മലയാള സിനിമയുടെ തലവര മാറ്റിയ ഫെബ്രുവരി: ഹിറ്റ് ചാർട്ടിലേക്കു നാലാം സിനിമ
Mail This Article
മലയാളത്തിൽ തുടർച്ചയായി നാലു സിനിമകൾ സൂപ്പർഹിറ്റാകുന്നത് അപൂർവ കാഴ്ചയാണ്. തിയറ്ററുകളിലെല്ലാം ഹൗസ്ഫുൾ ബോർഡുകൾ, ഇഷ്ട സിനിമയ്ക്കു ടിക്കറ്റ് ലഭിക്കാതെയാകുന്നു. ഈ ഫെബ്രുവരി മലയാള സിനിമയ്ക്കു വിജയമാസം കൂടിയാകുകയാണ്. ഫെബ്രുവരി ഒൻപതിനു റിലീസ് ചെയ്ത രണ്ട് സിനിമകളിലൂടെയാണ് വിജയക്കുതിപ്പിന്റെ തുടക്കം.
ടൊവിനോ തോമസ് നായകനായെത്തിയ അന്വേഷിപ്പിൻ കണ്ടെത്തും, നസ്‌ലിൻ– മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. ഒരുക്കിയ പ്രേമലു എന്നീ സിനിമകളാണ് ഫെബ്രുവരി 9 നു റിലീസ് ചെയ്തത്. രണ്ടും കൈകാര്യം െചയ്തത് വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നെങ്കിലും പ്രേക്ഷകർ രണ്ട് സിനിമകളെയും ഏറ്റെടുത്തു.
പിന്നീടെത്തിയത് മമ്മൂട്ടിയുടെ ഭ്രമയുഗമാണ്. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രത്തിന് മുമ്പിറങ്ങിയ രണ്ട് സിനിമകളുമായി പ്രമേയത്തിലോ അവതരണത്തിലോ ഒരു സാമ്യവുമില്ലായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ തിയറ്ററുകളിലെത്തിയ ചിത്രം മലയാളികൾ മാത്രമല്ല അന്യഭാഷ സിനിമാ പ്രേമികളും വലിയ വിജയമാക്കി മാറ്റി.
ഈ കുതിപ്പുകൾക്കിടയിലാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എത്തുന്നത്. റിലീസിനു മുൻപു തന്നെ വലിയ ഹൈപ്പ് ഉണ്ടായിരുന്ന സിനിമയ്ക്കും തിയറ്ററുകളില്‍ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ജൂഡ് ആന്തണിയുടെ 2018നു ശേഷം മലയാളത്തിനു മറ്റൊരു സർവൈവൽ ത്രില്ലർ എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഒരു സിനിമയെങ്കിലും വിജയിക്കാന്‍ നിർമാതാക്കൾ പാടുപെടുമ്പോൾ മലയാളത്തിൽ നോണ്‍ സ്റ്റോപ് ഹിറ്റുകളാണ് നിർമിക്കപ്പെടുന്നത്. തമിഴ് പ്രേക്ഷകരും മലയാള സിനിമയെ വാഴ്ത്തി രംഗത്തെത്തിക്കഴിഞ്ഞു.
‘മാസ്റ്റർ പീസ് ആഫ്റ്റർ മാസ്റ്റർ പീസ്’ എന്നായിരുന്നു തമിഴ് നിരൂപകനായ ‘സിനിമാപ്പയ്യൻ’ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. തമിഴിലെ പ്രശസ്ത നിരൂപകരടക്കമുള്ളവർ മലയാള സിനിമയെ പ്രശംസിച്ചെത്തുന്നുണ്ട്.
കലക്‌ഷന്റെ കാര്യത്തിലും മലയാള സിനിമ കോടികൾ വാരുകയാണ്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കു ലഭിച്ചത് ഏകദേശം 120 കോടി രൂപയാണ്. ഇതില്‍ പ്രേമലു 50 കോടി പിന്നിട്ടു, ഭ്രമയുഗം അതിലേക്കു കടക്കുന്നു. പ്രി ബുക്കിങ്ങിലൂടെ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം നേടിയത് 1.47 കോടിയാണ്. എന്തായാലും മലയാളം ബോക്സ്ഓഫിസിന്റെ തിളക്കം കൂടുകയാണ്.