ADVERTISEMENT

മമ്മൂട്ടി-നിസാം ബഷീർ ചിത്രം റോഷാക്കിന്റെ വൻവിജയത്തിലേക്ക് കുതിക്കുമ്പോൾ അതിലെ ഓരോരുത്തരുടെയും അഭിനയമികവുകളുടെ കഥകളും മാധ്യമങ്ങളിൽ നിറയുകയാണ്. സിനിമയിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു മാമ്പ്രയ്ക്കും പങ്കുവയ്ക്കാനുണ്ട് റോഷാക്കിലെ അനുഭവങ്ങൾ. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ മാത്യു മാമ്പ്ര കുറച്ചു രംഗങ്ങളിൽ മാത്രമാണ് റോഷാക്കിൽ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാമ്പ്രയ്ക്ക് സാധിച്ചിട്ടുണ്ട്.

 

കഴിഞ്ഞ വർഷം റിലീസ് ആയ ചെരാതുകളിലെ അഭിനയത്തിന് സ്വീഡിഷ് ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിൽ നല്ല നടനുള്ള അവാർഡ് കിട്ടിയിരുന്നു. ഇമ്പം, സായാവനം (തമിഴ്), കിർക്കൻ, ദേവലോക,ജാനകി റാം എന്നീ സിനിമകളാണ് ഈ അമ്പത്താറുകാരന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. മൂന്ന് മാസ്റ്റേഴ്സ് ബിരുധങ്ങളും, ബിസിനസ്‌ മാനേജ്മെന്റിൽ ഡോക്ടറേറ്റും ഉള്ള ഈ ബെംഗളൂർ സംരംഭകന്  നാടകത്തിനോടും സിനിമയോടും ചെറുപ്പകാലത്തുതന്നെ ഇഷ്ട്ടമായിരുന്നു. റോഷാക്കിന്റെ വിശേഷങ്ങളുമായി മാത്യു മാമ്പ്ര മനോരമ ഓൺലൈനിൽ...

 

‘‘ഞാൻ ശരിക്കും ചവിട്ടും, കേട്ടോ’’

 

മൂന്ന് ദിവസം നീണ്ടു നിന്ന ക്ലൈമാക്സ് ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവ്  സുപ്രീം സുന്ദറാണ്‌ ഫൈറ്റ്മാസ്റ്റർ. മമ്മൂക്ക അവതരിപ്പിച്ച ലൂക്ക് ആന്റണി റഷീദിനെ നെഞ്ചത്ത് തൊഴിക്കുന്ന ഒരു സീൻ ഉണ്ട്. മമ്മൂക്ക അത് കൃത്യമായി തന്നെ ചെയ്തു. ഞാൻ റിയാക്‌ഷനും നൽകി. സംവിധായകൻ ഓക്കേ പറഞ്ഞു. പക്ഷേ എനിക്ക് എന്റെ ആക്‌ഷൻ അത്ര നന്നായില്ല എന്ന് തോന്നൽ. സുപ്രീം സുന്ദറിന്റെ സമ്മതത്തോടെ മമ്മൂക്കയോട്  "ഒന്ന് കൂടി നന്നായിട്ട് കൊള്ളിച്ചു ചവിട്ടാമോ" എന്ന് മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു. അദ്ദേഹത്തിന് സീൻ നന്നാക്കാനുള്ള എന്റെ ആഗ്രഹം ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. ചിരിച്ചു കൊണ്ട് ‘ഞാൻ ശരിക്കും ചവിട്ടും,കേട്ടോ’ എന്ന് പറഞ്ഞുകൊണ്ട് തയാറായി. ഇത് കണ്ടും കേട്ടുനിന്ന ഫൈറ്റർമാർ എന്റെ ഷർട്ടിനുള്ളിൽ സുരക്ഷയ്ക്കായി റബ്ബർപാട് വച്ച് കെട്ടി.

 

ഷൂട്ട് റെഡി, മമ്മൂക്ക കാലുയർത്തി എന്റെ നെഞ്ചിൽ അതിവേഗം, എനിക്ക് അൽപ്പം പോലും നോവാതെ ചവിട്ടി. കാൽപാദം മുട്ടിച്ചു എന്ന് പറയുന്നതാകും ശരി. എനിക്ക് നല്ല റിയാക്‌ഷൻ കൊടുക്കാൻ സഹായിച്ചു. സിനിമയിൽ അത് വളരെ നന്നായി വരികയും ചെയ്തു. അദ്ദേഹത്തിന്റെ കൂടെ മൂന്ന് ദിവസം, ഷൂട്ടിങ്ങിനായി ഒരു വീട്ടിൽ ഉണ്ടായിരുന്നത് വലിയ ഭാഗ്യമായാണ് ഞാൻ  കരുതുന്നത്. എന്റെ ഭാഗം ഷൂട്ട്‌ ഇല്ലാത്ത സമയത്ത് ഒരു വിദ്യാർഥിയെപ്പോലെ മുഴുവൻ സമയവും അദ്ദേഹത്തിന്റെ അഭിനയം നോക്കിയിരിക്കലായിരുന്നു പ്രധാന പരിപാടി. എല്ലാവരും അദ്ദേഹത്തെ വളരെ ബഹുമാനത്തോടെയാണ് നോക്കിയിരുന്നത്. പക്ഷേ മമ്മൂക്കയാവട്ടെ , എല്ലാവരോടും, തമാശകളൊക്കെ പറഞ്ഞ് വലിയ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.

 

ജഗദീഷും ബിന്ദു പണിക്കരും

 

ഇവരുടെ രണ്ടു പേരുടെയും കൂടെ എനിക്ക് കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ഏറെ ഇഷ്ടമുള്ള രണ്ടു അഭിനേതാക്കൾ. അവരോടൊക്കെ അടുത്തിരുന്നു സംസാരിച്ചു കൂടെ അഭിനയിക്കാനായത് ഒരു പാട് സന്തോഷം നൽകി. വർത്തമാനം പറഞ്ഞിരിക്കുന്നവർ, ആക്‌ഷൻ പറയുമ്പോൾ ഭാവം മാറി കഥാപാത്രമാകുന്ന കാഴ്ച ത്രസിപ്പിക്കുന്നവയായിരുന്നു.

 

നിസാം ബഷീർ 

 

വളരെ ലളിതമായി, നമ്മിൽ നിന്നും അദ്ദേഹത്തിന് വേണ്ടുന്ന ഭാവം ചെവിയിൽ വന്നു മന്ത്രിച്ച് ആവാഹിച്ച് എടുക്കുന്ന വളരെ മൃദുവായി സംസാരിക്കുന്ന കലാകാരൻ. ഈ  ചെറുപ്പക്കാരന്റെ കൂടെ ജോലി ചെയ്യാൻ  നല്ല സുഖമായിരുന്നു. ഒരിക്കൽ പോലും അദ്ദേഹത്തിന്റെ ശബ്ദം ആർക്കും നേരെ ഉയരുന്നത് നമ്മൾ കാണില്ല.

 

ചെരാതുകൾ

 

ഞാൻ കോവിഡ്കാലത്ത് നിർമിച്ച 'ചെരാതുകൾ'  എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റ 70 വയസ്സായ പ്രമുഖനടന് കോവിഡ് മൂലം വരാൻ പറ്റാതായപ്പോൾ സംവിധായകൻ എന്നെ മേക്കപ്പ് ചെയ്തു എഴുപതുകാരനായ പകരക്കാരനാക്കി. അതിലെ അഭിനയത്തിണ് എനിക്ക് അവാർഡ് ലഭിക്കുന്നത്. അതൊരു പ്രചോദനമായി. അത് കണ്ടു പലരും അഭിനയിക്കാൻ വിളിച്ചു. അതുപോലെ തന്നെയുള്ള കഥാപാത്രങ്ങളുടെ ആവർത്തനം വിനയത്തോടെ നിരസിച്ചു. വ്യത്യസ്തമായവ ചെയ്തു. ഇമ്പം- വെപ്പ്രാളകാരനായ കോളജ് പ്രിൻസിപ്പൽ , സായാവനം (തമിഴ്)- വില്ലൻ ഫോറെസ്റ്റ് റേഞ്ചർ , കിർക്കൻ-കുടിയേറ്റ കർഷകൻ , ദേവലോക- ബിസിനസ്‌മാൻ ,ജാനകി റാം- മന്ത്രി എന്നീ പ്രധാന വേഷങ്ങൾ ആദ്യസിനിമയ്ക്ക് ശേഷം ഒരു വർഷത്തിനുള്ളിൽ സംഭവിച്ചു. എല്ലാം റിലീസ് ആവാൻ ഇരിക്കുന്നു.

 

തുടക്കം സ്കൂളിൽ നിന്നും

 

എന്റെ ജനിച്ചു വളർന്ന നാട് കുട്ടനാട്ടിലെ കൈനകരിയാണ്. ആ നാട്ടിൽ എന്റെ ബാല്യത്തിൽ എന്നും കാണുമായിരുന്ന ഒരു പാവം മനുഷ്യൻ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ ഒക്കെ ബുദ്ധിഭ്രമം വന്ന അയാൾക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. ആ പ്രാന്തൻ കേശവനെ അഭിനയിപ്പിച്ചു ഫലിപ്പിച്ച് മുതിർന്ന ക്ലാസ്സുകാരെയൊക്കെ മറികടന്നു ഫാൻസിഡ്രസ്സ്‌ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. അതായിരുന്നു തുടക്കം. സ്കൂളിലും പിന്നെ ബെംഗളൂരിലും രണ്ടു പതിറ്റാണ്ട് മുൻപ് വരെ നാടകങ്ങളിൽ രചയിതാവായും, സംവിധായകനായും നടനായും സജീവമായിരുന്നു. പിന്നെ ബിസിനസ്‌സ് തിരക്കുകൾ കാരണം ഒരു ദീർഘനാളത്തെ ഇടവേള. കോവിഡ് തന്ന അധികസമയം കൊണ്ട് ഒരു സിനിമാ നിർമാണം. ആദ്യ സിനിമയായ 'ചെരാതുകൾ'ക്ക് തന്നെ 2021- ലെ നിർമാതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം. നിർമാണത്തിലുള്ള അടുത്ത സിനിമ 'ഇമ്പം' റിലീസിന് തയാറാവുന്നു.

 

തയാറാക്കിയത്: പി.ശിവപ്രസാദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com