കഥ തീരണ്ടേ!, മൂന്നാം ഭാഗം ഇതുപോലല്ല കുറച്ചു വലിയ പടമാണ്: പൃഥ്വിരാജ്

Mail This Article
‘ലൂസിഫർ’ സിനിമയുടെ മൂന്നാം ഭാഗത്തെപ്പറ്റി തുറന്നുപറഞ്ഞ് സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ തീരുന്നത് സിനിമയ്ക്ക് ഒരു തുടർച്ച ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണെന്ന് പൃഥ്വിരാജ് പറയുന്നു. ‘എമ്പുരാൻ’ തീരുമ്പോൾ ഇതിന്റെ ബാക്കി കഥ അറിയണമെന്ന ആഗ്രഹം പ്രേക്ഷകരുടെ ഉള്ളിലുണ്ടാകുമെന്നും താരം പറഞ്ഞു. ‘എമ്പുരാൻ’ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘‘ലൂസിഫർ സംവിധാനം ചെയ്യാൻ വേണ്ടി മുരളി ഗോപിയെ കണ്ട ആളല്ല ഞാൻ, മറ്റൊരു സിനിമയില്‍ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ലൂസിഫറിന്റെ കഥ ഞങ്ങൾക്കിടയിൽ വരുന്നത്. ലൂസിഫറിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത് തുടങ്ങുമ്പോൾ തന്നെ ഇതൊരു ഒറ്റ സിനിമയിൽ പറഞ്ഞു തീർക്കാൻ പറ്റുന്ന കഥയല്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അന്നു ശരിക്കും ഒരു സിനിമയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒന്നും അത്ര കോമൺ അല്ല. നമ്മളൊരു സിനിമയുടെ രണ്ടാം ഭാഗം, മൂന്നാം ഭാഗം എന്നൊക്കെ പറഞ്ഞാൽ ആൾക്കാര്‍ കുറച്ചെങ്കിലും ഒന്ന് നെറ്റി ചുളിക്കുന്ന ഒരു കാലമായിരുന്നു.
ഒന്നാം ഭാഗം ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗത്തെ ഇപ്പോൾ ഒന്നും പറയരുതെന്ന് തീരുമാനിച്ചിരുന്നു. ഒന്നാം ഭാഗത്തിന് കിട്ടുന്ന പ്രതികരണങ്ങൾ കണ്ടിട്ട് മാത്രമേ രണ്ടാം ഭാഗത്തെപ്പറ്റി ചിന്തിക്കാൻ കഴിയൂ. എമ്പുരാൻ ഉണ്ടായതിൽ ഒരു വലിയ നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ്. കാരണം അവർ ലൂസിഫറിനു തന്ന ആ മഹാവിജയമാണ് എമ്പുരാൻ എന്ന സിനിമ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. അല്ലെങ്കിൽ എമ്പുരാൻ സംഭവിക്കില്ലായിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തെപ്പറ്റിയും ഞാൻ ഇക്കാര്യം തന്നെയാണ് പറയുന്നത്. എമ്പുരാൻ എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്വീകരണം കണ്ടിട്ട് മാത്രമേ മൂന്നാം ഭാഗം പ്രഖ്യാപിക്കാൻ കഴിയൂ. ഈ പാർട്ട് ടു ഒരു വലിയ വിജയം ആവട്ടെ.
മൂന്നാം ഭാഗം ഇതുപോലെയല്ല കുറച്ചു വലിയ പടമാണ്. എമ്പുരാന് ഒരു വലിയ മഹാവിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം സംഭവിക്കുക. ശരിക്കും പറഞ്ഞാൽ മൂന്നാം ഭാഗം ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ കഥ തീരണ്ടേ. ഇപ്പോൾ ലൂസിഫർ നമ്മൾ കൊണ്ടു തീർത്തത് വേണമെങ്കിൽ രണ്ടാം ഭാഗം ഇല്ലാതിരിക്കാം എന്നൊരു രീതിയിൽ ആണല്ലോ. പക്ഷേ എനിക്ക് ഒരു കാര്യം പറയാൻ പറ്റുന്നത് എമ്പുരാൻ തീരുന്നത് മൂന്നാം ഭാഗം ഇല്ലെങ്കിൽ കഥ മുഴുവൻ ആകില്ല എന്ന വ്യക്തമായ ഒരു പോയിന്റിലാണ്. അപ്പോൾ മൂന്നാം ഭാഗം ഉണ്ടായേ മതിയാകൂ എന്ന് എനിക്ക് പറയേണ്ടി വരും. കാരണം ഈ സിനിമ തീരുന്ന ഒരു പോയിന്റിൽ അയ്യോ ഇതിന്റെ കഥ ബാക്കി ഇനി അറിയണമല്ലോ എന്ന് പ്രേക്ഷകന് തോന്നും. മൂന്നാം ഭാഗം ചെയ്യാൻ ചെയ്യാൻ പറ്റട്ടെ അതിന് പ്രേക്ഷകർ നമുക്കൊപ്പം നിൽക്കട്ടെ നിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ലോകത്തിലെ ഏറ്റവും ബസ്റ്റ് ടീം എന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ സിനിമയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘം ലോകത്തിലെ ഏത് ഇന്‍ഡസ്ട്രിയിലെ എത്ര വലിയ സിനിമ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റിയ ടീമാണ്. അതെനിക്ക് ഉറപ്പു പറയാൻ പറ്റും.’’– പൃഥ്വിരാജ് പറഞ്ഞു.