അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷം: ബാലയയ്യെ പ്രശംസിച്ച് അഞ്ജലി
Mail This Article
സിനിമാ പ്രമോഷനിടെ തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ തന്നെ തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് നടി അഞ്ജലി. ബാലകൃഷ്ണയോട് ബഹുമാനമാണെന്ന് പറഞ്ഞുകൊണ്ട് താരത്തെ പിന്തുണച്ചാണ് അഞ്ജലിയുടെ കുറിപ്പ്. ഗ്യാങ്സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്തതിന് ബാലകൃഷ്ണയോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് അഞ്ജലി എഴുതിയത്. പ്രമോഷനിടെ ഉണ്ടായ വിവാദത്തെക്കുറിച്ചോ മറ്റു ചർച്ചകളെക്കുറിച്ചോ ഒന്നും നടി തന്റെ കുറിപ്പിൽ പറയുന്നുമില്ല.
‘‘ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രി-റിലീസ് ഇവന്റിൽ സാന്നിധ്യമറിയിച്ച ബാലകൃഷ്ണ ഗാരുവിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവരുമാണ്. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചത് അതിമനോഹരമായ അനുഭവമായിരുന്നു സമ്മാനിച്ചത്.’’–അഞ്ജലി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
അഞ്ജലി പ്രധാന വേഷത്തിലെത്തുന്ന ‘ഗ്യാങ്സ് ഓഫ് ഗോദാവരി’ എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നിൽക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ നടൻ തള്ളിമാറ്റിയത്. പെട്ടന്നുള്ള നടന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും െഞട്ടിപ്പോയി.
സോഷ്യല്‍ മീഡിയയിൽ വലിയ പ്രതിഷേധമാണ് ബാലകൃഷ്ണയ്ക്കെതിരെ ഉയര്‍ന്നത്. ബോളിവുഡ് സംവിധായകൻ ഹൻസൽ മേഹ്ത അടക്കമുള്ളവർ നടനെതിരെ രംഗത്തുവന്നിരുന്നു.