‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ അടുത്ത വർഷം, അതല്ല ഇൗ ചിത്രം: വ്യക്തമാക്കി മോഹൻലാൽ സിനിമയുടെ അണിയറപ്രവർത്തകർ

Mail This Article
അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ച ‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ എന്ന സിനിമയല്ലെന്ന് അണിയറപ്രവർത്തകർ. ‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ എന്ന ചിത്രം ഉറപ്പായും ഉണ്ടാകും എങ്കിലും ഇൗ രണ്ടു സിനിമകളും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞു.
മോഹൻലാൽ തന്റെ അടുത്ത ചിത്രം അനൂപ് മേനോനോടൊപ്പം ആയിരിക്കും എന്ന പ്രഖ്യാപനം നടത്തിയതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ അനൂപ് മേനോൻ മുൻപ് പ്രഖ്യാപിച്ച ചിത്രത്തിന് എന്തുപറ്റി എന്ന അന്വേഷണമുയർന്നത്. നേരത്തെ അനൂപ് മേനോൻ പ്രഖ്യാപിച്ച നാൽപ്പതുകാരന്റെ ഇരുപതുകാരിയാണോ ഈ ചിത്രം എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ രണ്ടും വ്യത്യസ്ത ചിത്രങ്ങളാണെന്ന് വെളിപ്പെടുത്തുകയാണ് മോഹൻലാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മോഹൻലാൽ നായകനാകുന്ന ചിത്രം വേറെ ആണെന്നും നാൽപ്പതുകാരന്റെ ഇരുപതുകാരി അടുത്ത വർഷം തന്നെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
‘നാൽപ്പതുകാരന്റെ ഇരുപതുകാരി എന്ന ചിത്രം ഉറപ്പായും ഉണ്ടാകും. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു വലിയ താരം തന്നെയാകും ചിത്രത്തിലെ നായകൻ. മോഹൻലാലിനൊപ്പം അനൂപ് മേനോൻ പ്രഖ്യാപിച്ച സിനിമയുമായി ആ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. മോഹൻലാൽ നായകനാകുന്ന ചിത്രം മറ്റൊരു കഥയാണ്. ആ ചിത്രം ഈ വർഷം തന്നെ ഉണ്ടാകും. ആ ചിത്രത്തിന് ശേഷമായിരിക്കും നാൽപ്പതുകാരന്റെ ഇരുപതുകാരിയുടെ ഷൂട്ടിംഗ് തുടങ്ങുക.’ അനൂപ് മേനോനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അനൂപ് മേനോനോടൊപ്പമുള്ള ചിത്രത്തെക്കുറിച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. പ്രണയവും വിരഹവും സംഗീതവും ചേരുന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. തിരുവനന്തപുരത്തും കൊൽക്കത്തയിലും ഷില്ലോങ്ങിലുമായിരിക്കും സിനിമ ചിത്രീകരിക്കുക എന്നും ഈ കുറിപ്പിലുണ്ടായിരുന്നു. മോഹന്‍ലാലും അനൂപ് മേനോനും ആദ്യമായി ഒന്നിച്ചത് പകല്‍നക്ഷത്രങ്ങൾ എന്ന ചിത്രത്തിലായിരുന്നു. 2008–ൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പകല്‍നക്ഷത്രങ്ങളില്‍ മോഹൻലാൽ അവതരിപ്പിച്ച സിദ്ധാർത്ഥൻ എന്ന കഥാപാത്രവും കൈയ്യടികൾ നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകർ.