ഇവരാണ് യഥാർഥ ‘ട്വൽത് ഫെയിൽ’ താരങ്ങൾ; ‘സൂപ്പർഹീറോ’ ദമ്പതികളായ മനോജും ശ്രദ്ധയും

Mail This Article
ബോക്സ്ഓഫിസിലും ഒടിടിയിലും സൂപ്പർഹിറ്റായ സിനിമയാണ് വിധു വിനോദ് ചോപ്രയുടെ ട്വൽത് ഫെയിൽ. 12-ാം ക്ലാസ്സിൽ പരാജയപ്പെട്ടിട്ടും കഠിന പ്രയത്നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന മനോജ് ആണ് നായകൻ. മനോജ് ശർമ, ശ്രദ്ധാ ജോഷി എന്നിവരുടെ ജീവിതത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് ട്വൽത് ഫെയിൽ. ഇപ്പോൾ, യഥാർഥ ജീവിതത്തിലെ മനോജ് കുമാറിനെയും ശ്രദ്ധയെയും പരിചയപ്പെടുത്തുന്ന സംവിധായകൻ വിധു വിനോദ് ചോപ്രയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ.
ചിത്രത്തിന്റെ തിരക്കഥ വായിച്ച് മനോജ് ശർമയും ശ്രദ്ധ ജോഷിയും സംവിധായകനെ കെട്ടിപ്പിടിച്ചു കരയുന്നത് വിഡിയോയിൽ കാണാം. താരങ്ങളായ വിക്രാന്ത് മാസിയും മേധാ ഷങ്കറുമാണ് ചിത്രത്തിൽ മനോജും ശ്രദ്ധയുമായി എത്തിയത്.
ദരിദ്ര കുടുംബത്തിൽ ജനിച്ച മനോജ് കുമാർ പന്ത്രണ്ടാം ക്ലാസിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ജീവിതത്തിൽ തോൽക്കാൻ തയാറായിരുന്നില്ല. കഠിനപ്രയത്നങ്ങളിലൂടെ കടമ്പകൾ ഒന്നൊന്നായി ചാടിക്കടന്ന മനോജ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടുന്നു. മനോജിനൊപ്പം താങ്ങും കരുത്തുമായി നിന്നത് പ്രണയിനി ശ്രദ്ധയാണ്. ഇരുവരുടെയും ജീവിതകഥയിൽ ആകൃഷ്ടനായി അനുരാഗ് പഥക്ക് ഇവരുടെ ജീവിതം ഒരു നോവലായി എഴുതി. നോവൽ വായിക്കാനിടയായ സംവിധായകൻ വിധു വിനോദ് ചോപ്ര അതു സിനിമയാക്കുകയായിരുന്നു. ഷൂട്ടിങ്ങിനു മുൻപ് അദ്ദേഹം മനോജിനെയും ശ്രദ്ധയെയും തിരക്കഥ വായിച്ചു കേൾപ്പിച്ചിരുന്നു. തിരക്കഥ വായിച്ചുകേട്ട മനോജും ശ്രദ്ധയും സംവിധായകനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ചിത്രത്തിന്റെ റിലീസിനു മുൻപ്, പ്രമോഷന്റെ ഭാഗമായി വിധു വിനോദ് പങ്കുവച്ച പോസ്റ്റുകളുടെ കൂട്ടത്തിൽ ഈ വിഡിയോയുമുണ്ടായിരുന്നു. ചിത്രത്തിൽ ഒരു ചെറിയ രംഗത്തിൽ ഇരുവരും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
“ആ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. എനിക്ക് ഏറെ ആശ്വാസകരമായ നിമിഷമായിരുന്നു അത്. ഞങ്ങളുടെ ഈ സിനിമായാത്ര എത്ര മനോഹരമായിരുന്നുവെന്ന് ഈ വിഡിയോ കാണുമ്പോൾ മനസ്സിലാകും. ഇതുകണ്ടശേഷം ഞാൻ അക്ഷരാർഥത്തിൽ നിശ്ശബ്ദനായിപ്പോയി.’’–ആ നിമിഷങ്ങളെപ്പറ്റി സംവിധായകൻ വിധു വിനോദ് ചോപ്ര പറഞ്ഞതിങ്ങനെ.

കഴിഞ്ഞ വർഷം ഒക്ടോബർ 27ന് റിലീസ് ചെയ്ത സിനിമയുടെ മുതൽമുടക്ക് വെറും 20 കോടിയാണ്. 66 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്നു കലക്ട് ചെയ്തത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസും ചെയ്തു.
2020ൽ റിലീസ് ചെയ്ത ശിഖാര എന്ന ചിത്രത്തിനു ശേഷം വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത സിനിമയാണ് ട്വൽത് ഫെയിൽ.