നടി ശാരദയ്ക്ക് എഴുപത്തിയഞ്ചാം പിറന്നാൾ
Mail This Article
മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി ശാരദയ്ക്ക് എഴുപത്തിയഞ്ചാം പിറന്നാൾ. ഒരുകാലത്ത് മലയാളിച്ചന്തത്തിന്റെ പ്രതീകമായിരുന്നു നടി ശാരദ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന നടി. തെലുങ്കില്‍ നിന്ന് മലയാളത്തിലെത്തി മൂന്നുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹയായ ശാരദ മുന്നൂറ്റി അന്‍പതിലേറെ സിനിമകളില്‍ നായികയായി.
അറുപതുകളിലും എഴുപതുകളിലും ഷീലയ്ക്കും ജയഭാരതിക്കുമൊപ്പം മലയാളസിനിമയുടെ അഭിഭാജ്യഭാഗമായിരുന്നു ശാരദ. നസീറിനും സത്യന്റെയും കൂടെ 'ഇണപ്രാവുകള്‍' എന്ന സിനിമയില്‍ അഭിനയ ജീവിതം തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. തുലാഭാരത്തിലൂടെ ആദ്യ ദേശീയപുരസ്കാരം. തുടര്‍ന്ന് 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി. 1977ല്‍ തെലുങ്ക് ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്‌കാരം ലഭിച്ചു.
മൂന്നൂറ്റി അന്‍പിലേറെ സിനിമകളില്‍ നായികയായ ശാരദയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ശാരദ. തെലുങ്കിലെ ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ശാരദയെയാണ് അവര്‍ അവതരിപ്പിച്ചത്. മലയാളത്തിലെ പ്രിയ ചിത്രം തുലാഭാരം.
രസകരമായ ഒരുഒാര്‍മയും ഇതിന് കാരണമാണ്. ഇതിലെ നായകന്‍ മരിക്കുമ്പോള്‍ ശാരദ അവതരിപ്പിച്ച നായിക അലമുറയിട്ട് കരയുന്നരംഗമുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തുലാഭാരം റീമേക്കുചെയ്തു. നായകന്മാര്‍ മാറിയെങ്കില്‍ നായിക ശാരദ തന്നെയായിരുന്നു. അങ്ങനെ നാലുഭാഷകളില്‍ നായകന്റെ മരണത്തിന് കരയേണ്ടിവന്നതാണ് ശാരദയെ ചിരിപ്പിക്കുന്നത്.