ADVERTISEMENT

പ്രേക്ഷകരുടെ ഉള്ളിൽ ഭയം ജനിപ്പിക്കാൻ ചെറിയൊരു ചിരി മതിയെന്നു തെളിയിക്കുകയാണ് അഞ്ചാം പാതിരയിലൂടെ ഇന്ദ്രൻസ്. സ്ക്രീനിൽ ഒരു തരി ചോര പോലും വീഴ്ത്തുന്നില്ലെങ്കിലും ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ രവി എന്ന സീരിയർ കില്ലർ സൃഷ്ടിക്കുന്ന ഭീതി ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും മിനിറ്റുകൾ കൊണ്ട് ഒരു സീരിയൽ കില്ലറിന്റെ മാനസികാവസ്ഥയെ അതിസൂക്ഷ്മമായി ഇന്ദ്രൻസ് അവതരിപ്പിക്കുന്നു. 

 

'എന്റെ കഥാപാത്രം ഇത്രത്തോളം ഗംഭീരമാണെന്ന് അറിയില്ലായിരുന്നു'– റിപ്പർ രവിയായുള്ള പകർന്നാട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ദ്രൻസിന്റെ മറുപടി ഇങ്ങനെ. നിഷ്കളങ്കമായൊരു ചിരിയും ആ മറുപടിക്ക് പിന്നാലെയെത്തി. അഞ്ചാം പാതിരയിലെ തന്റെ കഥാപാത്രത്തെപ്പറ്റി ഇന്ദ്രൻസ് പറഞ്ഞു തുടങ്ങി. 

 

'ഇത് ഇന്ദ്രൻസേട്ടൻ ചെയ്താൽ മതി', സംവിധായകൻ പറഞ്ഞു

 

സംവിധായകൻ മിഥുൻ എന്നെ വിളിച്ചിട്ടു പറഞ്ഞു, 'ചേട്ടാ, ഒരു കുഞ്ഞുവേഷമുണ്ട് സിനിമയിൽ... ഒരു ദിവസത്തെ വർക്കേ ഉണ്ടാകൂ... വലിയ ആളൊക്കെ ചെയ്യേണ്ട കഥാപാത്രമാണ്. പക്ഷേ, അത് ഇന്ദ്രൻസേട്ടൻ ചെയ്താൽ മതിയെന്നാണ് എനിക്ക്', എന്ന്. അതു കേട്ടപ്പോൾ കുറച്ചു ബലമുള്ള കഥാപാത്രമാകും എന്നു തോന്നി. വലിയ അനുഭവത്തിൽ നിന്നുണ്ടാക്കിയ തിരക്കഥയാണെന്ന് സംവിധായകൻ പറഞ്ഞിരുന്നു. പിന്നെ അവർ പറഞ്ഞു തന്നത് അതുപോലെ ചെയ്തപ്പോൾ ആ കഥാപാത്രം ശരിയായി ചെയ്തെന്ന തോന്നലുണ്ടായിരുന്നു. അവരുടെ മനസിൽ കൃത്യമായി ആ കഥാപാത്രം അങ്ങനെ നിൽക്കുന്നതുകൊണ്ട് അതു പറഞ്ഞു തരുമ്പോൾ അതനുസരിച്ചു ചെയ്യാൻ എളുപ്പമാണ്. 

 

'സിനിമ കണ്ടപ്പോൾ ഞെട്ടി'

 

ഇത്രത്തോളം ഗംഭീര കഥാപാത്രമാണെന്ന് എനിക്കു അറിയില്ലായിരുന്നു. സിനിമയുടെ സബ്ജകറ്റ് വളരുന്നതിന് അനുസരിച്ച് ആർടിസ്റ്റിന് ആ കഥാപാത്രത്തിന്റെ വ്യാപ്തി അറിയാൻ കഴിയില്ലല്ലോ! പടം കണ്ടപ്പോൾ ഈ ക്യാരക്ടറിന് സബ്ജകറ്റുമായുള്ള ബന്ധം എന്നെയും ഞെട്ടിപ്പിച്ചു. അതു ഞാൻ ഡയറക്ടറെ വിളിച്ചു പറയുകയും ചെയ്തു. ഇത്രയും വലിയ വേഷമാണോ എനിക്കു തന്നത് എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. റിപ്പർ ചന്ദ്രൻ എന്ന പേരിൽ യഥാർഥത്തിൽ ഒരു കൊലയാളി ഉണ്ടല്ലോ! അയാളെക്കുറിച്ച് വാർത്തകളിൽ വായിച്ചു പരിചയമുണ്ട്. സിനിമ കണ്ട്, കൂട്ടുകാർ വിളിച്ചു. നല്ല അഭിപ്രായമാണ് എല്ലാവർക്കും, ഇന്ദ്രൻസ് പറഞ്ഞു.  

 

2020ൽ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങളിലാകും ഇന്ദ്രൻസ് എത്തുക. പടവെട്ട്, അനുഗ്രഹീതൻ ആന്റണി, യുവം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. ഇനിയുമെത്ര കഥാപാത്രങ്ങളായി എത്തിയാലും, അതിഥി വേഷങ്ങളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച മഹാനടന്മാരുടെ കൂട്ടത്തിൽ ഇന്ദ്രൻസിന്റെ റിപ്പർ രവിയുമുണ്ടാകുമെന്നാണ് പ്രേക്ഷകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com