ടൊവിനോയുടെ സമർഥമായ അഭിനയം; പ്രശംസിച്ചു അനൂപ് മേനോൻ
Mail This Article
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജിതിൻ ഒരു വലിയ നേട്ടമാണ് ഈ ചിത്രത്തിലൂടെ നേടിയിരിക്കുന്നതെന്നും മണിയൻ, അജയൻ, കേളു എന്നീ മൂന്ന് കഥാപാത്രങ്ങളിലേക്കുള്ള കൂടുമാറ്റം ടോവിനോ അതിസമർഥമായി ചെയ്തിട്ടുണ്ടെന്നും അനൂപ് പറയുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായ സുരഭി ലക്ഷ്മി ഈ ചിത്രത്തിലൂടെ ഒരു മുഖ്യധാരാ നായികയായി മാറിയെന്നും സുരഭിയുടെ അഭിനയം സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണെന്നും അനൂപ് മേനോൻ കുറിച്ചു.
‘അജയന്റെ രണ്ടാം മോഷണം ഒരു സിനിമ എന്ന നിലയിൽ നിർണ്ണായക നേട്ടമാണ്. ഇത്രയും വലിയ ഒരു സിനിമ ചെയ്യുക എന്നത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമായ കാര്യമല്ല. ജിതിനോടുള്ള സ്നേഹവും ബഹുമാനവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ജോമോൻ, നിങ്ങളുടെ ലെൻസിൽ നിന്ന് ഇതിലും ഗംഭീരമായത് ഞാൻ പ്രതീക്ഷിക്കുന്നില്ല അത്രയ്ക്ക് മനോഹരമാണ് ഇത്. പ്രിയ ടോവി, നീ മണിയനിൽ നിന്ന് കേളുവിലേക്കും അജയനിലേക്കും ഒരു തടസ്സവുമില്ലാതെ കൂടുവിട്ട് കൂടുമാറി. വ്യക്തിപരമായി എനിക്ക് ഈ സിനിമ എന്റെ പ്രിയപ്പെട്ട സുരഭി (എന്റെ സ്വന്തം പത്മ) ഒരു മുഖ്യധാരാ നായികയായും ഒരു തകർപ്പൻ പെർഫോമറായും സ്വയം തെളിയിക്കുന്ന സിനിമയായി മാറി. മാണിക്യം എന്ന കഥാപാത്രത്തിന്റെ രണ്ടു പ്രായത്തിലുള്ള വേഷങ്ങൾ അവൾ ചെയ്തു ഫലിപ്പിച്ച രീതി സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു പുത്തൻ പാഠപുസ്തകമാണ്. ഈ സമ്പൂർണ്ണ വിജയത്തിന് ലിസ്റ്റിൻ അഭിനന്ദനം അർഹിക്കുന്നു.’ അനൂപ് മേനോൻ കുറിച്ചു.