ഫ്രണ്ട്സിലെ ‘ചുറ്റിക സീൻ’ വെട്ടി നീക്കി; ചിത്രീകരിച്ചത് പായ്ക്കപ്പ് ദിനത്തിൽ
Mail This Article
ഫ്രണ്ട്സ് മലയാളം പതിപ്പിന്റെ വൻ വിജയത്തെ തുടർന്നാണ് തമിഴിലും ഇതെടുക്കുന്നത്. എന്നാൽ മലയാള ഫ്രണ്ട്സിൽ നിന്നു തന്നെ ഈ സീൻ പുറത്തു പോയതായിരുന്നു. ‘‘ഇപ്പോൾ തന്നെ സിനിമയിൽ തമാശ ഏറെയുണ്ട്. ഇതു കൂടി വന്നാൽ ദൈർഘ്യം കൂടും’ എന്ന് നിർമാതാവിന് അഭിപ്രായമുണ്ടെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് വൈക്കം സംവിധായകൻ സിദ്ദീഖിനെ അറിയിക്കുന്നു.
തുടർന്ന് സിദ്ദീഖ് ആ സീൻ വെട്ടി നീക്കി. തലയിൽ വീഴാനുള്ള ചുറ്റിക വരെ കലാസംവിധായകൻ മണി സുചിത്ര ഇതിനോടകം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ചുറ്റിക സീൻ വെട്ടിപ്പോയി എന്നറിഞ്ഞതോടെ സഹസംവിധായകർക്ക് വിഷമമായി. അവർ നായകനായ ജയറാമിനോട് സങ്കടം പറഞ്ഞു. ഇത്രയും കോമഡിയുള്ള സീൻ എന്തായാലും എടുക്കണമെന്നായി ജയറാം. അങ്ങനെ വെട്ടിയ ആ സീൻ വെട്ടത്തിലാക്കാൻ തീരുമാനമായി.
ഷൂട്ടിങ് കഴിഞ്ഞ് പായ്ക്കപ്പിന്റെ സമയമായിരുന്നു അത്. ചുറ്റിക സീനെടുക്കാൻ അര ദിവസം മതി. പിറ്റേന്ന് രാവിലെ എഴുമണിക്ക് ഷൂട്ടിങ് തുടങ്ങാമെന്ന് ധാരണയായി. അപ്പോഴാണ് വിന്ധ്യന്റെ സഹോദരൻ ദിനൻ എത്തുന്നത്. അവരുടെ സിനിമയിൽ ജയറാമിന്റെ ഡബ്ബിങ് ബാക്കിയുണ്ട്. ജയറാമിനെ ഉടൻ കിട്ടിയേ തീരൂ–ഒഴിയാനാകില്ല. പിറ്റേന്ന് ജയറാം ആ പടത്തിന്റെ ഡബ്ബിങ്ങിന് പോയി. സീനിനു വേണ്ടി വാദിച്ച ജയറാമില്ലാതെ പിറ്റേന്ന് ലാസർ എളേപ്പന്റെ തലയിൽ ചുറ്റിക വീഴുന്ന സീൻ എടുത്തു, ലാസറായത് ജഗതി.
ഇന്നസന്റിനു വച്ച വേഷം
ലാസർ എളേപ്പനായി തീരുമാനിച്ചത് ഇന്നസന്റിനെയായിരുന്നു. പക്ഷേ, പിന്നീട് സത്യൻ അന്തിക്കാടും പ്രിയദർശനും ഇന്നസൻറിന്റെ ഡേറ്റ് ചോദിച്ചു. എന്തു ചെയ്യണമെന്ന് ഇന്നസൻറ് സിദ്ദീഖിനോടും ചോദിച്ചു. ചേട്ടൻ തീരുമാനിച്ചു കൊള്ളാൻ സിദ്ദീഖ് മറുപടി പറഞ്ഞു.
മൂന്നു പേരും വേണ്ടപ്പെട്ടവർ. അതുകൊണ്ട് ചേട്ടൻ തീരുമാനിച്ചു. ആരുടെയും പടത്തിൽ അഭിനയിക്കുന്നില്ല. അങ്ങനെയാണ് ജഗതി ശ്രീകുമാർ ലാസർ എളേപ്പനാകുന്നത്.
ലാസർ നേശമണിയാകുന്നു
തമിഴ് ഫ്രണ്ട്സിൽ ലാസറിന്റെ കഥാപാത്രത്തിന്റെ പേരാണ് നേശമണി. അവതരിപ്പിച്ചത് വടിവേലു. വടിവേലുവാണ് ലാസറാകുന്നത് എന്നറിഞ്ഞ ഇളയരാജ സിദ്ദീഖിനോട് പറഞ്ഞു: ജഗതി അഭിനയിച്ചത് കാണാൻ വടിവേലുവിനോട് പറയണം. സിദ്ദീഖ് ഇതു വടിവേലുവിനോട് പറഞ്ഞു. വലിയ താൽപര്യമായി വടിവേലുവിന്. കണ്ടാൽ അനുകരണം വന്നാലോ എന്ന് സംശയിച്ച് കാണേണ്ട എന്നായി സിദ്ദീഖ്. ഏതായാലും വടിവേലു തകർത്ത് അഭിനയിച്ചു.
നായകനായ വിജയിന് ഒരു കുഴപ്പമുണ്ട്. തമാശ കണ്ടാൽ ചിരി അടക്കാൻ കഴിയില്ല. അതിനാൽ കോംപിനേഷൻ തമാശ സീനുകളിൽ നിന്ന് തന്നെ മാറ്റണമെന്നായി വിജയ്. അതിന് സംവിധായകൻ ഒരു പ്രതിവിധി നിർദ്ദേശിച്ചു. തിരിഞ്ഞു നിൽക്കുക. ഈ സിനിമയിൽ പല സീനുകളിലും വിജയ് തിരിഞ്ഞു നിൽക്കുന്നതു കാണാം. ചുറ്റിക സീനിലും വിജയ് തിരിഞ്ഞു നിന്നു ചിരിച്ചു. മലയാളത്തെക്കാൾ ദൈർഘ്യമുണ്ട് തമിഴിൽ ഈ സീനിന്. വീടിനു ചുറ്റും ഓടിക്കുന്നതെല്ലാം അവിടെയുണ്ട്.
ആ ശബ്ദം കൃത്രിമം
പ്രസാദ് 70 എംഎം സ്റ്റുഡിയോയിലായിരുന്നു മിക്സിങ്. തലയിൽ ചുറ്റിക വീഴുമ്പോൾ ഇരുമ്പ് ചുറ്റിക ഇരുമ്പിൽ വീഴുന്ന ശബ്ദമാണ് ഇട്ടിരിക്കുന്നത്. റെക്കോർഡിസ്റ്റ് പറഞ്ഞു: ‘ഇത് വളരെ കൃത്രിമമാണ്.’ ശരിയാണ് ചുറ്റിക തലയിൽ വീണാൽ ലോഹ ശബ്ദം ഉണ്ടാകില്ല.
‘പക്ഷേ ആ ശബ്ദം തന്നെ വേണം എന്നാലേ ഹ്യൂമർ ഉണ്ടാകൂ’ എന്ന് സിദ്ദീഖ്. പ്രിവ്യു കണ്ട് കൂട്ടച്ചിരികേട്ടു കഴിഞ്ഞപ്പോൾ റെക്കോർഡിസ്റ്റും അത് സമ്മതിച്ചു.
കൊട്ടാരം
ചുറ്റിക സീനിലെ കൊട്ടാരം ചെന്നൈയിലെ കുശാൽ ദാസ് ബിൽഡിങ്ങാണ്. അത് ഇന്നില്ല. പൊളിച്ചു കളഞ്ഞു.
ചുറ്റിക
കൈയിൽ നിന്നു വീഴുന്ന ചുറ്റിക ഇരുമ്പിന്റെയാണ്. തലയിൽ വീഴുന്നത് റബറിന്റേതും. (മലയാളം പതിപ്പിലെ അതേ കൊട്ടാരവും ചുറ്റികയും ആണ് തമിഴിലും ഉപയോഗിച്ചിരിക്കുന്നത്).
പ്രയോഗം
ചുറ്റിക സീനിലുള്ള ‘ആണിയേ പുടുങ്ക വേണ്ട’ എന്ന എന്ന ഡയലോഗ് തമിഴിലെ ഭാഷാപ്രയോഗമായി മാറി. ‘വേണമെങ്കിൽ അര മണിക്കൂർ മുമ്പേ പുറപ്പെടാം’ എന്ന മലയാളം ഡയലോഗ് പോലെ. നീ ആണിയേ പുടുങ്ക വേണ്ട എന്നു പറഞ്ഞാൻ പറ്റാത്ത പണിക്ക് പോകേണ്ട, പ്ലീസ് എന്നാണർഥം. നിന്റെ പണി സൂപ്പറായിട്ടുണ്ട്. ഇനിയെങ്ങാനും ഇങ്ങനെ ചെയ്താൽ ഞാൻ നിന്നെ ശരിപ്പെടുത്തും എന്നു മറ്റൊന്ന്.