മാമനെ ഓർത്താണ് ആ സ്ത്രീയെക്കുറിച്ച് ഇതുവരെ തുറന്നു പറയാത്തത്: മുന്നറിയിപ്പുമായി കോകില
Mail This Article
നടൻ ബാലയെ വേദനിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാര്യ കോകില. സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾ എല്ലാം കാണാറുണ്ടെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി അഭിപ്രായം പറയാൻ ആർക്കും അനുവാദമില്ലെന്നും കോകില വ്യക്തമാക്കി. കുട്ടികൾക്കായി ബാല അങ്കണവാടി നിർമിച്ചു നൽകിയ വാർത്തയ്ക്ക് ഒരു സ്ത്രീ മോശം കമന്റ് ഇട്ടത് ചൂണ്ടിക്കാട്ടിയാണ് കോകിലയുടെ പ്രതികരണം. ആ സ്ത്രീയെപ്പറ്റി തനിക്ക് പലതും പറയാനുണ്ടെന്നും ബാലയെ ഓർത്താണ് പറയാത്തതെന്നും കോകില പറയുന്നു. അതേസമയം, കുട്ടികൾക്കായി ഒരു അങ്കണവാടി തുടങ്ങിയപ്പോഴാണ് വീണ്ടും വിവാദങ്ങൾ തലപൊക്കിയതെന്നും താൻ അടുത്തതായി കോകിലയ്ക്ക് വേണ്ടി ഒരു ആശുപത്രിയാണ് പണിയാൻ പോകുന്നതെന്നും ബാല വ്യക്തമാക്കി.
പിറന്നാൾ ആഘോഷത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ബാലയും കോകിലയും. കോകിലയുടെ വാക്കുകൾ: ‘‘മാമന്റെ പിറന്നാൾ വളരെ സന്തോഷകരമായി ആഘോഷിച്ചു. മാമൻ ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങൾ സന്തോഷമായി ഇരിക്കുന്നു. മീഡിയയിൽ ഞങ്ങളെപ്പറ്റി നെഗറ്റീവും നല്ല കാര്യങ്ങളും വരുന്നുണ്ട്. അടുത്തിടെ പെട്ടെന്ന് ഒരു സ്ത്രീ, പേര് ഞാൻ പറയുന്നില്ല നിങ്ങൾക്കറിയാം ആളിനെ, അവർ വന്നു എന്തൊക്കെയോ മോശം കാര്യങ്ങൾ വിളിച്ചു പറയുന്നു. ഞങ്ങളുടെ പക്ഷത്ത് തെറ്റൊന്നുമില്ല. പിന്നെ ഞങ്ങൾ എന്താണ് കൂടുതൽ പറയേണ്ടത്? ഞങ്ങൾ സമാധാനമായി നല്ല കാര്യങ്ങൾ ചെയ്ത് ശാന്തമായി ജീവിക്കുകയാണ്. അവിടെ വന്നു ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്. അത്രയേ ഞാൻ പറയുന്നുള്ളൂ."
"മാമനെപ്പറ്റി ആവശ്യമില്ലാതെ അനാവശ്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ എനിക്കു കഴിയില്ല. എനിക്ക് ഒരു കാര്യം തുറന്നു പറയണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ മാമനെ ഓർത്തു ഞാൻ പറയുന്നില്ല. അത് ഞാൻ പറഞ്ഞാൽ മറ്റു പലർക്കും വളരെ മോശമായി വരും. ആരെയും ഉപദ്രവിക്കണ്ട എന്ന് കരുതിയാണ് ഞാൻ പറയാത്തത്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ നല്ലത്. ഞങ്ങളെ ശല്യപ്പെടുത്തരുത്. അത്രയേ പറയാനുള്ളൂ. ഇനി ഒരു തവണ കൂടി ഞങ്ങളെ ശല്യപ്പെടുത്തിയാൽ ഞാൻ എല്ലാം ഉറപ്പായും വിളിച്ചു പറയും. മാമനോട് പോലും അനുവാദം ചോദിക്കില്ല. എന്തെങ്കിലും തെറ്റുകൾ കാണുമ്പോൾ മാമൻ അതിൽ പ്രതികരിക്കുമ്പോഴാണ് നിങ്ങൾ മാമനെക്കുറിച്ച് മോശമായി വിചാരിക്കുന്നത്. ഇതൊക്കെ കാണുമ്പൊൾ ഞങ്ങൾക്കും നെഗറ്റീവ് കമന്റുകൾ പറയാൻ തോന്നാറുണ്ട്. ഞങ്ങളും അതൊക്കെ പറയട്ടെ? മാമനു വേണ്ടി ആണ് ഞാൻ ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നത്. ഇനിയും ഞങ്ങളുടെ പിന്നാലെ നടന്നാൽ ഞാൻ എല്ലാം വിളിച്ചു പറയും," കോകില പറഞ്ഞു.
കോകിലയെക്കുറിച്ചും അവരുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിമർശനങ്ങളെക്കുറിച്ചും ബാലയും മനസ്സു തുറന്നു. ‘‘മൂന്നു വയസ്സിൽ ഞാൻ കയ്യിൽ എടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ, അവളുടെ മനസ്സിൽ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, സ്നേഹം എന്ന് പറയുന്നത് ചിത്രശലഭം പോലെ തനിയെ പറന്നു വരുമെന്ന്. ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ മൂന്നു മാസം എന്നെ അവൾ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്ത്രീയാണ്, ഡോക്ടർ ഒന്നും അല്ല. മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി. യുട്യൂബിൽ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തു തന്നു. അവൾക്ക് ഒരു വലിയ കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ്സ് ഈ തലമുറയിൽ ആർക്കും ഉണ്ടാകില്ല. ഞാൻ ഭാഗ്യവാൻ ആണ്. വേറെ എന്തു പറയാൻ? ഇപ്പോൾ ഞാൻ ജീവിക്കുന്നതാണ് ജീവിതം. ഇവിടെ ഇപ്പോൾ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, ഈ സന്തോഷത്തെയും ശല്യം ചെയ്യുന്ന കുറച്ചുപേർ ഉണ്ട്," ബാല പറഞ്ഞു.
"ഞാൻ ഇപ്പോൾ ഒരു അങ്കണവാടി തുടങ്ങി. ഇതൊക്കെ സർക്കാർ ചെയ്യേണ്ടതാണ്. പക്ഷേ ഞങ്ങൾ ചെയ്തുകൊടുത്തത് സന്തോഷമായിട്ടാണ്. ഇനി കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ഒരു ആശുപത്രി നിർമിക്കണം എന്ന്. ഇനി അതു ചെയ്യണം. ഞാൻ എല്ലാ കാര്യത്തിലും പ്രതികരിച്ചിട്ടുണ്ട്. എന്നെ വേദനിപ്പിക്കുമ്പോൾ ആണ് ഞാൻ പ്രതികരിക്കുന്നത്. പ്രതികരണം ചിലപ്പോൾ കൂടിപ്പോകും. അങ്കണവാടി സ്‌കൂൾ തുറന്നപ്പോൾ നാട്ടുകാർക്കെല്ലാം സന്തോഷമായി. ഒരുപാട് കാലം ആ സ്കൂൾ അടച്ചിരുന്നതാണ്. നന്നായി പഠിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ട്. ഞാൻ അവർക്കെല്ലാം നല്ലതാണ് ചെയ്യാൻ ശ്രമിക്കുന്നത്. ഞാൻ എന്തു പാപം ആണ് ചെയ്യുന്നത്? ഇപ്പോൾ കോകില ഒരു ക്ലിനിക് പണിയാൻ ശ്രമിക്കുകയാണ്. അത് ചെയ്യുമ്പോഴും വിവാദം ഉണ്ടാക്കുമോ? ഇത് ന്യായമാണോ? ഒരു സ്ത്രീയാണ് ഞങ്ങളെപ്പറ്റി ഒരു കമന്റ് ഇട്ടത്. ഞാൻ പേര് പറയുന്നില്ല. ഓരോരുത്തരും നിൽക്കേണ്ടിടത്ത് നിൽക്കണം," ബാല വ്യക്തമാക്കി.
"24 വയസ്സുള്ള ഒരു കുഞ്ഞുകുട്ടിയാണ് കോകില, അവൾ എന്നോട് പറഞ്ഞത്, ‘മാമാ, 99 പേർക്ക് സഹായം ചെയ്തിട്ട് ഒരാൾക്ക് ശിക്ഷ കൊടുത്താൽ 99 പേർക്ക് ചെയ്ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ ആകില്ലേ,’ എന്നാണ്. അവൾ പറഞ്ഞത് ശരിയല്ലേ? ഇന്ന് എന്റെ പിറന്നാൾ ആണ്. ഈ മാസം ഞങ്ങൾ ആറു ലക്ഷം രൂപ മറ്റുളളവർക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കുന്നതിൽ ഞാൻ കണക്ക് വയ്ക്കാറില്ല. ഞങ്ങളെ കുറിച്ച് മോശമായി പറയുന്നവരെല്ലാം കൊടുത്തു കാണിക്ക്. ഞാൻ ഒരുപക്ഷേ മോശക്കാരനായിരിക്കാം. അങ്ങനെ തന്നെ ഇരിക്കട്ടെ. എന്നാലും എന്നെക്കൊണ്ട് ഈ ഭൂമിക്ക് നന്മയല്ലേ ഉണ്ടാകുന്നുള്ളൂ? ഞാൻ കുഞ്ഞുകുട്ടികൾക്കൊരു സ്കൂൾ തുടങ്ങിയ ദിവസം വൈകിട്ട് തന്നെ വിവാദവും തുടങ്ങി. എന്തിനാണ് ഞങ്ങളുടെ പിന്നാലെ നടക്കുന്നത്? എല്ലാവരും അവരവരുടെ ജീവിതം നന്നായി ജീവിക്കട്ടെ. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഞങ്ങളെ വേദനിപ്പിക്കുന്നത് വലിയ വിഷമം തോന്നി. ഇനി കോകിലയെ ആരും വേദനിപ്പിക്കരുത്. ഞങ്ങൾ ഇനിയും നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകും. ഫുട്ബാൾ നമ്മുടെ ഗെയിം ആണ്, ഞങ്ങൾ കുറച്ച് സ്പോർട്സ് താരങ്ങളെ സപ്പോർട്ട് ചെയ്യാൻ പോവുകയാണ് ഇനി," ബാല പറഞ്ഞു.