ശിശുക്ഷേമ സമിതിയിലെ കുട്ടികളോടൊപ്പം ‘ഗർർർ’ കണ്ട് അലൻസിയർ
Mail This Article
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികളോടൊപ്പം ഏറ്റവും പുതിയ സിനിമ ഗ്ർർർ സിനിമ കണ്ട് നടൻ അലൻസിയർ. തിരുവനന്തപുരം ന്യൂ തിയറ്ററിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി പ്രദർശനമൊരുക്കിയത്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സിംഹവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്ർർർ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്.
തിരുവനന്തപുരം മൃഗശാലയിലെ സിംഹകൂട്ടിൽ ചാടുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും രക്ഷിക്കാനായി ചാടുന്ന സുരാജിൻ്റെ കഥാപാത്രവും സിംഹവും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളാണ് ഈ മുഴുനീള കോമഡി ചിത്രത്തിലുള്ളത്. ചിത്രം കണ്ട കുട്ടികൾ വളരെ സന്തോഷത്തോടേയാണ് മടങ്ങിയത്. ശിശുക്ഷേമ സമിതിയിലെ കുട്ടികളോടൊപ്പം താൻ അഭിനയിച്ച സിനിമ കണ്ടതിൽ വളരെയധികം ആത്മസംതൃപ്തിയുണ്ടെന്ന് അലൻസിയർ പറഞ്ഞു.
കുട്ടികളെ ഏറ്റവും രസിപ്പിക്കുന്ന ചിത്രം കുട്ടികളോടൊപ്പം കാണുന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. കുട്ടികൾക്കു വേണ്ടി പ്രദർശനമൊരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ശിശുക്ഷേമ സമിതിയുടെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. 2024 ലെ മറ്റൊരു സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് ഗ്ർർർ. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ജയ് .കെ ആണ്.