ഇടിയുടെ പൊടിപൂരം ഇന്ന്; ‘ദാവീദ്’ ലൈവ് ബോക്സിങ് മത്സരം സൗജന്യമായി കാണാം

Mail This Article
കഴിഞ്ഞ മാസം ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെ അംഗീകൃത പ്രഫഷനൽ ബോക്സിങ് ലൈസൻസ് നേടിയ, ‘ക്വിന്റൽ ഇടിയുടെ നായകനെ’ന്ന് ആരാധകർ വിളിക്കുന്ന ആന്റണി വർഗീസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ദാവീദ്’ ഫെബ്രുവരി 14നു റിലീസിനൊരുങ്ങുകയാണ്. ബോക്സിങ് റിങ്ങിലെ ത്രസിപ്പിക്കുന്ന കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിന്ദ് വിഷ്ണുവാണ്. ‘ദാവീദി’ന്റെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ വച്ച് ബോക്സിങ് മൽസരം സംഘടിപ്പിക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും. ‘ദാവീദ് ചാംപ്യൻഷിപ്പ്’ എന്നു പേരിട്ടിരിക്കുന്ന മത്സരത്തിൽ എട്ടു പ്രഫഷനൽ ബോക്സർമാർ റിങ്ങിലിറങ്ങും. തീർത്തും സൗജന്യമായി തത്സമയം ബോക്സിങ് മത്സരം കാണാനുള്ള അവസരം ഒരുക്കുകയാണ് അണിയറപ്രവർത്തകർ.
വൈകിട്ട് ആറു മുതൽ ജെയിൻ ക്യാംപസിലാണ് മത്സരം. വിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങൾ നൽകും. കൂടാതെ, ‘ദാവീദ്’ സിനിമയുടെ അണിയറപ്രവർത്തകരെ നേരിൽ കാണാനും അവസരമുണ്ട്. മൂന്നു മിനിറ്റ് വീതമുള്ള മൂന്നു റൗണ്ടുകളുള്ള നാലു ക്വാർട്ടർ ഫൈനലും രണ്ടു സെമി ഫൈനലുമുണ്ടാകും. ‘ദാവീദ് ടൈറ്റിൽ ബെൽറ്റിനു’ വേണ്ടി മൂന്നു മിനിറ്റ് വീതമുള്ള നാല് റൗണ്ടുകളാണ് ഫൈനലിലുണ്ടാകുക.
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനു’ ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്‌ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി ഏബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിര്‍മാണം.
വിജയരാഘവൻ, ലിജോമോൾ, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവരാണ് ദാവീദിലെ മറ്റ് അഭിനേതാക്കൾ. ജസ്റ്റിൻ വർഗീസ് ആണ് സംഗീതം.