സിദ്ദീഖിന്റെ ആ പ്രസ്താവനയാണ് എന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്: നാസർ ലത്തീഫ്

Mail This Article
അമ്മ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സിദ്ദീഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ നാസര്‍ ലത്തീഫ്. ഇല്ലാത്ത ഭൂമി ‘അമ്മ’യ്ക്കു നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ താൻ കബളിപ്പിച്ചിട്ടില്ലെന്ന് നാസർ ലത്തീഫ് പറഞ്ഞു. തന്നെ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ നടൻ സിദ്ദിഖിനെതിരേ പരാതി നൽകുമെന്നും നാസർ വ്യക്തമാക്കി.നടൻ സിദ്ദീഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വിവാദ പരാമർശങ്ങളെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നാസർ ലത്തീഫിന്‍റെ വിശദീകരണം.
‘എന്റെ ഉടമസ്ഥതയിൽ ഏഴുപുന്നയിലുള്ള 20 സെന്റ് സ്ഥലം സംഘടനയ്ക്ക് ദാനമായി നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ സ്ഥലമേറ്റെടുക്കാൻ ‘അമ്മ’ തയാറായില്ല. സിനിമാ രംഗത്തുള്ള, വീടില്ലാത്തവർക്ക് വീടു നിർമിച്ചു നൽകാനായിരുന്നു ഈ ഭൂമി കൈമാറാമെന്ന് തീരുമാനിച്ചത്. ഇതിന്റെ രേഖകളുടെ പകർപ്പുകൾ ഇടവേള ബാബുവിന് രണ്ടുവർഷം മുന്നേ നൽകിയിരുന്നു. രണ്ടു സെന്റിൽ വീതം രണ്ടുനിലയുള്ള ചെറിയ വീടുകൾ എന്നതായിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്നാൽ, പിന്നീട് പല തവണ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അമ്മ ഭാരവാഹികളിൽനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
ഇതേ തുടർന്ന് പാട്ടുകാരായ സീറോ ബാബു, ഇബ്രാഹിം തുടങ്ങി ഏതാനും പേർക്ക് ആ ഭൂമി താൻ തന്നെ റജിസ്റ്റർ ചെയ്തു നൽകി. അവിടെ ഇപ്പോൾ നാലുവീടുകൾ പൂർത്തിയായി. നാലുവീടുകളുടെ കൂടി നിർമാണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിൽ സിദ്ദിഖ് ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത്.
വസ്തുത ഇതാണ് എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് സിദ്ദീഖ് ഇങ്ങനെയൊരു പരാമർശം നടത്തിയത് എന്നറിയില്ല. എനിക്കെതിരായ പരാമർശം പിൻവലിക്കാൻ സിദ്ദീഖ് തയാറാവണം. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കുകയാണ് സിദ്ദീഖ് ചെയ്തത്. ആ പ്രസ്താവനയാണ് എന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്.വിഷയത്തിൽ അമ്മയുടെ പ്രസിഡന്‍റ് മോഹൻലാലിന് പരാതി നൽകും. അതിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങും.’–നാസർ ലത്തീഫ് പറഞ്ഞു.
അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി നടൻ സിദ്ദീഖ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് വിവാദപരാമർശം ഉണ്ടായത്. കുറിപ്പിന്റെ അവസാന ഭാഗം ഇങ്ങനെയായിരുന്നു: '' ആരെയൊക്കെ തെരഞ്ഞെടുക്കണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം. നിങ്ങൾ ഓരോരുത്തരുമ നേരിട്ട് അറിയുന്നവരാണ് ഇവരെല്ലാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ അടിത്തറയിളക്കും എന്നും വീരവാദം മുഴക്കിയവരുമല്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന മോഹന വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല.