നാൻ ‘മലൈക്കോട്ടൈ വാലിബൻ’; പുതുവർഷ സമ്മാനമായി ഗംഭീര ടീസർ
Mail This Article
മലയാളി സിനിമാ പ്രേക്ഷകർക്ക് പുതുവർഷസമ്മാനമായി മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ഗംഭീര ടീസർ റിലീസ് ചെയ്തു. മലയാള മനോരമയിലൂടെയാണ് 30 സെക്കൻഡുള്ള ടീസർ പുറത്തുവിട്ടത്. മാസ് ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ലുക്കും ഗാംഭീര്യമേറുന്ന ഡയലോഗുമാണ് ടീസറിനെ വേറിട്ടതാക്കുന്നത്.
‘‘ ആയിരക്കണക്കിനാളുകൾ, മണ്ണും പൊടിയും ചൂടം നിറഞ്ഞ പ്രയാസമേറിയ ലൊക്കേഷനുകൾ. കഠിനാധ്വാനം. ഇത് സിനിമയ്ക്ക് അപ്പുറത്തേക്കുള്ള യാത്രയാണ്. അപൂർവമായി ജീവിതത്തിൽ വരുന്ന അനുഭവമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ മാജിക്കാണിത്. ’’–മോഹൻലാൽ പറയുന്നു.
ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. പിആർഓ പ്രതീഷ് ശേഖർ.ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നു നിർമിച്ച ചിത്രം. 25നു തിയറ്ററുകളിലെത്തും.