‘ദൃശ്യം 2’വിന്റെ സമയത്ത് അത് അബദ്ധം പറ്റിയതാണ്: ജീത്തു ജോസഫ്

Mail This Article
‘നേര്’ ഒരു ത്രില്ലർ സിനിമ അല്ലെന്നും, ഇതിൽ ദൃശ്യം പോലെ ട്വിസ്റ്റോ സസപെൻസോ പ്രതീക്ഷിക്കരുതെന്നും ജീത്തു ജോസഫ്. ദൃശ്യം 2 ന്റെ ഓവർ ഹൈപ്പ് കാരണം പേടി കൊണ്ട് ഞാൻ അതിൽ ട്വിസ്റ്റ് ഒന്നുമില്ല എന്ന് പറഞ്ഞിരുന്നു, അക്കാരണം കൊണ്ട് ഞാൻ ഇപ്പോ എന്തു പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘‘ഇത് സംഭവിക്കുന്നത് ദൃശ്യം സിനിമയിലാണ്. അതൊരു ഫാമിലി ഡ്രാമ പോലെയാണ് എന്റെ മനസ്സിൽ കണ്ടത്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള മത്സരമാണ്. അതിനകത്തൊരു ക്രൈം വന്നു, ക്ലൈമാക്സിലൊരു സർപ്രൈസ് എലമെന്റും വന്നു. എന്റെയൊരു അബദ്ധത്തിന് പേടി കൊണ്ടാണോ അതോ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല, ദൃശ്യം 2 ഇറങ്ങിയ സമയത്ത് ഞാൻ അറിയാതെ പറഞ്ഞു പോയി, ഇതിനകത്തങ്ങനെ വലിയ ട്വിസ്റ്റൊന്നുമില്ല കേട്ടോ. ഞാനെന്റെ ടെൻഷൻ കൊണ്ട് പറഞ്ഞതാണ്. പക്ഷേ അതിനുശേഷം ഞാൻ പറയുന്നതാരും വിശ്വസിക്കുന്നുമില്ല.
ഈ സിനിമയിലും ക്രൈം ഉണ്ട്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിൽ ഒരു ക്രൈം നടക്കുന്നു, കൊലയാളി മറഞ്ഞു നിൽക്കുന്നു. അവസാനമയാളെ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. എന്നാൽ അതിനുശേഷം കോടതിയിൽ എന്ത് നടക്കുന്നു എന്ന് ഞാൻ ആലോചിച്ചിട്ടില്ല. ഞാനങ്ങോടു പോയിട്ടുമില്ല.
ഇവിടെ ആദ്യ അഞ്ച് മിനിറ്റില്‍ ആരാണ് ക്രൈം ചെയ്തത്, എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ്. അവിടുന്ന് ഞങ്ങൾ എടുത്ത് അത് കോടതിയിലേക്ക് കൊണ്ടുവരികയാണ്. കോടതിയിൽ എങ്ങനെ ആണ് അതിന്റെ നടപടിക്രമങ്ങള്‍, അവിടെ ആ കേസിന് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് സിനിമ.
70 ശതമാനത്തോളം കോടതി റിയാലിറ്റിയോട് നീതി പുലർത്തുന്ന ഒരു സിനിമ ആണ് നേര്. ത്രില്ലും സസ്പെൻസും ട്വിസ്റ്റും പ്രതീക്ഷികരുത്, ഇമോഷണൽ കോർട് റൂം ഡ്രാമ ആണ് ഈ ചിത്രം.’’-ജീത്തു ജോസഫ് പറഞ്ഞു.