കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി ‘ബ്ലാക്ക് സാൻഡ്’ റിലീസിനൊരുങ്ങുന്നു
Mail This Article
കരിമണൽ ഖനന വിഷയം വീണ്ടും വിവാദമായിരിക്കെ, ദേശീയ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായ ‘ബ്ലാക്ക് സാൻഡ്’ എന്ന ഡോക്യുമെന്ററി യുട്യൂബ് റിലീസിന് ഒരുങ്ങുന്നു. ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ കൂടിയായ സർ സോഹൻ റോയ്, ആലപ്പാട്ടെ കരിമണൽഖനനം പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിയാണ് ബ്ലാക്ക് സാൻഡ്. ഫെബ്രുവരി എട്ടിന് വൈകുന്നേരം 6 മണിക്ക് സർ.സോഹൻ റോയിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് നടക്കുക. ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിലുൾപ്പെടെ ഇടം നേടിയിട്ടുള്ള ഈ ഡോക്യുമെന്ററിക്ക് കേന്ദ്ര ഗവൺമെന്റിന്റേത് അടക്കം അറുപതിലധികം പുരസ്കാരങ്ങളാണ് കന്നിവർഷം തന്നെ കരസ്ഥമാക്കാൻ സാധിച്ചത്.
ആരും പറഞ്ഞിട്ടില്ലാത്ത കരിമണലിന്റെ യഥാർഥ കഥയായാണ് ഈ ചിത്രത്തെ നിരൂപകർ വിലയിരുത്തുന്നത്. ഖനനത്തിന്‍റെ ചരിത്രം, ദുരിതബാധിതരുടെ സമഗ്രചിത്രം,
പ്രക്ഷോഭത്തിന്‍റെ നാള്‍വഴികള്‍, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ പരിഹാരമാർഗങ്ങൾ എന്നിവയെല്ലാം വളരെ വിശദമായി ഡോക്യുമെന്ററി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. യഥാർഥ വസ്തുതകളെ വളച്ചൊടിച്ച് എങ്ങനെയാണ് കരിമണൽമാഫിയ വൻ ലാഭം കൊയ്യുന്നതെന്ന് ഈ ഡോക്യുമെന്ററി പറഞ്ഞുതരുന്നുണ്ട്.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ മുംബൈ സിനി ഫിലിം ഫെസ്റ്റിവൽ, ബാബ സാഹിബ് അംബേദ്കർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച 'നേച്ചർ ഡോക്യുമെന്ററി', എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാൻ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂരിലെ വേൾഡ് ഫിലിം കാർണിവൽ, ടാഗോർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്ലബ്ലിക്കിലെ പ്രേഗ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഗോണ ഫിലിം ഫെസ്റ്റിവൽ, നവാഡ ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ, സാൻ ഡീഗോ മൂവി അവാർഡുകൾ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഉരുവാട്ടി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹോഡു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷനൽ മോഷൻ പിക്ചർ ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, സഹസ്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മുതലായവ ഈ ഡോക്യുമെന്ററിക്കു ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.
അഭിനി സോഹൻ റോയിയാണ് ഈ ഡോക്യുമെന്ററിയുടെ നിർമാതാവ്.ഇതിന്റെ ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ അടിയോടിൽ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. മഹേഷ്, ബിജിൻ, അരുൺ എന്നിവരുടേതാണ് എഡിറ്റിങ്, കളറിങ്ങ്, ഗ്രാഫിക്സ്. ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യുസേഴ്സ് അരുൺ സുഗതൻ, ലക്ഷ്മി അതുൽ.