ഞാൻ നേടിയത് സ്വർണ കമൽ, കരിയറിലെ നാഴികക്കല്ല്: വിഷ്ണു മോഹൻ
Mail This Article
ലഭിച്ച പുരസ്കാരത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞത് വേദിയിൽ വച്ചെന്ന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹൻ. ദേശീയ പുരസ്കാരങ്ങളിൽ ആകെ അഞ്ചു വിഭാഗങ്ങൾക്കു മാത്രമെ പ്രശസ്തി പത്രത്തിനൊപ്പം സ്വർണ കമൽ നൽകാറുള്ളൂ. അതിലൊന്നു മികച്ച നവാഗത സംവിധായകനെന്ന വിഭാഗമാണ്. അത്രയും പ്രധാന്യമുള്ള കാറ്റഗറിയിലാണ് പുരസ്കാരം ലഭിച്ചതെന്ന കാര്യം മനസിലായത് ദേശീയ പുരസ്കാര സമർപ്പണ വേദിയിലായിരുന്നുവെന്ന് വിഷ്ണു മോഹൻ പ്രതികരിച്ചു. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മേപ്പടിയാൻ എന്ന ചിത്രമാണ് വിഷ്ണു മോഹനെ പുരസ്കാരത്തിന് അർഹനാക്കിയത്.
‘‘ഈ വർഷം മലയാളത്തിനു ലഭിച്ച എട്ടു ദേശീയ പുരസ്കാരങ്ങളിൽ എനിക്കു മാത്രമാണ് സ്വർണ കമൽ നേടാനായത്. മേപ്പടിയാനു വേണ്ടി ഞാനും ഉണ്ണി മുകുന്ദന്റെ അച്ഛനുമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലേക്കു പോയത്. ഏറ്റവും മുൻനിരയിലായിരുന്നു സീറ്റ്. അതും രാജമൗലിയുടെ തൊട്ടടുത്ത്. ദേശീയ പുരസ്കാരം നേടുന്നതു തന്നെ ഏറെ അഭിമാനകരമായ നേട്ടമാണ്. അതിൽ തന്നെ, ഏറെ പ്രാധാന്യമുള്ള കാറ്റഗറിയിൽ നേടാൻ കഴിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എന്റെ കരിയറിലെ നാഴികക്കല്ലാണ് ഈ പുരസ്കാരം. ഇനിയൊരു സ്വർണ കമൽ സ്വന്തമാക്കണമെങ്കിൽ മികച്ച ചിത്രമോ, ജനപ്രിയ ചിത്രമോ, കുട്ടികളുടെ ചിത്രമോ ആയി എന്റെ സിനിമകൾ തിരഞ്ഞെടുക്കപ്പെടണം. അല്ലെങ്കിൽ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടണം’’.– വിഷ്ണു പറഞ്ഞു.
ബിജു മേനോനും മേതിൽ ദേവികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കഥയിന്നു വരെ എന്ന ചിത്രമാണ് വിഷ്ണു മോഹന്റെ ഏറ്റവും പുതിയ സിനിമ. നിഖില വിമൽ, അനുശ്രീ എന്നിവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. "ഷൂട്ടിൽ നിന്ന് ഇടവേളയെടുത്താണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ പോയത്. രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പുതിയ സിനിമയുടെ ഷൂട്ട് അൽപം കൂടി പൂർത്തിയാക്കാനുണ്ട്. എന്തായാലും, ഈ വർഷം തന്നെ പുതിയ സിനിമ സെൻസർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം തുടക്കത്തിലാകും റിലീസ്," വിഷു വ്യക്തമാക്കി.
മികച്ച ചിത്രം, ജനപ്രിയ ചിത്രം, സംവിധായകൻ, നവാഗത സംവിധായകൻ, കുട്ടികളുടെ ചിത്രം എന്നീ വിഭാഗങ്ങളിൽ മാത്രമെ സ്വർണ കമൽ പുരസ്കാരം നൽകുകയുള്ളൂ. ബാക്കിയുള്ള വിഭാഗങ്ങൾക്ക് പ്രശസ്തിപത്രത്തിനൊപ്പം രജത കമൽ ആണു നൽകുക. മലയാളത്തിൽ വിഷ്ണു മോഹനു മുമ്പ് ഈ പുരസ്കാരം നേടിയത് ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ ആണ്. സംവിധായകരായ അജയൻ (പെരുന്തച്ചൻ), ലോഹിതദാസ് (ഭൂതക്കണ്ണാടി), വേണു (ദയ), ആർ ശരത് (സായാഹ്നം), രാജീവ് വിജയ രാഘവൻ (മാർഗം), മധു കൈതപ്രം (ഏകാന്തം), സിദ്ധാർത്ഥ് ശിവ (101 ചോദ്യങ്ങൾ) എന്നിവരും മികച്ച നവാഗത സംവിധായകർക്കുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയിട്ടുണ്ട്.