തന്റേതെന്ന പേരിൽ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചു; പൊലീസില്‍ പരാതി നല്കി ഓവിയ
Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വിഡിയോ പ്രചരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസില്‍ പരാതി നൽകി നടി ഓവിയ. നടിയുടെ പ്രൈവറ്റ് വിഡിയോ ലീക്ക് ആയി എന്ന രീതിയിലായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ വ്യാപകമായി പ്രചരിച്ചത്. ഓവിയയെ മനഃപൂര്‍വം അപമാനിക്കാനായി ആരോ തയാറാക്കിയ വ്യാജ വിഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ പറഞ്ഞു.
പ്രചരിക്കുന്ന വിഡിയോ നടിയുടേതാണെന്നും നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വിഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വിഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. ഓവിയയുടെ ’90 Ml’ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
ഡീപ്ഫേക്ക്, എഐ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടിമാരുടെ വ്യാജ വിഡിയോ നിർമിച്ച് വൈറലാക്കിയ നിരവധി സംഭവങ്ങൾ സമീപകാലത്ത് സംഭവിച്ചിട്ടുണ്ട്. അതേസമയം തനിക്കു നേരെ ഉയരുന്ന അധിക്ഷേപങ്ങൾക്കും പരിഹാസ കമന്റുകൾക്കും അതേ നാണയത്തിൽ നടി മറുപടിയും നൽകിയിരുന്നു.
‘‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്.’’ എന്ന കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി. വിഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്ത തവണ ആകട്ടെ എന്നും നടി മറുപടി നൽകി.
തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. പൃഥ്വിരാജ് നായകനായി 2007-ല്‍ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ സിനിമയിലെ അരങ്ങേറ്റം. ഓവിയ ഹെലന്‍ എന്നാണ് മുഴുവന്‍ പേര്. മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും പ്രത്യക്ഷപ്പെട്ടു.
പിന്നീട് മലയാളത്തില്‍നിന്ന് തമിഴിലേക്ക് ചുവടുമാറ്റിയ നടി തമിഴ്‌സിനിമയില്‍ ശ്രദ്ധനേടി. ബിഗ്‌ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടിയുടെ പ്രശസ്തി വര്‍ധിച്ചു. ബൂമർ അങ്കിൾ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.