അത് ലൈംഗിക പീഡനമല്ല, ജയസൂര്യയുടേത് പരിധിവിട്ട പെരുമാറ്റം: പരാതിക്കാരി
Mail This Article
തന്നെ ആരും ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ജയസൂര്യയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു എന്ന അതിക്രമമാണ് ജയസൂര്യയിൽനിന്നു തനിക്കുണ്ടായതെന്ന് തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ നടി പറഞ്ഞു. ‘‘എന്നെ ആരും പീഡിപ്പിച്ചിട്ടില്ല. ശാരീരികമായി റേപ്പ് ചെയ്യപ്പെട്ടിട്ടില്ല ഞാൻ. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ അതിക്രമമാണിത്. സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വകുപ്പാണ് കേസിൽ വരുന്നത്. ഐപിസി 354 സെക്‌ഷൻ വച്ചാണ് കേസ് കൊടുത്തിരിക്കുന്നത്.’’
പിഗ്‍മാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായതെന്നും നടി പറഞ്ഞു. ‘‘സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമക്കാര്‍ വലിയ വില കൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ചു കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. സംവിധായകനാണ് ജയസൂര്യയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ആദ്യത്തെ ഷോട്ടിനു വേണ്ടി റെഡിയാകാൻ പോയി. വസ്ത്രം മാറ്റി, മേക്കപ്പ് ചെയ്ത ശേഷം ബാത്‌റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ എന്നെ കയറിപ്പിടിച്ചു. പെട്ടെന്നു ഞാന്‍ പിടിച്ചു തള്ളി. വലിയൊരു ആക്രമണമല്ലാത്തതുകൊണ്ട് നിലവിളിച്ചില്ല. ഞാൻ ഈ പറയുന്നതല്ലാതെ മറ്റൊന്നും മാധ്യമങ്ങൾ എഴുതിച്ചേർക്കരുത്. വെറുതെ ഒരാളുടെ മേൽ ആരോപണം ഉന്നയിക്കാന്‍ എന്നെ കിട്ടില്ല.
എനിക്കു പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്തത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ കൈകൾ. അയാൾ രണ്ടു ചുവടു പുറകിലേക്കു മാറി. ഈ കാണിച്ചത് ശരിയായില്ലെന്നും എന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിച്ചത് തെറ്റാണെന്നും അപ്പോൾത്തന്നെ ഞാൻ പറഞ്ഞു. എനിക്കു താല്‍പര്യമില്ലെന്നു മനസ്സിലായപ്പോൾ ജയസൂര്യ മാപ്പു പറയുകയും ചെയ്തു.’’ – നടി പറഞ്ഞു.