ആദ്യ സിനിമയ്ക്കായി നിരത്തുകളിൽ പോസ്റ്റർ ഒട്ടിച്ചു നടന്ന ആമിർ ഖാൻ; വിഡിയോ
Mail This Article
കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്യുന്ന താരമാണ് ആമിർഖാൻ. അതുകൊണ്ടു തന്നെ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്‌ഷനിസ്റ്റെന്നാണ് താരം അറിയപ്പെടുന്നത്. സൂപ്പർ താരത്തിലേക്കുള്ള ആമിറിന്റെ യാത്ര ഒട്ടും ലളിതമായിരുന്നില്ല. ഇപ്പോഴിതാ അത് വെളിവാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നായകനായി എത്തിയ ആദ്യ ചിത്രം ‘ഖയാമത്ത് സേ ഖയാമത്ത് തക്ക്’ റിലീസ് ചെയ്തപ്പോൾ സിനിമയുടെ പോസ്റ്ററുമായി നിരത്തുകളിലൂടെ പ്രമോഷൻ നടത്തുന്ന ആമിറിനെ വിഡിയോയില്‍ കാണാം.
1988ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിൽ ജൂഹി ചൗള ആയിരുന്നു നായിക. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ആമിർ തന്നെ തെരുവോരങ്ങളിൽ നോട്ടീസ് വിതരണം നടത്തുന്ന വിഡിയോ ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാണ്. ഓട്ടോ ഡ്രൈവർമാരോട് ചോദിച്ച് വണ്ടിയുടെ പുറകിലും മറ്റും പോസ്റ്റര്‍ ഒട്ടിക്കുന്നതും കാണാം.
‘വിജയം ഒരിക്കലും എളുപ്പമല്ല. ഓരോ വിജയഗാഥയ്ക്കും പിന്നിലും പോരാട്ടത്തിന്റെ ഒരു ചരിത്രമുണ്ട് എന്ന അടിക്കുറിപ്പോടു കൂടി ആമിറിന്റെ ഈ അപൂർവ വിഡിയോ പങ്കുവയ്ച്ചിരിക്കുന്നത് മുഹമ്മദ് സുഫിയാനാണ്.
1984ൽ ഹോളി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പ്രതിസന്ധികൾ എറെ നേരിട്ടാണ് സൂപ്പർ താര പദവി കരസ്ഥമാക്കിയത്.