ഷമ്മി തിലകന്റെ മകൻ സിനിമയിലേക്ക്; അരങ്ങേറ്റം ‘മാർക്കോ’യിലൂടെ

Mail This Article
താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിലേക്ക് ഒരാൾകൂടിയെത്തുന്നു. നടൻ നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകനാണ് പുതിയ എൻട്രി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തിലകന്റെ അരങ്ങേറ്റം.
അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഏത് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഹനീഫ് അദേനിയുടെ ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിലെ ക്രൂരനായ വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ ജൂനിയർ. മലയാളത്തിലെ ഒരു വില്ലന്റെ കഥ പറയുന്ന ആദ്യ സ്പിൻ ഓഫ് സിനിമയായും ഈ ചിത്രം മാറും. മാർക്കോ ജൂനിയറിന്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കെജിഎഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റ്യും ഡിസൈൻ ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോ ഡയറക്ടർ. സ്യമന്തക് പ്രദീപ്. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂർ. പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പ്രമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ. മാർക്കറ്റിങ് 10. ജി. മീഡിയ. മേയ് മൂന്നിന് മൂന്നാറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്. പിആർഓ: വാഴൂർ ജോസ്.