറില്ല. ഞാൻ എപ്പോൾ എവിടെയാണ് എന്ന എല്ലാ വിവരങ്ങളും അവരെ അറിയിക്കാറുണ്ട്, കാരണം നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ അറിയണമല്ലോ നമ്മൾ എവിടെയാണ് എന്നുള്ളത്. വീട്ടിൽ എപ്പോഴും സത്യം മാത്രം പറയുന്ന ആളാണ് ഞാൻ. എവിടേക്ക് പോകുന്നു, കൂടെ ആരൊക്കെയുണ്ട്, എന്ന് തിരിച്ചു വരും, എന്നെ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വേറെ ആരെ വിളിക്കണം എന്നെല്ലാം പറഞ്ഞിട്ടാണ് പോകുന്നത്.പിന്നെ ആരെയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്യാത്ത ആളാണ് ഞാൻ എന്നെക്കൊണ്ട് കഴിയുന്ന സഹായം ആർക്കും ചെയ്യുന്ന വ്യക്തിയുമാണ്. എന്നെ നേരിട്ട് അറിയാവുന്നവർക്ക് എന്റെ സ്വഭാവം നന്നായി അറിയാം. എനിക്ക് രണ്ടു മക്കളാണ്, മകൻ പ്ലസ് ടു കഴിഞ്ഞു, മകൾ എട്ടാം ക്ലാസിലാണ്. മക്കള്‍ ഉണ്ടാകുന്നതിനു മുന്നേ അഭിനയിച്ച സിനിമകളെ കുറിച്ചാണ് ഇപ്പോൾ ഈ ട്രോളുകൾ വരുന്നത് അവർ അതൊന്നും കണ്ടിട്ടില്ല. കുട്ടികളുടെ കയ്യിൽ മൊബൈൽ ഉള്ളതുകൊണ്ട് ഇൻസ്റ്റാഗ്രാമൊക്കെ കാണും. അപ്പോൾ അവർ ഈ ട്രോൾ എല്ലാം കാണാറുണ്ട്.

നാഗ എന്ന പ്രണയിനി
സിജു സണ്ണി സിനിമയിൽ വരുന്നതിനു മുന്നേ തന്നെ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കണ്ടന്റ് ക്രിയേറ്റർ ആയിരുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയുടെ വൈബ് നന്നായി അറിയാം. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ വിളിച്ചു ചോദിക്കുന്നത് സിജുവിനെയാണ്. ഏത് ടൈപ്പ് ഓഡിയൻസിന് എന്ത് കൊടുക്കണമെന്ന് സിജുവിന് നന്നായി അറിയാം. ഏത് കണ്ടന്റ് ഇട്ടു കഴിഞ്ഞാൽ എത്ര ലൈക് കിട്ടും എത്രമാത്രം ഷെയർ ചെയ്യപ്പെടും എന്ന് കൃത്യമായി അറിയാം. അതുകൊണ്ട് അത്തരം ഒരുപാട് കാര്യങ്ങൾ സിജു ഈ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ പെയർ ആയി വരുന്ന വ്യക്തിയെയും അങ്ങനെ ഉൾപ്പെടുത്തിയതാണ്, ഞാൻ ചോദിച്ചു സിജു ഈ ക്യാരക്ടറിന് ഏതെങ്കിലും നടിയെ ഉപയോഗിച്ചാൽ പോരെ എന്ന്. അപ്പോൾ സിജു പറഞ്ഞു അല്ല ചേട്ടാ നാഗ സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ് ഇവരുടെ ശബ്ദം കേട്ടാൽ തന്നെ ആൾക്കാർ തിരിച്ചറിയും.
ഞാൻ സോഷ്യൽ മീഡിയ അധികം ഫോളോ ചെയ്യാത്തത് കൊണ്ട് എനിക്ക് അവരുടെ വിഡിയോകൾ ഒന്നും കണ്ടു പരിചയം ഇല്ല. സിജു കാണിച്ചപ്പോഴാണ് കുറച്ചു വിഡിയോകൾ ഞാൻ കണ്ടത്. പ്രേക്ഷകർ സ്വീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ലായിരുന്നു പക്ഷേ കഥാപാത്രത്തിന് നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ട്രെയിലറിൽ നാഗയുടെ ഫോട്ടോ കാണിച്ചിരുന്നു, കഥാപാത്രത്തിന് വേണ്ടി അവർ തന്നെയാണ് ഡബ്ബ് ചെയ്തത്. സിജുവും ടീമും അവരുടെ വീട്ടിൽ പോയി പറഞ്ഞു ഡബ്ബ് ചെയ്യിച്ച് എടുത്തു കൊണ്ടുവന്നതാണ്. അവർക്ക് നല്ല റീച്ചും ഫോളോവേഴ്‌സും ഉള്ള ആളാണ് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്, എനിക്ക് അവരെ അറിയില്ലായിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ് ഇതൊക്കെ പണ്ടാണെങ്കിൽ ഇങ്ങനെയൊന്നും ആരും ചിന്തിക്കില്ല. ന്യൂ ജനറേഷൻ കുട്ടികളുടെ ചിന്തകളും വിജയവും ഇതൊക്കെയാണ്. ഇന്നലെ നാഗയും ഞാനും ഒരുമിച്ചുള്ള ഒരു ഫോട്ടോ റീല് ആക്കി ഇൻസ്റ്റഗ്രാമിൽ ഇട്ടിട്ടുണ്ട് ഇപ്പോൾ തന്നെ 60 ലക്ഷത്തിൽ കൂടുതൽ ആളുകൾ അത് കണ്ടു കഴിഞ്ഞു.
പ്രതീക്ഷിക്കാത്ത റൊമാന്റിക് ട്രാക്ക്
എന്നെ പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രത്തിലാണ് കണ്ടത് ഇത്തരം ഒരു കഥാപാത്രത്തിൽ പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് സുഹൃത്തുക്കൾ എല്ലാവരും പറയുന്നത്. ഇങ്ങനെ ഒരു ഒരു റൊമാന്റിക് ട്രാക്കിൽ ഒന്നും ആരും എന്നെ പ്രതീക്ഷിച്ചിട്ടില്ല. വളരെ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത് ഇന്നലെ ഒക്കെ എല്ലാ ഷോയും ഫുള്ളായിരുന്നു തിയറ്ററിൽ വിസിറ്റിന് പോകുമ്പോൾ വലിയ സ്വീകരണമാണ് ലഭിക്കുന്നത് കഥാപാത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. ഇന്നലെ സിദ്ദിഖ് ലാലിലെ ലാലേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു, അദ്ദേഹം സിനിമയെപ്പറ്റി നല്ല അഭിപ്രായങ്ങൾ പറഞ്ഞു അതുപോലെ ഒരുപാട് സുഹൃത്തുക്കൾ സിനിമയിലെ ടെക്നീഷ്യന്മാർ ഒക്കെ ഒരുപാട് പേർ വിളിച്ച് സിനിമയെക്കുറിച്ച് നല്ല പ്രതികരണങ്ങളാണ് തരുന്നത്. ഇനിയിപ്പോൾ അവധി ദിവസങ്ങൾ ആണ് വരുന്നത് അപ്പോഴും സിനിമയ്ക്ക് പ്രേക്ഷകർ ഉണ്ടാകും എന്ന് കരുതുന്നു. മമ്മൂക്കയുടെ പടത്തിനും പടത്തിനും നമ്മുടെ പടത്തിനും ഒക്കെ നിറയെ ആളുണ്ട് എല്ലാ സിനിമകളും വിജയിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിജയിക്കുന്ന സിനിമയിൽ ഭാഗമായിട്ട് നമുക്ക് എന്തെങ്കിലും പ്രയോജനം കിട്ടുകയുള്ളൂ നമ്മൾ ഗംഭീരമായി പെർഫോം ചെയ്തിട്ട് ആ സിനിമ ആരും കണ്ടില്ല എങ്കിൽ കാര്യമില്ലല്ലോ എല്ലാം ഒത്തുചേരുമ്പോഴാണ് മുഴുവൻ ഗുണവും കിട്ടുന്നത്.
ഫഹദ് ഫാസിലിന്റെ ഓടും കുതിര മുതൽ കൃഷാന്തിന്റെ സിനിമ വരെയുള്ള പുതിയ പ്രോജക്ടുകൾ
പുതിയ കുറച്ചു പടങ്ങൾ ചെയ്തു വച്ചിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിൽ അഭിനയിച്ചു, ഫ്ലാസ്ക് എന്നൊരു സിനിമ ചെയ്തു, അതിൽ കുറച്ച് സീരിയസായ കഥാപാത്രമാണ് എങ്കിലും അവിടെ ചിരിയും കാര്യങ്ങളും ഒക്കെ ഉണ്ട്, ഒരു ക്യൂട്ട് ആയ സബ്ജക്ട് ആണ്, അതിന്റെ പണി കഴിഞ്ഞിരിക്കുന്നു, ഈ സിനിമയുമായി ഒരിക്കലും കമ്പയർ ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രമാണ് അത്. നിവിൻ പോളി നിർമ്മിക്കുന്ന ഒരു സിനിമയുണ്ട്, അതും ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ജയസൂര്യയും വിനായകനും അഭിനയിക്കുന്ന ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കൃഷാന്ത് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് അത് ഒരു വ്യത്യസ്തമായ സിനിമയാണ്. അങ്ങനെ കുറെ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു കൊണ്ടിരിക്കുന്നു. ഈ വർഷം നല്ലൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.