സ്വപ്നത്തിൽപോലും യോസിച്ചതില്ല സർ: വിനായകന്റെ ആദ്യ പ്രതികരണം; വിഡിയോ
Mail This Article
‘ജയിലർ’ സിനിമയുടെ വമ്പൻ വിജയത്തിൽ ആദ്യ പ്രതികരണവുമായി നടൻ വിനായകൻ. വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാനായതെന്നും വിനായകൻ പറയുന്നു. സൺ പിക്ചേഴ്സ് ആണ് വിനായകൻ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘മനസ്സിലായോ, നാൻ താൻ വർമൻ’ എന്ന ചിത്രത്തിലെ ഹിറ്റായ ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിനായകൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങിയത്.
‘‘ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒരുപാട് മിസ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ചു വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പ്രൊഡക്‌ഷനിൽ നിന്നും പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. നെൽസണെയും എനിക്ക് അറിയാം. നെൽസൺ ആദ്യം ഒരു ഐഡിയ പറഞ്ഞു. ഞാനാണ് പ്രധാന വില്ലൻ എന്നും പറഞ്ഞു തന്നു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യചുവടു വയ്പ്പ്.
രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എനർജി തന്നത് മറക്കാൻ പറ്റില്ല. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്.
എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെൽസൺ സർ പറഞ്ഞത്. ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേൾക്കാറില്ല. പലകാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടിൽ നിന്നും പുറത്തു പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ.. ചിത്രത്തിലെ എല്ലാ രംഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി.’’– വിനായകൻ പറഞ്ഞു.