ADVERTISEMENT

കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കലാഭവന്റെ  മിമിക്രി പരിപാടി കഴിഞ്ഞു ട്രൂപ്പിന്റെ വണ്ടി പുറത്തേക്കിറങ്ങുമ്പോൾ പന്തലുകാർക്കു പെരുത്ത സന്തോഷം. സ്നേഹം പ്രകടിപ്പിക്കാൻ വെൽക്കം ബോർഡിൽ കെട്ടിയ ചെന്തെങ്ങിന്റെ രണ്ടു കരിക്കിൻകുല അവർ ട്രൂപ്പിനു സമ്മാനിച്ചു. എല്ലാവരെയും വീടുകളിൽ ഇറക്കി അവസാനമാണു സിദ്ദിഖും ലാലും പുല്ലേപ്പടിയിൽ വണ്ടി ഇറങ്ങിയത്. കരിക്കിൻ കുലയുമായി പുലർച്ചെ മൂന്നുമണിക്ക് ഇരുവരും ചെന്നെത്തിയതു ബീറ്റ് പൊലീസിന്റെ മുന്നിൽ.

 

‘എന്താടാ കയ്യിൽ’?

’ഞങ്ങൾക്കു കിട്ടിയ സമ്മാനമാണു സാറേ...’

’സമ്മാനമോ? അതുകൊള്ളാം, കയറെടാ ജീപ്പിൽ’.

അവർ ജീപ്പിൽ കയറി. വീണ്ടും ചോദ്യം

‘ഇതെന്താ കവറിൽ’?

‘ജൂബ്ബയാണ്’

‘ഓഹോ അപ്പോൾ പല വേഷത്തിലാണ് മോഷണമല്ലേ...’

ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)
ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)

 

രണ്ടുകുല ചെന്തെങ്ങിൻ കരിക്കും സിദ്ദിഖ് ലാലുമാരുമായി പൊലീസ് ജീപ്പ് കൊച്ചി നഗരത്തിലൂടെ പാഞ്ഞു. ഒടുവിൽ മുസ്‌തഫയുടെ പുട്ടുകടയെത്തിയപ്പോൾ സിദ്ദിഖ് ശബ്‌ദമുയർത്തി–‘ ഈ കടയിൽ ചോദിക്കൂ. ഞങ്ങളെ അവർക്കറിയാം’. പുട്ടുകടക്കാരൻ സാക്ഷ്യപ്പെടുത്തി– ‘ഇതു നമ്മുടെ പിള്ളേർ’. കരിക്കിനെ അവിടെ ഉപേക്ഷിച്ച് ഇരുവരും ഇരുളിലൂടെ വീട്ടിലേക്കു വച്ചുപിടിച്ചു. ചിരിപ്പൂരങ്ങൾക്കു തിരികൊളുത്തി കേരളം മുഴുവൻ നടന്ന മിമിക്രിക്കഥകൾ ഇതുപോലെ സിദ്ദിഖ് പറയാൻ തുടങ്ങിയാൽ കേട്ടിരിക്കുന്നവരും അതിൽ മുങ്ങിപ്പോകും. പ്രേക്ഷകനു സന്തോഷം നൽകുന്നതാകണം സിനിമയെന്ന സിദ്ദിഖിന്റെ ആദ്യം പാഠം ഇൗ കഥ പറച്ചിലിൽ നിന്നാണ്.

 

പരേഡിന്റെ തുടക്കം

 

മിമിക്രിയെ ‘മിമിക്സ് പരേഡ്’ എന്ന് ആദ്യം പേരുമാറ്റി വിളിച്ചതു സിദ്ദിഖ് ആയിരുന്നു. കലാഭവൻ കാലത്തു തുടങ്ങിയ ആ ചിരിപ്പരേഡ് പിന്നീടു മലയാള സിനിമയിലേക്കു മാർച്ച് ചെയ്തു കയറി. പഴയൊരു 200 പേജ് ബുക്കിൽ വിശദമായ തിരക്കഥയുമായാണു സിദ്ദിഖും ലാലും കലാഭവന്റെ പടികയറുന്നത്. പിൽക്കാലത്തു മലയാളസിനിമയെ ചിരിച്ചുമറിച്ചിട്ട എഴുത്തിന്റെ തുടക്കം ഈ ഇരുനൂറുപേജിന്റെ നോട്ട്ബുക്കായിരുന്നു. മിമിക്രിക്കു തിരക്കഥയോ? - ട്രൂപ്പിലുണ്ടായിരുന്ന അൻസാറിനു സംഭവം അത്ര പിടിച്ചില്ല. പക്ഷേ, സിദ്ദിഖും ലാലും കുലുങ്ങിയില്ല. അവർ നോട്ട്‌ബുക്കിൽ ചുവന്ന മഷികൊണ്ടു ഹെഡിങ്ങിട്ട് ഓരോ തിരക്കഥയും എഴുതി. ക്രമേണ അൻസാറിനും കാര്യങ്ങൾ രസിച്ചു. അങ്ങനെ ആറു ജൂബ്ബയുടെ ‘ഇൻവെസ്‌റ്റ്‌മെന്റിൽ’ കലാഭവൻ കേരളത്തിൽ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. ജൂബ്ബ കമ്പനി നൽകും, പാന്റ്‌സും ഷൂസും സ്വന്തമായി വാങ്ങണം എന്നായിരുന്നു നിബന്ധന. 

സിദ്ദിഖ്
സിദ്ദിഖ്

 

 

‘സിനിമയില്‍ ഞാൻ വിഷമിച്ചു നിന്ന സമയത്താണ് ‘ക്രോണിക് ബാച്ച്‌ലർ’ തന്ന് കരകയറ്റിയത്’

 

എറണാകുളം ഫൈൻ ആർട്‌സ് ഹാളിലാണു കലാഭവന്റെ ആദ്യ മിമിക്‌സ് പരേഡ് അരങ്ങേറിയത്. 1981 സെപ്‌റ്റംബർ 21ന്. മമ്മൂട്ടിയായിരുന്നു  ഉദ്ഘാടകൻ. അന്നുവരെ ഗാനമേളയ്‌ക്കിടയിലെ ‘ഫില്ലർ’ ആയിരുന്നു മിമിക്രി. വർക്കിച്ചൻ പെട്ടയും അൻസാറും കെ.എസ്. പ്രസാദുമായിരുന്നു ഈ സാംപിൾ വെടിക്കെട്ട് അതുവരെ കൈകാര്യം ചെയ്‌തിരുന്നത്. വർക്കിച്ചൻ തൃക്കാക്കര ഭാരതമാതാ കോളജിൽ പഠിക്കുമ്പോൾ 1976ൽ കേരള യൂണിവേഴ്‌സിറ്റിയുടെ മോണോആക്‌ടിന് ഒന്നാംസ്‌ഥാനം നേടിയിരുന്നു. അങ്ങനെയാണു കലാഭവനിലെത്തുന്നത്. പ്രസാദും അൻസാറും യൂണിവേഴ്‌സിറ്റി ജേതാക്കളായിത്തന്നെയാണു കലാഭവനിൽ വരുന്നത്. ചേരാനല്ലൂർ അമ്പലത്തിൽ ഒരു ലാലപ്പനും സിദ്ദിഖും ചേർന്നു കിടിലൻ പരിപാടി അവതരിപ്പിച്ചതായി പ്രസാദിനും അൻസാറിനും റിപ്പോർട്ട് കിട്ടി.അങ്ങനെയാണ് ആബേലച്ചനോടു പറഞ്ഞ് ഇരുവരെയും ട്രൂപ്പിലേക്കു വിളിച്ചത്.

സിദ്ദിഖ് (ഫയൽ ചിത്രം. ജോസ്കുട്ടി പനയ്ക്കൽ‌∙ മനോരമ)
സിദ്ദിഖ് (ഫയൽ ചിത്രം. ജോസ്കുട്ടി പനയ്ക്കൽ‌∙ മനോരമ)

 

അൻസാറിന്റെ കെയറോഫ്

 

ലാലിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഞങ്ങൾ കരിഞ്ഞുണങ്ങി നിൽക്കുന്ന കാലത്ത് എന്നെയും സിദ്ദിഖിനെയും നോക്കി ദാ ഇവൻ, ഈ അൻസാർ പറഞ്ഞു: ‘നിങ്ങളൊരു സംഭവമാണട്ടോ. നിങ്ങൾ ഒരിക്കൽ മലയാള സിനിമയിൽ കൊടികുത്തും.’ - അതായിരുന്നു അൻസാറിന്റെ സ്‌നേഹം. അൻസാറാണ് അവരുടെ അന്നത്തെ ഏക സിനിമാ കണക്​ഷൻ. യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ മോണോആക്‌ടിനു സമ്മാനം കിട്ടിയപ്പോൾ അൻസാറിന്റെ താടിവച്ച പടം പത്രങ്ങളിൽ വന്നു. അതുകണ്ട് അരവിന്ദൻ പോക്കുവെയിൽ എന്ന തന്റെ സിനിമയിലേക്കു വിളിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റുമായിരുന്നു അഭിനേതാക്കൾ. അങ്ങനെ അൻസാർ സ്‌ക്രീനിൽ മിന്നി. 

 

പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമയുടെ കഥ പറയാൻ സെഞ്ചുറി കുഞ്ഞുമോൻ എന്ന നിർമാതാവിന്റെ അടുത്തേക്കു സിദ്ദിഖിനെയും ലാലിനെയും കൊണ്ടുപോകുന്നത് അൻസാറാണ്. കഥകേട്ടു ചിരിക്കാൻ കൂടെ സാദിഖ് എന്ന കൂട്ടുകാരനെയും കൂട്ടി. ഇന്റർവെൽവരെയുള്ള ഭാഗം കേട്ടിട്ടും സാദിഖ് ചിരിച്ചില്ല. അൻസാർ ഇടയ്‌ക്കു സാദിഖിനെ പുറത്തേക്കു വിളിച്ചുകൊണ്ടുപോയി വിരട്ടി. ഇന്റർവെല്ലിനുശേഷം കഥ തുടർന്നു. സാദിഖ് ചിരിയോടു ചിരി. ‘നായകൻ കുത്തേറ്റു വീഴുന്നു. ചോര... ചുവന്ന ചോര..’ എന്നുമൊക്കെ പറയുമ്പോഴും സാദിഖ് ചിരി തന്നെ.  അസ്‌ഥാനത്തെ ചിരിയിൽ തെറ്റി കഥ വീണു. സാദിഖിന് അടികിട്ടാഞ്ഞത് അൻസാറിന്റെ സംയമനം കൊണ്ടുമാത്രം. 

 

ഫാസിലിന്റെ അടുത്തേക്കു സിദ്ദിഖിനെയും ലാലിനെയും കൊണ്ടുപോയതും ‘നോക്കെത്താദൂരത്തു കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ ഇരുവരെയും സഹസംവിധായകരാക്കിയതും അൻസാറിന്റെ പരിശ്രമം. മറ്റുള്ളവരെ വളർത്താൻ ശ്രമിക്കുന്നവർ സ്വയം വളരുമെന്നതാണു കലാഭവനിലെ കൂട്ടായ്‌മ ഇവരെ പഠിപ്പിച്ചത്.

 

ആബേലച്ചന്റെ സ്വന്തം

 

സിദ്ദിഖ് കലാഭവനുമായി പിണങ്ങിപ്പിരിഞ്ഞ സമയം. ഇനിയെന്തായാലും കലാഭവനിലേക്കില്ല എന്ന് ഉറപ്പിച്ച്, ജോലിചെയ്യുന്ന സ്‌കൂളിലേക്കുതന്നെ സിദ്ദിഖ് മടങ്ങി. കലാഭവന്റെ ജീവനാഡിയായ ആബേല‘ച്ചനുണ്ടോ വിടുന്നു. അച്ചൻ പലരെയും വിട്ടു സിദ്ദിഖിനെ വിളിപ്പിച്ചു. പക്ഷേ, സിദ്ദിഖ് വാശിയിൽ ഉറച്ചുനിന്നു. ഒടുവിൽ ആബേലച്ചൻ സ്‌കൂളിലെ ഫോൺ നമ്പർ സംഘടിപ്പിച്ചു സിദ്ദിഖിനെ നേരിട്ടു വിളിച്ചു. ‘കലാഭവന്റെ പടിയിറങ്ങിയച്ചോ... ഒരു സ്‌നേഹക്കുറവുമില്ല. എന്നെ ദയവായി നിർബന്ധിക്കരുത്’ എന്നു സിദ്ദിഖ് തന്റെ ഇളംശബ്‌ദത്തിൽ പറഞ്ഞു. ‘സിദ്ദിഖേ പോകണമെങ്കിൽ പൊയ്‌ക്കോ...ഒന്ന് ഇവിടെവരെ വന്നിട്ടു പോകാമല്ലോ’ എന്നായി അച്ചൻ. ഇനിയും അച്ചനോട് എതിരു പറയുന്നതെങ്ങനെയെന്നോർത്തു വൈകാതെ സിദ്ദിഖ് കലാഭവനിലെത്തി അച്ചനെ കണ്ടു. കണ്ട ഉടൻ ആബേലച്ചൻ പറഞ്ഞു: ‘സിദ്ദിഖേ നിന്നെ കലാഭവനിൽനിന്നു പുറത്താക്കിയിരിക്കുന്നു’. ‘അയ്യോ അച്ചോ... ഇതെന്തു പരിപാടി. ഞാൻ സ്വയം നിർത്തിപ്പോന്നതല്ലേ?’

 

‘നീ ഒന്നും പറയണ്ട. നിന്നെ കലാഭവനിൽനിന്നു പുറത്താക്കിയിരിക്കുന്നു. അതുപറയാനാണു വിളിപ്പിച്ചത്. കലാഭവൻ വലിയൊരു സ്‌ഥാപനമാണ്. അവിടെനിന്ന് ആരും അങ്ങനെ സ്വയംപോകണ്ട’.

 

അതായിരുന്നു ആബേലച്ചന്റെ ഹ്യൂമർ സെൻസ്. അതുപിന്നെ ഒപ്പമുള്ളവ‍ർക്കു കിട്ടാതിരിക്കുമോ ?

 

 

കഠിനവഴിയിലൂടെ

 

പുല്ലേപ്പടിയിൽ നിന്നു കലാഭവനും മഹാരാജാസും വഴി സിനിമയിലേക്ക്... അതായിരുന്നു സിദ്ധിഖിന്റെ റൂട്ട്.1977–80 കാലഘട്ടത്തിലാണു മഹാരാജാസിൽ ബിഎ മലയാളത്തിനു ചേരുന്നത്. ഒന്നര വർഷം കഴിഞ്ഞപ്പോൾ പുല്ലേപ്പടി ദാറൂൽ ഉലൂം സ്കൂളിൽ ക്ലർക്കായി ജോലി കിട്ടി. ജോലി ഏറ്റവും അത്യാവശ്യമായിരുന്ന കാലം. മഹാരാജാസിലെ കോഴ്സ്  പിന്നീട് ഈവനിങ് ബാച്ചിലേക്കു മാറ്റി.ചില ദിവസങ്ങളിൽ കോളജിലെത്തുമ്പോൾ ക്ലാസിൽ ബൾബില്ല. അങ്ങനെ ക്ലാസ് മുടങ്ങിയപ്പോൾ സിദ്ദിഖ് വീട്ടിൽ നിന്ന് ഒരു ബൾബുമായി ക്ലാസിലെത്തി. ക്ലാസ് കഴിഞ്ഞു ബൾബ് ഭദ്രമായി പൊതിഞ്ഞു വീട്ടിൽ. പകൽ സ്കൂളിൽ, വൈകിട്ട് ക്ലാസിൽ, രാത്രി ട്രൂപ്പിനൊപ്പം ഉത്സവപ്പറമ്പിൽ എന്നതായിരുന്നു സിദ്ധിഖിന്റെ അന്നത്തെ ഷെഡ്യൂൾ. മിമിക്രി എന്ന കംഫർട്ട് സോണിൽ മാത്രം നിന്നിരുന്നുവെങ്കിൽ താൻ കലാഭവനിൽ മാത്രം നിന്നുപോയേനെയെന്നു സിദ്ദിഖ്  പറഞ്ഞിട്ടുണ്ട്. ജോലിയുടെ സുരക്ഷിതത്വം കണക്കാക്കിയെങ്കിൽ സ്കൂളിൽ തുടർന്നേനെ.... അവിടെയൊന്നും നിൽക്കാതെ അനിശ്ചിതമായ സിനിമയുടെ പിന്നാലെ യാത്ര ചെയ്തത് അത്രമേൽ സിനിമയോടുള്ള ആവേശം കൊണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com