ഹാട്രിക് ഹിറ്റ് നേടുമോ?; ഷാറുഖ് ഖാന്റെ ‘ഡൻകി’ക്ക് സമ്മിശ്ര പ്രതികരണം

Mail This Article
രാജ്കുമാർ ഹിറാനിയും ഷാറുഖ് ഖാനും ഒന്നിച്ച ‘ഡൻകി’ക്ക് സമ്മിശ്ര പ്രതികരണം. പഠാൻ, ജവാൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തിനു ശേഷം ഹാട്രിക് ബ്ലോക്ബസ്റ്റുകള്‍ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ച ഷാറുഖിന് കാലിടറിയെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് മണിക്കൂറും 41 മിനിറ്റുമാണ് ദൈർഘ്യം. നാലായിരത്തോളം സ്ക്രീനുകളിലാണ് ഡങ്കി പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ഹാർഡി (ഹർദിയാൽ സിങ്) എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
പഴകിയ തമാശകളാണ് ചിത്രത്തിന്റെ നെഗറ്റിവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഏറെ നാളുകൾക്കു ശേഷമുള്ള ഷാറുഖ് ഖാന്റെ ഏറെ അഭിനയ പ്രാധാന്യം നിറഞ്ഞ കഥാപാത്രമാണ് ഡൻകിയെ ഹാർഡിയെന്ന് മറ്റ് ചിലർ പറയുന്നു.
താപ്സി പന്നുവാണ് നായിക. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.
സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരൻ.