‘ഇപ്പോഴും കാൽപാദത്തിലെ നീല നിറം മാറിയിട്ടില്ല’; നീത പിള്ള അഭിമുഖം
Mail This Article
‘‘ഇന്ത്യൻ അതിർത്തിയിലെ അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്ന മാനയിലായിരുന്നു അന്നു ഷൂട്ടിങ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് മാന. ഞങ്ങൾ ചെല്ലുമ്പോൾ തന്നെ നല്ല മഞ്ഞുവീഴ്ചയുണ്ട്. ആക്‌ഷൻ സീനുകൾക്കിടെ എന്റെ ഷൂസിനകത്ത് മഞ്ഞുകയറി. ഞാനത് കാര്യമാക്കിയില്ല. പിറ്റേന്ന് രാവിലെയായപ്പോഴേക്കും വിരലുകൾ അനങ്ങുന്നില്ല. നല്ല വേദനയും. പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഇതാണ് ഫ്രോസ്റ്റ് ബൈറ്റ്. ഇപ്പോഴും കാൽപാദത്തിലെ നീല നിറം മാറിയിട്ടില്ല ’’– എബ്രിഡ് ഷൈന്റെ പുതിയ ചിത്രമായ കുങ്ഫൂമാസ്റ്ററിലെ ആക്ഷൻ നായിക നീത പിള്ള ഹിമാലയൻ താഴ്‍വരയിലെ കൊടുംതണുപ്പിലെ അനുഭവങ്ങളിലൂടെ നടന്നു.
‘പൂമര’ത്തിൽ ഐറിൻ എന്ന കോളജ് യൂണിയൻ ചെയർപഴ്സനായി അരങ്ങേറിയ നീത ഒരു വർഷത്തെ മാർഷ്യൽ ആർട്സ് പരിശീലനത്തിനു ശേഷമാണ് കുങ്ഫൂമാസ്റ്ററിലെ ഋതുവായത്.
‘‘പുമരത്തിന്റെ അവസാന ഷെഡ്യൂളിൽ തന്നെ അടുത്തു ചെയ്യുന്ന ആക്‌ഷൻ സിനിമയെക്കുറിച്ച് എബ്രിഡ് സാർ പറഞ്ഞിരുന്നു. ആദ്യം കിക് ബോക്സിങ്ങാണ് പരിശീലിച്ചത്. പിന്നീട് രണ്ടുമാസം തയ്ക്വാൻഡോ പഠിച്ചു. പിന്നെ ജൂഡോയും കുങ്ഫൂവും. സാധാരണ സിനിമകളിലെ ആക്‌ഷൻ സീനുകളിൽ ബോഡി കോൺടാക്ട് കുറവാണ്. ഇവിടെ പൂർണമായും ബോഡി കോൺടാക്ട് വേണ്ട സീനുകളാണ് ചെയ്തത്. ഈ സിനിമയിലെ ഓരോ വീഴ്ചകളും ശരിക്കുള്ള വീഴ്ചകളാണ്. ’’
‘ഓരോ പഞ്ചും റിയൽ പഞ്ചുകളാണ്. ഓരോ ബ്ലോക്കും റിയൽ ബ്ലോക്കുകളാണ്. അതുകൊണ്ട് നല്ലൊരു ഇടി ചിലപ്പോൾ മൂക്കിനായിരിക്കും കൊള്ളുക. ഈ രംഗത്തെ വലിയ പ്രതിഭകൾക്കൊപ്പമാണ് ഇത്തരം സീനുകൾ ചെയ്തത്.’
‘കൊച്ചിയിൽ പരിശീലനം ലഭിച്ച് ഹിമാലയൻ താഴ്‍വരയിൽ ഷൂട്ടിങ്ങിനു ചെന്നപ്പോഴാണ് യഥാർത്ഥ പ്രതിസന്ധിയുണ്ടായത്. നമ്മൾ ഉറച്ച പ്രതലത്തിൽ നിന്നാണ് ആക്‌ഷൻ ചെയ്യാൻ പഠിച്ചത്. മഞ്ഞിൽ നിൽക്കുന്നത് തന്നെ പാടാണ്. അതിൽനിന്ന് ആക്‌ഷൻ ചെയ്യുമ്പോൾ അതിലേറെ കഷ്ടപ്പാടാണ്. ഷൂട്ടിങ്ങിനിടെ രണ്ടു തവണ പരുക്കേറ്റു. വലിയ ഇടവേള വേണ്ടിവന്നു തിരിച്ചുവരാൻ ’’– നീത തന്റെ രൂപമാറ്റങ്ങളെക്കുറിച്ച് പറഞ്ഞു.
‘‘ബദരീനാഥ്, ചൈനീസ് അതിർത്തി, ഉത്തരാഖണ്ഡ് തുടങ്ങി ഹിമാലയത്തിന്റെ പല താഴ്‍വരകളിലായി 170 ദിവസത്തിലേറെയാണ് ‘കുങ്ഫൂമാസ്റ്റർ’ ചിത്രീകരിച്ചത്. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ മാത്രമേ ചിത്രീകരണം സാധ്യമാകാറുള്ളൂ. പ്രതികൂല കാലാവസ്ഥയും മഞ്ഞുവീഴ്ചയും ഒരുവശത്ത്. ആക്‌ഷന്റെ പരുക്കും ക്ഷീണവും മറുവശത്ത്. എന്നാൽ ഡബ്ബിങ്ങിനിരുന്നപ്പോൾ അതെല്ലാം മറന്നു. അത്ര സുന്ദരമായ വിഷ്വലുകൾ. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകൾ. മേജർ രവിസാറിന്റെ മകൻ അർജുനാണ് ക്യാമറ ചെയ്തത്. അർജുനും ഈ സിനിമയിൽ അഭിമാനിക്കാം’’
‘‘ എന്റെ കഥാപാത്രം ഋതു ഉത്തരേന്ത്യയിൽ സെറ്റിൽ ചെയ്ത ഒരു മലയാളിപ്പെൺകുട്ടിയാണ്. അവരുടെ ജീവിതത്തിലെ ചില നിർണായക സംഭവങ്ങളാണ് സിനിമ’’
തൊടുപുഴ സ്വദേശിയാണ് നീത. റിട്ട. എൻജിനീയർ പി.എൻ. വിജയന്റെയും ഫെഡറൽ ബാങ്ക് മാനേജർ മഞ്ജുള ഡി.നായരുടെയും മകൾ. യുഎസിൽ പെട്രോളിയം എൻജിനീയറിങ്ങിൽ എംഎസിനു പഠിക്കുമ്പോൾ അവസാന സെമസ്റ്റർ സമയത്താണ് നീത പൂമരത്തിൽ അഭിനയിച്ചത്. എംഎസ് പൂർത്തിയാക്കി അതേ യൂണിവേഴ്സിറ്റിയിൽ തന്നെ എംബിഎയ്ക്ക് ചേർന്നെങ്കിലും അപ്പോഴേക്കും സിനിമയിൽ സജീവമായി.
‘‘ജീവിതം നമുക്കായി എന്തെല്ലാം അദ്ഭുതങ്ങളാണ് കാത്തുവച്ചിരിക്കുന്നതെന്ന് പറയാൻ കഴിയില്ലല്ലോ. എല്ലാം അപ്രതീക്ഷിതമായിരുന്നു. ഇനിയുള്ളതും അങ്ങനെയാകട്ടെ. വിയർപ്പൊഴുക്കി ഒരു സിനിമ ചെയ്തതിന്റെ സംതൃപ്തിയുണ്ട്. ബാക്കി പ്രേക്ഷകർ പറയട്ടെ ’’– നീത തന്റെ സ്വപ്നങ്ങളെ ചേർത്തു നിർത്തി പറയുന്നു.