വാസന്തിയും ലക്ഷ്മിയും വാരിയത് മൂന്നരക്കോടി; ആകെ ചെലവ് 45 ലക്ഷം
Mail This Article
കർക്കടകത്തിലെ കറുത്ത വാവിന് റെക്കോർഡിങ് തുടങ്ങി ദുഃഖവെള്ളിയാഴ്ച ഷൂട്ടിങ് ആരംഭിച്ച സിനിമയാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. ‘‘ഞങ്ങൾ അവിശ്വാസികളായിരുന്നില്ല. പരീക്ഷണ ചിത്രമെന്ന നിലയിൽ ഞങ്ങൾ സാഹസികമായി വ്യത്യസ്തരാവുകയായിരുന്നു. അന്ധന്റെ കഥ പറയുന്ന ഡാർക്ക് സിനിമയ്ക്ക് ഇതിനേക്കാൾ നല്ല തുടക്കം മറ്റെന്താകാനാണ്.’’– സംവിധായകൻ വിനയൻ പറയുന്നു.
സിനിമ വന്ന വഴി
വിനയൻ ചിത്രമായ കല്യാണസൗഗന്ധികത്തിന്റെ സെറ്റ്. സല്ലാപത്തിനു ശേഷം കലാഭവൻ മണിക്ക് ശ്രദ്ധേയമായ വേഷമുള്ള സിനിമയാണ് കല്യാണസൗഗന്ധികം. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മണി പുതിയൊരു നമ്പർ കാണിക്കാമെന്നു പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്ന അന്ധൻ–അതായിരുന്നു പുതിയ നമ്പർ. ക്യാപ്റ്റൻ രാജുവും ഹരിശ്രീ അശോകനും ശിവാജിയുമെല്ലാം സാക്ഷി നിൽക്കേ അന്ധനെ അവതരിപ്പിച്ച് മണി എല്ലാവരെയും വിസ്മയിപ്പിച്ചു.
വിനയൻ പറഞ്ഞു: ‘‘ഇതു മിമിക്രിയല്ലെടാ. സംഭവം കലക്കി. അന്ധനെ സെന്റർ ക്യാരക്ടരാക്കി പടമെടുക്കാമെന്നു പോലും തോന്നുന്നു. നീയാകണം നായകൻ.’’ ആ നിമിഷത്തെ ആഹ്ലാദത്തിൽ വിനയൻ അങ്ങനെ പറഞ്ഞു പോയതാണ്. പക്ഷേ, കലാഭവൻ മണി അത് മനസ്സിലെടുത്തു, താലോലിച്ചു വളർത്തി. വിനയനെ വിടാതെ പിടികൂടി: ‘‘എന്നെ നായകനാക്കാമെന്നു പറഞ്ഞ പടമെന്നു തുടങ്ങും?’’
മൂന്നുവർഷം ഈ ചോദ്യത്തിന്റെ താരാട്ടുപാടി തന്റെ സ്വപ്നം വളർത്തി. പതുക്കെ ആ സ്വപ്നം വിനയന്റേതു കൂടിയായി മാറി. അങ്ങനെ 1999 ഡിസംബറിൽ വാസന്തിക്കും ലക്ഷ്മിക്കുമൊപ്പം വന്ന് കലാഭവൻ മണി തിയറ്ററുകളെ ഈറനണിയിച്ചു. ദേശീയ, സംസ‌്ഥാന ജൂറിയുടെ പ്രത്യേക പരാമർശത്തിന് മണി അർഹനായി. അതിൽ കൂടുതൽ അർഹിച്ചിരുന്നുവെന്നു പലരും വിശ്വസിക്കുന്നുവെങ്കിലും.
അന്ധത
കുട്ടനാട്ടിലെ പുതുക്കരിയിലെ വീട്ടിൽ നിന്നു ചിത്രക്കരിയിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ആൽത്തറയിലെ അന്ധനെ വിനയന് അറിയാമായിരുന്നു. കുട്ടികളുടെ കൂട്ടുകാരനായിരുന്നു അയാൾ. കൂട്ടികൾ അവരുടെ പോക്കറ്റിൽ നിന്ന് നാണയത്തുട്ടുകൾ പുറത്തെടുക്കാൻ തുടങ്ങുമ്പോഴേ അത് ഏതു നാണയമാണെന്ന് അയാൾ പറയുമായിരുന്നു. മുഖത്തുവീഴുന്ന വെയിലിലൂടെ അയാൾ സമയമറിഞ്ഞ് കൃത്യമായി പറഞ്ഞ് നാട്ടുകാരെ അമ്പരപ്പിച്ചിരുന്നു. ആ അനുഭവങ്ങളെല്ലാം കഥാപാത്രസൃഷ്ടിയിൽ ഉപയോഗിച്ചു. ജെ.പള്ളാശേരിയായിരുന്നു തിരക്കഥാകൃത്ത്.
ഗാനങ്ങൾ
നാടോടി സ്വഭാവമുള്ള ഗാനങ്ങളായിരുന്നു. മോഹൻ സിതാര സംഗീത സംവിധായകൻ. ‘ആലിലക്കണ്ണാ’ പാടിയ യേശുദാസിന് അവാർഡ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നതായി വിനയൻ. ‘ചാന്തുപൊട്ടും ചങ്കേലസും’ എന്ന ഗാനത്തിന് എം.ജി. ശ്രീകുമാറിനായിരുന്നു ദേശീയ പുരസ്കാരം. സിനിമയുടെ ആകെ നിർമാണ ചെലവ് 45 ലക്ഷമായിരുന്നു. കാസെറ്റിന്റെ റൈറ്റ് വിറ്റുപോയത് 30 ലക്ഷത്തിനും!
മണിയെന്ന നക്ഷത്രം
സിനിമ ഹിറ്റ് ആകുമോ എന്നറിയില്ലെങ്കിലും മണി പേരെടുക്കുമെന് ഉറപ്പായിരുന്നെന്നു വിനയൻ. കോഴിക്കോട് സിനിമ കണ്ട ഹരിഹരൻ വിനയനെ വിളിച്ചു പറഞ്ഞു: ‘‘ആളു കുറവാണ്, പക്ഷേ, പടം നന്നായിട്ടുണ്ടെടാ’’. അഞ്ചാറു ദിവസം കഴിഞ്ഞാണ് തിയറ്ററുകൾ നിറയുന്നത്. ഇന്നായിരുന്നെങ്കിൽ പടം തിയറ്ററുകാർ എടുത്തു മാറ്റിയേനെ. കണ്ടവർ കാണാത്തവരോടു പറഞ്ഞു പടം സൂപ്പർ ഹിറ്റാക്കി. മൂന്നരക്കോടി രൂപയാണ് വാരിയെടുത്തത്. ലാഭക്കൂമ്പാരത്തിനിടയിൽ ഒരു നക്ഷത്രം കിടന്നു തിളങ്ങി. കലാഭവൻ മണി എന്നു പേരുള്ള നക്ഷത്രം.