സൽമാൻ ഖാനെ തിരിഞ്ഞുനോക്കാതെ കിസ്റ്റ്യാനോ?; വിഡിയോയുടെ യാഥാർഥ്യം

Mail This Article
ഒരു ബോക്സിങ് മത്സരത്തിൽ അതിഥിയായെത്തിയ സൽമാൻ ഖാനെ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവഗണിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്കു മറുപടിയുമായി താരത്തിന്റെ ആരാധകർ. സൽമാൻ ഖാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരത്തിനിെട ചിരിച്ചു സംസാരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഫുട്ബോൾ സൂപ്പർ താരം ഇന്ത്യൻ നടനെ അവഹേളിച്ചു എന്ന മട്ടിൽ ഇറങ്ങിയ ട്രോളുകളെ നിശ്ശബ്ദമാക്കാൻ ഈ ചിത്രം തന്നെ ധാരാളം.
സൗദി അറേബ്യയിൽ ടൈസൺ ഫ്യൂറിയും ഫ്രാൻസിസ് നഗന്നൂവും തമ്മിലുള്ള ബോക്സിങ് മത്സരം കാണാനാണ് സൂപ്പർതാരങ്ങൾ എത്തിയത്.

റിങ്ങിനു സമീപത്തുകൂടി റൊണാൾഡോ നടക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു സമീപം സൽമാൻ നിൽക്കുന്നുണ്ടായിരുന്നെങ്കിലും റൊണാൾഡോ ഗൗനിക്കുന്നതായി കാണുന്നില്ല. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴിതെളിച്ചു. സൽമാൻ ഖാനെ ക്രിസ്റ്റ്യാനോ റൊണാൾഡോ അപമാനിച്ചു എന്ന തരത്തിലാണ് വാർത്തകൾ വന്നത്. സൽമാൻ ഖാനെ ട്രോളിയും വിമർശകർ എത്തുകയുണ്ടായി.
മത്സരം കാണാൻ റൊണാൾഡോയുടെയും പങ്കാളി ജോർജിന റോഡ്രിഗസിന്റെയും അരികിൽ സൽമാൻ ഇരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒരേ ഫ്രെയിമിലുള്ള നിരവധി വിഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.
സൽമാൻ ഖാനും ക്രിസ്റ്റ്യാനോയ്ക്കും പുറമെ ലോകപ്രശസ്ത റാപ്പർ എമിനെം, മുൻ ബോക്‌സർ മൈക് ടൈസൺ ഉൾപ്പെടെയുള്ള പ്രമുഖരും ടൂർണമെന്റിൽ അതിഥികളായി എത്തിയിരുന്നു.