നായകനാകേണ്ടിയിരുന്നത് മറ്റൊരു നടൻ, അവസാനം മമ്മൂക്കയിലേക്ക്
Mail This Article
പ്രേക്ഷക–നിരൂപക പ്രശംസ ഒരുപോലെ നേടി മുന്നേറുന്ന കാതൽ സിനിമയിൽ ആദ്യം നായകനാകേണ്ടിയിരുന്നത് മറ്റൊരു നടൻ. കഥയും തിരക്കഥയും എഴുതുമ്പോൾ ഒരു നടനെയും മനസ്സിൽ കണ്ടിട്ടില്ലെന്നും തങ്ങളുടെ സിനിമയിൽ മമ്മൂക്ക നായകനാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ പറയുന്നു.
കാതലിനെക്കുറിച്ച് ആദർശ് പറയുന്നതിങ്ങനെ
എന്റെ മൂന്നാമത്തെ ചിത്രമായാണ് കാതൽ റിലീസ് ആകുന്നതെങ്കിലും ശരിക്കും ഞാനും പോൾസണും ആദ്യമായി എഴുതിയ തിരക്കഥയാണ് ഇൗ ചിത്രത്തിന്റേത്. കോവിഡ് കാലത്ത് ആലോചിച്ചെടുത്ത കുറച്ചു കഥകളിൽ ഏറ്റവും മികച്ചതെന്നു ഞങ്ങൾക്കു തോന്നിയ കഥയാണ് കാതലിന്റേത്. ഒരു ചെറിയ പടം എന്ന നിലയിലാണ് ഞങ്ങൾ ഇൗ സിനിമയെ കണ്ടത്. മലയാളത്തിലെ മറ്റൊരു നടനെയാണ് ഇതിലെ നായകനായ മാത്യു ദേവസിയായി മനസിൽ കണ്ടത്. അദ്ദേഹത്തെ കാണുകയും കഥ പറയുകയും അദ്ദേഹത്തിന് വളരയധികം ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ പിന്നീട് ചില കാരണങ്ങളാൽ അതു നടന്നില്ല.
പത്തു പന്ത്രണ്ട് സംവിധായകരുടെ അടുത്ത് ഇൗ കഥയുമായി പോയി. എല്ലാവരും സിനിമയുടെ കണ്ടന്റ് നല്ലതാണെന്ന അഭിപ്രായക്കാരായിരുന്നു. പക്ഷേ പലരും ഇത് ഇപ്പോൾ ചെയ്യണോ എന്ന് സംശയം പറഞ്ഞു. ജിയോ ബേബി എന്ന സംവിധായകനെ കണ്ടതോടെയാണ് ഞങ്ങളുടെയും സിനിമയുടെയും തലവര മാറിയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. എന്തു കൊണ്ട് നായകനായി മമ്മൂട്ടിയെ നോക്കിക്കൂടാ എന്ന് ചോദിച്ചത് അദ്ദേഹമാണ്. അങ്ങനെ ആന്റോ ചേട്ടൻ (നിർമാതാവ് ആന്റോ ജോസഫ്) വഴി മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ അവസരം ലഭിച്ചു. പക്ഷേ ആദ്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് സബ്ജക്റ്റിൽ ചില സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് താൽപര്യമില്ലായിരിക്കുമെന്ന് കരുതി ഞങ്ങളും പിന്നീട് ആ മാർഗം നോക്കിയില്ല.
എന്നാൽ മമ്മൂക്കയോട് ഒന്നു കൂടി കഥ പറയണമെന്ന് മലയാളത്തിലെ മറ്റൊരു നടൻ ജിയോ ചേട്ടനോട് പറഞ്ഞു. അങ്ങനെ അദ്ദേഹം മമ്മൂക്കയ്ക്ക് നേരിട്ട് ഒരു മെസേജ് അയച്ചു. അന്നത്തെ കഥ തന്നെയാണോ എന്ന് ചോദിച്ച മമ്മൂക്ക വൺലൈൻ അയയ്ക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിന് ഒരു സിനോപ്സിസ് അയച്ചു കൊടുത്തു. ‘വാട്ട് ഇൗസ് ദ റെസ്റ്റ് ഒാഫ് ദ സ്റ്റോറി’ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ തന്നെ ഒരു നറേഷൻ ഒാഡിയോ രൂപത്തിൽ അയച്ചു കൊടുത്തു. ആലോചിക്കാം എന്ന് മറുപടി വന്നു. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക കഥ പറയാനായി വിളിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി വിശദമായ തിരക്കഥ വായിച്ചു കേൾപ്പിച്ചു. പിന്നീട് വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം സിനിമ ചെയ്യാൻ സമ്മതം മൂളി, ഒപ്പം സിനിമ നിർമിക്കാനും.
കാലം അടയാളപ്പെടുത്തുന്ന, കാലത്തെ അടയാളപ്പെടുത്തുന്ന സിനിമ – കാതൽ; റിവ്യു
ഇൗ ചിത്രത്തിൽ പലരെയും നായികയാക്കുന്നതിനായി പരിഗണിച്ചെങ്കിലും എല്ലാവർക്കും കൂടി ഒക്കെ ആകുന്ന ഒരു പേരിലേക്ക് എത്താൻ സാധിച്ചില്ല. പിന്നീട് ഒരു ദിവസം മമ്മൂക്ക തന്നെയാണ് ജ്യോതികയുടെ പേര് നിർദേശിക്കുന്നത്. അത് വളരെ നല്ലതായി ഞങ്ങൾക്കും തോന്നി. അങ്ങനെ ജ്യോതികയെ നേരിൽ കണ്ട് കഥ പറയാനുള്ള അവസരം അദ്ദേഹം തന്നെ ഒരുക്കി തന്നു. ഞാനും പോൾസണും ജിയോ ചേട്ടനും ഒന്നിച്ച് ജ്യോതികയെ കാണാൻ ചെന്നൈയിലെ അവരുടെ വീട്ടിൽ പോയി. ഞങ്ങളെ വാതിൽ തുറന്ന് സ്വീകരിച്ചത് സൂര്യ സർ ആണ്. അന്നത്തെ ദിവസം ഇന്നോർക്കുമ്പോഴും അവിശ്വസനീയമാണ്. ജിയോച്ചേട്ടൻ സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചൊക്കെ സൂര്യ സർ വളരെ മതിപ്പോടെയാണ് സംസാരിച്ചത്. മലയാളത്തിലെ മറ്റു സിനിമകളെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും ഞങ്ങൾ ജ്യോതികയോട് കഥ പറഞ്ഞു. സിനോപ്സിസും നൽകി. പക്ഷേ അപ്പോഴും ഇൗ സിനിമയിലെ ‘ഒാമന’ ആകാൻ അവർ സമ്മതം മൂളുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം ജ്യോതിക ഒക്കെ ആണെന്ന് അവരുടെ മാനേജർ തന്നെ വിളിച്ചു പറഞ്ഞു.
കോവിഡ് കാലത്ത് രണ്ടു വീടുകളിൽ ഇരുന്നാണ് തിരക്കഥ എഴുതിയത്. ആദ്യം ഞങ്ങൾ ഫോണിലൂടെ സംസാരിച്ച് ഒരു വൺലൈൻ സ്ക്രീൻപ്ലേ ഉണ്ടാക്കി. പിന്നീട് ഒാരോ ദിവസവും ഒരു ടാർജറ്റ് സെറ്റ് ചെയ്ത് എഴുതിത്തുടങ്ങി. രാവിലെ ഫോൺ വിളിച്ച് രണ്ടു സീനുകൾ വീതം രണ്ടു പേരും ഭാഗിച്ചെടുക്കും. രാത്രി ഫോൺ ചെയ്ത് ആദ്യം ഞാനെഴുതിയ സീനുകൾ അവനു വായിച്ചു കൊടുക്കും. പിന്നീട് അവൻ എനിക്ക് അവനെഴുതിയ സീൻ വായിച്ചു തരും. രണ്ടു പേരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് എഴുതിയത് ഒന്നു കൂടി മാറ്റിയെടുക്കും. അങ്ങനെ 35 ദിവസം കൊണ്ട് എഴുത്ത് ഞങ്ങൾ പൂർത്തിയാക്കി.
തർക്കങ്ങളും വഴക്കുകളും ഉണ്ടാകും. പക്ഷേ അതൊക്കെ സിനിമ നന്നാകുന്നതിനാണ്. അടുപ്പമുള്ളവർക്കൊപ്പം എഴുതാൻ ഇഷ്ടമാണ്. എന്നാൽ അപരിചിതനായ ഒരാൾക്കൊപ്പം എഴുതാൻ സാധിച്ചെന്നും വരില്ല. ഞാൻ ഇപ്പോൾ എഴുതി പൂർത്തിയാക്കിയ തിരക്കഥയിൽ ബാല്യകാല സുഹൃത്തായ ഏബിൾ ബേബിയാണ് പങ്കാളി.
ഇൗ സിനിമ മമ്മൂക്ക തിരഞ്ഞെടുത്തു എന്നത് എന്നെ സംബന്ധിച്ച് അദ്ഭുതമല്ല. കാരണം മമ്മൂക്ക ഒരു സേഫ് സോണിൽ നിൽക്കുന്ന അഭിനേതാവല്ല. അദ്ദേഹം ഇമേജിനെ ബ്രേക്ക് ചെയ്യുന്നയാളാണ്. 450–നു മേലെ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും ഇൗ സിനിമയിൽ അദ്ദേഹത്തെ കണ്ടതു പോലെ നിങ്ങൾ എവിടെയും കണ്ടിട്ടുണ്ടാകില്ല.