‘ചെയ്ത തെറ്റിന് മനു മാപ്പ് പറഞ്ഞു’; നാൻസി റാണി സംവിധായകനും അഹാനയ്ക്കും ഇടയിൽ സംഭവിച്ചത്

Mail This Article
നാൻസി റാണി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി അഹാന കൃഷ്ണ. സംവിധായകൻ മനു ജീവിച്ചിരുന്നപ്പോൾ തന്നെ അവർ സൃഷ്ടിച്ച പ്രശ്നങ്ങളും പ്രചരിപ്പിച്ച നുണക്കഥകളും താൻ നേരിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അഹാന വെളിപ്പെടുത്തി. തന്നെക്കുറിച്ച് സംവിധായകൻ മനു ജയിംസും ഭാര്യ നൈനയും പ്രചരിപ്പിച്ച നുണക്കഥകൾ സുഹൃത്തുക്കളിൽ നിന്നു മനസ്സിലാക്കിയപ്പോൾ തന്നെ അക്കാര്യം നേരിട്ട് ചോദിച്ചു. ഫോൺ വിളിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം നുണ ആയിരുന്നുവെന്ന് സമ്മതിക്കുകയും അവർ ചെയ്ത തെറ്റിന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ക്ഷമാപണം നടത്തി 20 ദിവസങ്ങൾക്കു ശേഷം മനു നിർഭാഗ്യവശാൽ മരിക്കുകയായിരുന്നുവെന്നും അഹാന പറഞ്ഞു. നാൻസി റാണി സിനിമയുടെ റിലീസുമായി അഹാന സഹകരിക്കുന്നില്ലെന്ന സംവിധായകൻ മനുവിന്റെ ഭാര്യ നൈനയുടെ ആരോപണത്തിന് നൽകിയ മറുപടിയിലാണ് അഹാന ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമയുടെ പ്രമോഷൻ ചെയ്യുന്ന സുഹൃത്തിനോടും മറ്റൊരു നടിയോടും ആണ് മനുവും ഭാര്യയും അഹാനയെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞത്. ഇക്കാര്യം അഹാന മനസ്സിലാക്കിയെന്നറിഞ്ഞപ്പോഴാണ് ക്ഷമാപണവുമായി ഇരുവരും രംഗത്തു വന്നത്.
അഹാനയുടെ വാക്കുകൾ:
"2022 ഡിസംബറിൽ, ഒരു പരിപാടിയിൽ വച്ച് മലയാളം സിനിമയിലെ ഒരു നടിയെ ഞാൻ പരിചയപ്പെട്ടു. അവർ പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെങ്കിലും ആ പരിപാടിയിൽ വച്ചാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. ആ പരിപാടിയിൽ വച്ച് കുറെ നേരം ഒരുമിച്ച് ചെലവഴിക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ എന്നോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അവർ പറഞ്ഞു. മനു ജെയിംസും നൈന മനു ജെയിംസും കുറച്ച് അസിസ്റ്റന്റ് ഡയറക്ടർമാരും മറ്റൊരു പ്രോജക്ടുമായി അവളെ സമീപിച്ചിരുന്നു എന്നും ആ മീറ്റിങ്ങിനിടെ നാൻസി റാണിയെപ്പറ്റി സംസാരം ഉണ്ടായെന്നും അവർ പറഞ്ഞു. എന്നെക്കുറിച്ച് മനു അവരോട് പറഞ്ഞത് ഇങ്ങനെയാണ്, ‘അഹാന വളരെ നല്ല നടിയായിരുന്നു, പക്ഷേ അവളുടെ പെരുമാറ്റം വളരെ മോശമാണ്. അവൾ ഒട്ടും പ്രഫഷണലല്ലായിരുന്നു, സെറ്റിൽ എപ്പോഴും വൈകിയാണ് വന്നിരുന്നത്. ഷൂട്ടിങ് ദിവസങ്ങളിൽ അവൾ പലപ്പോഴും ട്രിപ്പുകൾക്ക് പോവുമായിരുന്നു. അവൾ മയക്കുമരുന്നിന് അടിമയായതിനാൽ അവൾക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്.’
എന്നോട് ഇക്കാര്യം പറഞ്ഞ നടി എന്നോട് പറഞ്ഞത്, എന്നോട് ഇത്രനേരം ഇടപെഴകിയതിൽ നിന്ന് മനു പറഞ്ഞ തരത്തിലുള്ള ആളല്ല ഞാൻ എന്ന് മനസ്സിലായെന്നും അതുകൊണ്ട് ഈ ഭർത്താവും ഭാര്യയും എന്നെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതെന്ന് ഞാൻ അറിഞ്ഞിരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇത് തുറന്നുപറയുന്നത് എന്നാണ്
2023 ജനുവരിയിൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റും എന്റെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ശ്രീമതി സംഗീത ജനചന്ദ്രനിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. മനുവും നൈനയും സിനിമയുടെ മാർക്കറ്റിങ്ങിനെ കുറിച്ച് സംസാരിക്കാൻ അവരെ കണ്ടെന്നു അവർ പറഞ്ഞു. കൊച്ചിയിലെ ഒരു കഫേയിൽ വച്ചാണ് അവർ കണ്ടത്. സംഭാഷണത്തിനിടയിൽ, സിനിമ ഇത്രയും മോശമായതിന്റെ കാരണം വിശദീകരിക്കേണ്ടി വന്നപ്പോൾ മനുവും നൈനയും ആ പഴയ മയക്കുമരുന്ന് കഥ തന്നെ പുറത്തെടുത്തു. രണ്ടുപേരും ഒരുമിച്ച് ഇക്കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ട സംഗീത ചേച്ചി ഞെട്ടിപ്പോയി, അഹാനയെ തനിക്ക് അറിയാമെന്നും അവൾ ഒരിക്കലും ഇങ്ങനെ ചെയ്യുന്ന വ്യക്തിയല്ലെന്നും സംഗീത ചേച്ചി അവരോട് പറഞ്ഞു. മീറ്റിങ് കഴിഞ്ഞയുടനെ തന്നെ സംഗീത ചേച്ചി എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചു. നിയമപരമായ ഒരു ആവശ്യം വരികയാണെങ്കിൽ മനുവും നൈനയും പറഞ്ഞ കാര്യത്തെക്കുറിച്ച് തുറന്നുപറയാൻ തയ്യാറാണെന്ന് എന്നോട് ഇക്കാര്യം പറഞ്ഞ നടിയും സംഗീത ചേച്ചിയും തയ്യാറാണ്. പിന്നീട് ഞാൻ മനസ്സിലാക്കിയത് മനുവും നൈനയും എനിക്ക് പരിചയമുള്ള മറ്റു രണ്ട് വ്യക്തികളോടും ഈ നുണ പറഞ്ഞതായിട്ടാണ്. ഈ നുണക്കഥ അവർ അപ്പോൾ നിരവധിപേരോട് പറയുന്നുണ്ടാകാം എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഇതിനെക്കുറിച്ച് എന്റെ മാതാപിതാക്കളോട് പറഞ്ഞു, അവർ എന്നോട് പറഞ്ഞത് ഞാൻ ഇത് മനുവിനോട് സംസാരിക്കണമെന്നും അവന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കണമെന്നുമാണ്.
2023 ജനുവരി 26ന് ഞാൻ മനുവിനെ ഫോണിൽ വിളിച്ചു (എന്റെ കൈവശം ഇതിന്റെ മുഴുവൻ കോൾ റെക്കോർഡിങ്ങും ഉണ്ട്). ഈ കോളിൽ, അവർ ഇത്തരത്തിൽ ഒരു നുണ പറഞ്ഞെന്ന് അയാൾ സമ്മതിച്ചു, വേണമെങ്കിൽ ആ നടിയെയും സംഗീതയെയും നേരിട്ട് വിളിച്ച് അത് ഒരു നുണയായിരുന്നു എന്ന് പറയുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങൾ ഇത്തരത്തിൽ എനിക്കെതിരെ നുണ പറഞ്ഞു നടക്കുന്നതിനെതിരെ ഞാൻ മാനനഷ്ടത്തിന് മനുവിനും ഭാര്യ നൈനയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ ആ കോളിൽ മനുവിനോട് പറഞ്ഞിരുന്നു. ഈ കോളിന് ശേഷം അയാൾ എന്നോട് ക്ഷമാപണം നടത്തി അയച്ച ഒരു വാട്ട്‌സ്ആപ്പ് വോയ്‌സ് സന്ദേശം എന്റെ കയ്യിൽ ഉണ്ട്. അതിൽ അയാൾ തെറ്റിന് ക്ഷമാപണം നടത്തുകയും അത് തിരുത്താൻ സമ്മതിക്കുകയും ചെയ്തിരുന്നു. (ഈ വോയ്‌സ് നോട്ട് എന്റെ പക്കലുണ്ട്). ഈ സംഭവം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷം നിർഭാഗ്യവശാൽ മനു മരിച്ചു."
2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനു ജയിംസിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാന്‍സി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിന്‍റെ അപ്രതീക്ഷിത വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി.
മനുവിന്റെ മരണശേഷം സിനിമയുടെ ചുമതല ഭാര്യ നൈന ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തിരുന്നില്ല. സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു. ഈ വേദിയിൽ വച്ചാണ് അഹാന സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ല എന്ന വിവാദ വെളിപ്പെടുത്തൽ നൈന നടത്തിയതും വിഷയം വലിയ ചർച്ചയായതും.