ഓസ്ട്രേലിയയിൽ ഹിറ്റായ കള്ളപ്പവും മുളകിട്ട മീൻകറിയും; സ്നേഹക്കൂട്ടുമായി മലയാളിയുടെ 'തറവാട്'

Mail This Article
ബ്രിസ്ബേന്‍ ∙ സ്വന്തം മണ്ണില്‍ നിന്ന് പ്രവാസ മണ്ണിലേക്ക് പറിച്ചു നടുന്ന ഓരോ മലയാളിയും കുന്നോളം സ്വപ്നങ്ങള്‍ക്കൊപ്പം നാടിന്റെ ഒരു പിടി നല്ലോര്മകളും കൂടെ കൊണ്ടു പോരും. 2021ല്‍ ചിപ്പി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്കെത്തുമ്പോള് കോട്ടയത്തെ അടുക്കളയില്‍ നിന്നു രുചികളോടുള്ള അടങ്ങാത്ത സ്നേഹവും കൂടെ കൂട്ടി. നാട്ടില്‍ അമ്മയ്ക്കൊപ്പമിരുന്ന് കഴിച്ച ഓരോ ഉരുള ചോറും വിലമതിക്കാന്‍ കഴിയാത്തത്ര നല്ല ഓര്‍മകളായിരുന്നു. ഏറെ ദൂരം താണ്ടി ഇങ്ങ് ഈ വെള്ളക്കാരുടെ നാട്ടിലെത്തിയപ്പോള്‍ തന്റെ നഷ്ടം എത്ര വലുതാണെന്ന് ചിപ്പി തിരിച്ചറിഞ്ഞു.
സ്വാദിഷ്ടമായ ഭക്ഷണത്തെ ആത്രത്തോളം ഇഷ്ടപ്പെട്ട ചിപ്പി അത് പാകം ചെയ്യുന്നതിലും തന്റെ കഴിവ് തെളിയിച്ചു. കോട്ടയത്തെ രുചിക്കുട്ട് ഓസ്ട്രേലിയയില്‍ കൊണ്ടു വന്നു. അതിന് ചിപ്പി നല്കിയ പേരാണ് തറവാട് ഇന്ത്യന്‍ റസ്റ്ററന്റ്. നാട്ടില്‍ ഡയറ്റീഷ്യനും ഓസ്ട്രേലിയയില്‍ ഫുഡ് ടെസ്റ്റിങ് കമ്പനിയില്‍ ലാബ് ടെക്നീഷ്യനുമായി ജോലി ചെയ്തിരുന്ന ചിപ്പി ജോലി രാജിവച്ചാണ് റസ്റ്ററന്റ് തുടങ്ങിയത്.
ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്ന ക്ലീഷേ ചിപ്പിയുടെ കാര്യത്തില്‍ ഒന്ന് മാറ്റിപറയാം. ജീവിത പങ്കാളിയായ ജിതിന് തന്റെ സ്വപ്നത്തിലും പങ്കാളിയായെന്ന് ചിപ്പി പറയുന്നു. സോഫ്റ്റ്വെയര് ഡെവലപ്പറായ ഭര്‍ത്താവും തന്നെ പോലെ ഭക്ഷണ പ്രിയനാണ്. എന്നാല്‍ രണ്ടു പേര്‍ക്കും റസ്റ്ററന്റ് ബിസിനസിനെ കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സ്വപ്നത്തിന് പിന്നാലെ പോകാനുള്ള ഒരു മനസ്സായിരുന്നു. ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് ഇരുവരും വിചാരിച്ചു.

നാട്ടിലെ അതേ സ്വാദ് താനുണ്ടാക്കുന്ന വിഭവങ്ങളില്‍ കൊണ്ടുവരാനുള്ള പരീക്ഷണങ്ങളായിരുന്നു ചിപ്പി നടത്തിയിരുന്നതെങ്കില്‍ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ മാനേജ്മെന്റ് കാര്യങ്ങളിലായിരുന്നു ജിതിന്റെ പരീക്ഷണങ്ങളും ശ്രദ്ധയും. 2024 മാര്‍ച്ചില്‍ ജിതിനും ചിപ്പിയും തറവാട് ഇന്ത്യന്‍ റസ്റ്ററന്റ് ആരംഭിക്കുമ്പോള്‍ അവരുടെ മകന് ഇഷാന് വെറും നാല് മാസമായിരുന്നു പ്രായം.

റസ്റ്ററന്റ് ബിസിനസിന് സ്വീകാര്യത ലഭിക്കുമോ എന്ന പേടിയുണ്ടായിരുന്നില്ല. ആളുകള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഒരു ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ മലയാളികളായിരുന്നു കൂടുതലും വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയക്കാരും നാടന്‍ രുചി തേടി തറവാട്ടില്‍ എത്തുന്നു. ഇന്ന് സ്ഥിരമായി എത്തുന്നവരുമുണ്ട്. ഭക്ഷണം കഴിച്ച ശേഷം കിച്ചണിലേക്കെത്തി ആളുകള്‍ അഭിനന്ദിക്കാറുണ്ടെന്നും ചിപ്പി പറയുന്നു.
വാരാന്ത്യമായാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തറവാട് തേടിയെത്തും. നാട്ടിലെയും വീട്ടിലെയും സ്വാദ് നേടിയാണ് ഭൂരിഭാഗം ആളുകളും ഇങ്ങെത്തുന്നത്. പാചകത്തില്‍ അമ്മയാണ് ചിപ്പിയുടെ പ്രചോദനം. ചെറുപ്പം മുതല്‍ തന്നെ പാചകത്തോട് താല്പര്യമുള്ള വ്യക്തിയാണ് ചിപ്പി. കോളജില്‍ പഠിക്കുമ്പോള്‍ പാചക മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അതുണ്ടാക്കാനായി ഉപയോഗിച്ച ചേരുവകള്‍ എന്തെന്ന് ചിപ്പി പറയും.

ചിപ്പി തന്നെയാണ് സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ രുചിക്ക് പിന്നില്‍. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി മറ്റൊരു ഷെഫുമുണ്ട്. മൊത്തം ആറ് സ്റ്റാഫുകളാണുള്ളത്. ബിസിനസ് ആരംഭിച്ച ഓരോ ദിവസവും ഓരോ പാഠങ്ങളുമായിരുന്നു. ഈ ബിസിനസില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ടത് തൊഴിലാളികളെ കിട്ടുന്നതിലായിരുന്നു. കൂടാതെ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ ചേരുവകള്‍ ലഭിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. നാട്ടില്‍ ലഭിക്കുന്ന എല്ലാ ചേരുവകളും വിഭവങ്ങളും ഇവിടെ ലഭിക്കണമെന്നില്ല. നാട്ടിലെ വിലയുമാകില്ല ഇവിടെ എത്തുമ്പോഴെന്നതും പ്രതിസന്ധിയാണ്.
മലയാളികള്‍ക്ക് ഇനി കേരളത്തിന്റെ രുചി തേടി ഓസ്ട്രേലിയയില്‍ അലഞ്ഞു നടക്കേണ്ട. സദ്യ, കള്ളപ്പം, കോട്ടയം സ്പെഷല്‍ നല്ല എരിവുള്ള മുളകിട്ട മീന്‍ കറി, കുട്ടനാടന്‍ താറാവ് കറി, തട്ടുകട സ്റ്റൈല്‍ ചിക്കന്‍ ഫ്രൈ, കപ്പ പുഴുക്ക്, ചട്ടിച്ചോറ് തുടങ്ങി നാടന്‍ രുചിയുടെ കലവറ തന്നെയാണ് ചിപ്പിയുടെ തറവാട് ഭക്ഷണ പ്രിയര്‍ക്കായി ഒരുക്കുന്നത്. കേരളത്തിലെ രുചികള്‍ മാത്രമല്ല ബട്ടര്‍ ചിക്കന്‍, ദാല്‍ മഖാനി, പനീര്‍ ബട്ടര്‍ മസാല തുടങ്ങിയ മറ്റ് ഇന്ത്യന്‍ രുചികളും ഇവിടെ ലഭിക്കും.