പത്തു മണി വരെ ഞാനാകും മികച്ച നടന്, പ്രഖ്യാപനം വരുമ്പോൾ വേറൊരാൾ: ജയറാം പറയുന്നു
Mail This Article
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതിനെപ്പറ്റി തുറന്നുപറഞ്ഞ് ജയറാം. പല സന്ദര്‍ഭങ്ങളിലും തനിക്കു തന്നെ അവാര്‍ഡ് കിട്ടുമെന്നു ഉറപ്പിക്കുന്ന ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്നും പ്രഖ്യാപിക്കുമ്പോള്‍ മറ്റാരെങ്കിലുമാവുമെന്നും ജയറാം പറഞ്ഞു. കാലങ്ങളായി ഇങ്ങനെ സംഭവിക്കാറുണ്ടെന്നും തനിക്ക് അതില്‍ പുതുമയില്ലെന്നും മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യിൽ അദ്ദേഹം പറഞ്ഞു.
നോ പറയാന്‍ സാധിക്കാത്തതുകൊണ്ട് ആവശ്യമില്ലാത്ത പല സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരാളുടെ മുഖത്തു നോക്കി നോ പറയാന്‍ തനിക്കു ബുദ്ധിമുട്ടായിരുന്നുവെന്നും അത് കരിയറിനെ ബാധിക്കുമെന്നു പിന്നീട് തോന്നിത്തുടങ്ങിയെന്നും ജയറാം പറഞ്ഞു.
പത്തു മണി വരെ ഞാനാകും മികച്ച നടന്
മാധ്യമങ്ങള്‍ക്കാണ് ഏറ്റവും വേഗത്തില്‍ വാര്‍ത്തകള്‍ ലഭിക്കുന്നത്. ലൈവ് വാനുമായി മാധ്യമങ്ങള്‍ എന്റെ വീട്ടിലേക്കു വന്ന സമയമുണ്ട്. ഉറപ്പായും എനിക്കു കിട്ടില്ല എന്നാണ് അവരോടു പറഞ്ഞത്. ഞങ്ങള്‍ക്കു നേരത്തേ വിവരം കിട്ടും, ജയറാമിന് തന്നെയാണ് എന്ന് അവര്‍ പറഞ്ഞു. ഇതിനു മുമ്പും പല സിനിമകള്‍ വന്നപ്പോഴും കാലത്തു പത്തു മണി വരെ ഞാനായിരിക്കും മികച്ച നടന്.
പക്ഷേ 11 മണിക്കു പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും. അതുകൊണ്ട് എനിക്കു വേണ്ടി കാത്തിരിക്കണ്ട, പൊക്കോളൂ എന്നു ഞാന്‍ മാധ്യമങ്ങളോടു പറയും. ഞാന്‍ പറഞ്ഞതു പോലെ തന്നെ, പ്രഖ്യാപിച്ചപ്പോള്‍ വേറെ ആള്‍ക്കായിരുന്നു. ഇതു കാലങ്ങളായി സംഭവിക്കുന്നതാണ്. എനിക്ക് അതില്‍ പുതുമയില്ല.
പത്തു പേര് ഒരു മേശയ്ക്കു ചുറ്റും ഇരുന്നു തീരുമാനിക്കുന്ന കാര്യമല്ലേ. അവര്‍ക്കു ജയറാമിനെ വേണ്ട എന്നു തോന്നിയാല്‍ തീര്‍ന്നു. നല്ലതൊക്കെ ചെയ്തിട്ടുണ്ട്. കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. പിന്നെ ഞാന്‍ സന്തോഷിക്കുന്ന വേറൊരു കാര്യമുണ്ട്. വെറുമൊരു കോമഡി പടമാണ് തെനാലി. ആ സിനിമയില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിച്ചതിന് തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് എനിക്ക് കിട്ടി. അതൊരു വലിയ ബഹുമാനമായി വിചാരിക്കുന്നു.
നോ പറയാന്‍ മടി
പലയിടത്തും നോ പറയാന്‍ പറ്റാത്തതു കൊണ്ട്, ചെയ്യേണ്ടാത്ത പല പ്രൊജക്ടുകളും ചെയ്യേണ്ടി വന്നു. പിന്നീട് ധൈര്യം ഉണ്ടാക്കി നോ പറഞ്ഞുതുടങ്ങി. ഇപ്പോള്‍ ധൈര്യമായി നോ പറയാന്‍ പറ്റും. പെട്ടെന്ന് ഒരാളുടെ മുഖത്തു നോക്കി ‘പറ്റില്ല’ എന്നു പറയാന്‍ ബുദ്ധിമുട്ടായിരുന്നു. ആവശ്യമില്ലാത്തതിനോടു നോ പറഞ്ഞില്ലെങ്കില്‍ അതെന്റെ കരിയറിനെ ബാധിക്കുമെന്നു തോന്നി. മലയാളത്തില്‍ നിന്നും മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്. ഒരു നല്ല സിനിമയുമായി തിരിച്ചു വന്നാല്‍ ഒരു റീഎന്‍ട്രി എനിക്കു കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെ മറ്റു ഭാഷകളിലെ സിനിമകള്‍ കൂടി വന്നതുകൊണ്ടാണ് ഈ ഗ്യാപ് വന്നത്.
ഗുരുത്വം എപ്പോഴും നമ്മെ കാത്തുസൂക്ഷിക്കും. ഗുരുത്വം ഉണ്ടെങ്കില്‍ കണ്ണില്‍ കൊള്ളേണ്ടതു പുരികത്തു കൊണ്ടങ്ങു പോകുമെന്നാണ് എന്റെ വിശ്വാസം. ഒരു ഗ്യാപ്പിനു ശേഷം ഓസ്ലര് പോലെ ഒരു ചിത്രത്തിലൂടെ തിരിച്ചുവരാനായതു ഗുരുത്വം കൊണ്ടാണ്.