ADVERTISEMENT

കർഷകർക്കു വേണ്ടി ശബ്ദമുയർത്തി അവർക്കൊപ്പം താനുമുണ്ടെന്ന് ഉറക്കെപ്പറഞ്ഞ റിയൽ സ്റ്റാർ കൂടിയാണ് ഈ നടൻ. സിനിമയിലെന്ന പോലെ, പറയേണ്ടവരോട് പറയേണ്ടതു പറഞ്ഞു. ആ ശബ്ദം ജനങ്ങൾക്കു വേണ്ടിായിരുന്നു എന്നതാണ് ജയസൂര്യയെ നമുക്കിടയിലെ ഒരാളാക്കി മാറ്റുന്നതും. ഇതിനിടയിൽ ഉയർന്നുവന്ന വിമർശനങ്ങളെ ഒരു ചിരിയോടെ നേരിട്ടു. എന്തായാലും ഒന്നും വെറുതേ ആയില്ല. നെല്ലു സംഭരണത്തിനായി കേന്ദ്രവിഹിതം കിട്ടാൻ തിരക്കിട്ട് ഓഡിറ്റിങ് നടത്തുകയാണ് സപ്ലൈകോ. ജയസൂര്യ ശബ്ദമുയർത്തിയതും ഇതിനൊക്കെ തന്നെയാണ്. ആരെങ്കിലുമൊക്കെ ശബ്ദമുയർത്തുമ്പോഴാണല്ലോ എന്തെങ്കിലുമൊക്കെ നല്ലത് സംഭവിക്കുക. അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ഇതിനൊരു കാരണക്കാരനാകാൻ സാധിച്ചതിൽ താരവും സന്തോഷവാനാണ്.

കർഷകരുടെ പണം വൈകുന്നതിനെതിരെ ജയസൂര്യ കൃഷി, വ്യവസായ മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രസംഗിച്ചപ്പോൾ, കേന്ദ്രത്തിൽനിന്നു തുക ലഭിക്കാത്തതാണു കാരണമെന്നു കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ, ധന, വ്യവസായ മന്ത്രിമാരും ഇടതുമുന്നണി കൺവീനറും ആരോപിച്ചിരുന്നു. 2017 –18 വർഷത്തിലാണ് സപ്ലൈകോ അവസാനമായി ഓഡിറ്റിങ് പൂർത്തിയാക്കിയത്. നെല്ലു സംഭരണം, റേഷൻകട വഴിയുള്ള അരിവിതരണം എന്നിവയ്ക്ക് ഓഡിറ്റ് റിപ്പോർട്ട് അംഗീകരിച്ച ശേഷം മാത്രമേ കേന്ദ്രം പൂർണമായ തുക കൈമാറൂ. ഇതിനിടെ നെല്ല് സംഭരിച്ചതിനു നൽകാനുള്ള കുടിശികയിൽ 40 കോടി രൂപ എസ്ബിഐ കർഷകർക്കു കൈമാറിക്കഴിഞ്ഞു.

സൗമ്യമായ ഒരു ഓർമപ്പെടുത്തൽ മാത്രമായിരുന്നു ജയസൂര്യയുടേത്. അതിന് മറ്റർഥങ്ങളും രാഷ്ട്രീയവും കണ്ടത് മറ്റുള്ളവരാണ്. സാധാരണക്കാരനു വേണ്ടി ശബ്ദിച്ചപ്പോൾ അത് എന്നെന്നേക്കുമായി അടിച്ചമർത്താനാണ് പലരും ശ്രമിച്ചത്. പരസ്യമായി നിലപാട് പറയാന്‍ കാണിച്ച ജയസൂര്യയുടെ ആർജവം മറ്റുള്ളവർക്കും ഒരു പ്രചോദനമാകുമെന്നായിരുന്നു നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.

ജയസൂര്യ
ജയസൂര്യ

‘‘പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത് മുഖ്യധാരാ മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്. പ്രത്യേകിച്ചും രണ്ടു മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം പറഞ്ഞുവെന്നതാണ്. മറ്റു നായക നടൻമാരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട. നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്. പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക. നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും. ജയസൂര്യാ, അഭിവാദ്യങ്ങൾ.’’ – ഹരീഷ് പേരടിയുടെ വാക്കുകൾ.

jayasurya-soeech

ജനങ്ങൾക്കു വേണ്ടി സംസാരിച്ചതിന്റെ േപരിലാണ് താരത്തിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നത്. തന്റെ സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്താനും ജനങ്ങൾക്കായി ഉപയോഗപ്പെടുത്താനും താരത്തിന് കഴിഞ്ഞതിൽ അഭിമാനിക്കാം. ജയസൂര്യ എന്തു പറഞ്ഞു എന്നതിനെക്കാൾ അതിലെ രാഷ്ട്രീയം ചിലർ ചികഞ്ഞെടുത്തു. അപ്പോഴും, തനിക്ക് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻപും ഇത്തരം സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ഇടപെട്ട ചരിത്രം ജയസൂര്യയ്ക്കുണ്ട്. അപ്പോഴൊക്കെ നേരിട്ട സൈബർ ആക്രമണങ്ങളെപ്പോലെ, കൂളായി ജയസൂര്യ ഇതിനെയും നേരിട്ടു. ‘ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി’ എന്നു ചുണ്ടനക്കുക മാത്രമല്ല, അത് ഉറക്കെ വിളിച്ചു പറയാനും ആർജവമുണ്ടെന്ന് കാട്ടിത്തരികയാണ് ജയസൂര്യ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com