മോഹൻലാലിനോടും ആന്റണിയോടുമുള്ള സ്നേഹമാണ് കാരണം, എമ്പുരാൻ ദൈവ നിയോഗം; ഗോകുലം ഗോപാലൻ

Mail This Article
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം എമ്പുരാന്റെ നിർമാണ പങ്കാളി ആയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഗോകുലം ഗോപാലൻ. മലയാളത്തിലെ മികച്ച ഒരു സിനിമ തടസങ്ങളൊന്നും കൂടാതെ പ്രഖ്യാപിച്ച സമയത്തു തന്നെ റിലീസ് ആകണമെന്ന ആഗ്രഹമാണ് തന്നെ ചിത്രത്തിന്റെ നിർമാണ പങ്കാളി ആക്കിയതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
ഗോകുലം ഗോപാലന്റെ വാക്കുകൾ: "മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നത് എന്നാണ് ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളൊന്നും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടും ലാലിനോടും ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടും തന്നെയാണ് ഞാൻ ഇതിൽ പങ്കാളി ആയത്." അതൊരു നിമിത്തം ആണെന്നും ഗോകുലം ഗോപാലാൻ കൂട്ടിച്ചേർത്തു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ മാർച്ച് 27 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ.
ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് മാർച്ച് 21ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ഇതിനോടകം 8 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ചിത്രത്തിന്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡ് ആണ്. ആദ്യ 48 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ബുക്കിങ് ട്രെൻഡിങ്ങിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന സിനിമ കൂടിയാണ്. മാർച്ച് 27ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്.
കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 35 കോടിയോളം രൂപയാണ് പ്രീ സെയിൽസ് വഴി മാത്രം ചിത്രം ആഗോള തലത്തിൽ നേടിയത്. കേരളത്തിൽ നിന്ന് 10 കോടിയോളം പ്രീ സെയിൽസ് ആയി നേടിയ ചിത്രം വിദേശത്ത് നിന്നും 20 കോടിക്ക് മുകളിൽ നേടി. കർണാടകയിൽ ഇതിനോടകം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസ് ബുക്കിങ്ങിലൂടെ മാത്രം നേടിയ ചിത്രത്തിന്റെ തമിഴ്നാട് ബുക്കിങ്ങും റെക്കോർഡുകൾ ഭേദിക്കുകയാണ്.
മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവീനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
കോ പ്രൊഡ്യൂസർ - വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്‌ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ - നിർമൽ സഹദേവ്