‘കടുവ’ നീളാൻ കാരണം യഥാർഥ കുറുവച്ചൻ; പരിശോധനയ്ക്ക് സെൻസർ ബോർഡിന് നിർദേശം

Mail This Article
പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിൽ, ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിനു നിർദേശം നൽകി.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നാണു താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹർജിക്കാരൻ പറയുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാർഥ സംഭവങ്ങളും അതിനൊപ്പം വ്യാജ സംഭവങ്ങളും ഇടകലർത്തിയുമാണു സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചതാണെന്നു പ്രേക്ഷകർ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്ന ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചന്റെ പരാതിയാണ് കേസിനു തുടക്കം. എന്നാൽ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകൻ സാങ്കൽപിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ പേരു മാറ്റി ‘കടുവ’ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കാൻ കോടതിയിൽനിന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അനുമതി നേടുകയായിരുന്നു.
ചിത്രീകരണം പൂർത്തിയായാലും ഈ ചിത്രം പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്നായിരുന്നു പിന്നീട് കുറുവച്ചന്റെ പ്രതികരണം. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ മുപ്പതാം തീയതി റിലീസ് ചെയ്യാനിരിക്കവേ വീണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‌ക്കേണ്ട അവസ്ഥ ഉണ്ടായി. ‘‘ചില അപ്രവചനീയമായ സാഹചര്യങ്ങൾ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റർ ഉടമകളും വിതരണക്കാരും ക്ഷമിക്കണം’’ എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
തന്റെ ജീവിതവുമായി എന്തെങ്കിലും തരത്തിലുള്ള സാമ്യമുണ്ടെന്ന് കണ്ടെത്തിയാൽ ഈ ചിത്രം ഒരുരീതിയിലും റിലീസ് ചെയ്യിക്കില്ലെന്നും അതിനായി താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ജോസ് കുരുവിനാക്കുന്നേൽ.
കേസിന്റെ തുടക്കത്തിൽ ജോസ് കുരുവിനാക്കുന്നേൽ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ:
പ്രദർശിപ്പിക്കാൻ അനുവദിക്കില്ല: ജോസ് കുരുവിനാക്കുന്നേൽ
സുരേഷ്‌ഗോപി ചിത്രവും (ഒറ്റക്കൊമ്പൻ) പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്നു പറഞ്ഞു കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാൽ അതിൽ എന്റെ ജീവിത കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. എന്റെ യഥാർഥ ജീവിതത്തിലെ കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയടക്കമുള്ള നീതിപീഠങ്ങൾക്കു മുമ്പിൽ രേഖാമൂലം വെളിവാക്കപ്പെട്ടതാണ്.
കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാൻ പോകുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ സമ്മതമില്ലാതെ, എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തിയറ്ററിൽ എത്തിക്കാൻ ഞാൻ സമ്മതിക്കില്ല. കോടതിയിൽനിന്നു തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്റെ അനുവാദത്തോടെ 'ഗ്യാങ്സ് ഓഫ് കിനോ' എന്ന യൂട്യൂബ് ചാനൽ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളിൽ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ പേര് 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്നുതന്നെയാണ്. എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.