ADVERTISEMENT

21 വർഷം മുൻപ്, 18000 രൂപ മാസശമ്പളം ലഭിച്ചിരുന്ന യുണൈറ്റഡ്  ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ സീനിയർ അസിസ്റ്റൻ്റ്  ജോലി വേണ്ടെന്നുവച്ച് മുഴുവൻ സമയ നാടകപ്രവർത്തകനായി മാറിയ ആളാണ് തൃശൂർക്കാരനായ ഇ.ടി. വർഗീസ്.

അന്നത്തെ അതേ ആവേശത്തോടെ ഇന്നും അദ്ദേഹം നാടകത്തെ വലംവയ്ക്കുന്നു. കാലം മാറിയതോടെ നാടകം പുതിയ ഭാവത്തിൽ നാടകീയത ഒരുക്കുമ്പോഴും ഒന്നു മാത്രം മാറാതെ നിൽക്കുന്നു, നാടകപ്രേമം. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിൽ തുടരുമ്പോഴും മുഴുവൻ സമയ നാടകപ്രവർത്തകർ എന്നു തോന്നിപ്പിക്കുമാറ് പുതുതലമുറയില ചിലർ ഇ.ടിയുടെതുപോലെ നാടകത്തെ ജീവിതത്തോട് ചേർത്തു നിർത്തുന്നു,  ഈയിടെ നടന്ന സംസ്ഥാന അമച്വർ നാടകമത്സരത്തിൽ പുരസ്കാരം നേടിയ നിജിൽ ദാസും പ്രശാന്ത് നാരായണും അടക്കമുള്ളവർ. ഇ.ടിയും ഇവരും തമ്മിൽ വൈരുധ്യമില്ല. മറിച്ച് പുത്തൻ സാമൂഹിക സാഹചര്യങ്ങളിൽ ഇവർ തമ്മിൽ അസാമാന്യ സമാനതയാണുള്ളത്.

അറിയാം, വർഷങ്ങളായി തൃശൂരിൻ്റെ  നാടകരംഗത്തെ സജീവ സാന്നിധ്യങ്ങളായ ഇ.ടിയുടെയും  പുതുതലമുറ പ്രതിനിധികളായ  പ്രശാന്ത് നാരായൺ, നിജിൽ ദാസ് എന്നിവരുടെയും നാടകയാത്ര.

ഇ.ടി. വർഗീസ്

10 വർഷത്തെ സർവീസ് കൂടി ബാക്കി നിൽക്കെ 50-ാം വയസ്സിൽ ജോലി ഉപേക്ഷിച്ച ഇ.ടിയെന്ന ഇ.ടി.വർഗീസ് മാഷിന് ഇപ്പോൾ വയസ്സ് 71. രൂപവും നാടകാവേശവും അന്നും ഇന്നും ഒരുപോലെ. 1980 ഫെബ്രുവരി 11 ന് രൂപം കൊണ്ട തൃശൂർ രംഗചേതനയെന്ന നാടകസംഘത്തിൻ്റെ അച്ചു തണ്ട്. അന്നും ഇന്നും രംഗചേതന ഈ അച്ചുതണ്ടിനു ചുറ്റും കറങ്ങുന്നു. ആദ്യകാലങ്ങളിൽ അഭിനയവും സംവിധാനവും കൂടിയുണ്ടായിരുന്നെങ്കിലും കാൽ നൂറ്റാണ്ടായി മുഴുവൻ ശ്രദ്ധയും സംഘാടനത്തിൽ. 1990 ൽ 500 ദിവസം രംഗചേതന മുടങ്ങാതെ നാടകം കളിച്ചപ്പോൾ എല്ലാ ദിവസവും അരങ്ങത്തെത്തിയയാൾ.

രംഗചേതനയുടെ അഭിമാന പദ്ധതികളായ നൂറരങ്ങും സൺഡേ തിയറ്ററും പ്രതിവാര നാടകാവതരണവും കുട്ടികളുടെ നാടകവേദിയും രംഗോത്സവവും അടക്കമുള്ളവയുടെ പിന്നിലെ നിശബ്ദ സംഘാടന സാന്നിധ്യം. 51 വർഷമായി ചേറൂരിൽ ഹൈസ്കൂൾ കുട്ടികൾക്ക് ടൂഷനെടുക്കുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം ചിലവഴിക്കുന്നതും രംഗചേതനയ്ക്കു വേണ്ടിത്തന്നെ. പ്രഫ. ജി.ശങ്കരപ്പിള്ള, പ്രഫ. എസ്. രാമാനുജം സ്മൃതി പുരസ്കാരങ്ങൾ ലഭിച്ചത് ഈയടുത്ത്.

നിജിൽ ദാസ്

 തൃശൂരിലെ പുറനാട്ടുകര പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റൻ്റ്. അടാട്ട് സ്വദേശി. ജോലി കഴിഞ്ഞാൽ നേരെ 'പഞ്ചമി'യിലേക്ക്. പിന്നെ നാടകപ്രവർത്തനം. 2019 ൽ നിജിലും ചേട്ടനും നാടകപ്രവർത്തകനുമായ നിഖിൽ ദാസും അടക്കമുള്ളവർ ചേർന്നാണ് അടാട്ട് പഞ്ചമി തിയറ്റേഴ്സിന് തുടക്കം കുറിച്ചത്. ഇത്തവണത്തെ സംസ്ഥാന അമച്വർ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് നിജിൽ ദാസാണ്. പഞ്ചമിയുടെ പൊറാട്ട് എന്ന നാടകത്തിലെ ആശാൻ എന്ന കഥാപാത്രത്തെയാണ് നിജിൽ അവതരിപ്പിച്ചത്.

മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്കാരവും രണ്ടാമത്തെ നാടകകൃത്തിനുള്ള പുരസ്കാരവും പഞ്ചമി നേടി, നിജിലിൻ്റെ സഹോദരൻ നിഖിൽ ദാസിലൂടെ. രംഗചേതനയുടെ കുട്ടികളുടെ നാടകവേദിയിലൂടെ വളർന്ന നിജിൽ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ പഠനകാലത്തും കേരളവർമ കോളജ് കാലത്തും നാടകത്തെ കൂടുതൽ ചേർത്തുപിടിച്ചു.  ഡി സോൺ കലോത്സവത്തിലടക്കം മികച്ച നടനുള്ള അവാർഡ്.  കേരളവർമയിലെ നാടകസൗഹൃദമാണ് പഞ്ചമി തിയറ്റേഴ്സായി രൂപം കൊണ്ടത്. നിജിലും നിഖിലും ചേർന്നവതരിപ്പിക്കുന്ന എലിക്കെണി എന്ന നാടകം 25 വേദി പിന്നിട്ടു. സംഗീത നാടക അക്കാഡമി നടത്തിയ ഏകപാത്ര നാടകമത്സരത്തിലേക്ക് പഞ്ചമിയിൽ നിന്ന് 4 നാടകം തിരഞ്ഞെടുക്കപ്പെട്ടു, നിജിലിൻ്റെ ലൂപ് എന്ന നാടകമടക്കം. കവചിതം, ഞായറാഴ്ച, ഭൂപടം മാറ്റി വരയ്ക്കുമ്പോൾ, അന്ന ലൂയീസിൻ്റെ പുണ്യാളന്മാർ എന്നീ നാടകങ്ങളിലടക്കം മികച്ച പ്രകടനം.

പ്രശാന്ത് നാരായൺ

സംസ്ഥാന റവന്യു വകുപ്പിൽ ഇൻസ്പെക്ടർ ( കലക്ടറേറ്റ്). പകൽ ജോലി, രാത്രി റിഹേഴ്സൽ. ഇങ്ങനെ എത്രയോ വർഷം. റവന്യു വകുപ്പ് 3 വർഷം മുൻപ് സംസ്ഥാനതലത്തിൽ നടത്തിയ  കലോത്സവത്തിലെ നാടകമത്സരത്തിൽ പ്രശാന്ത് സംവിധാനം ചെയ്ത നാടകം തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തപ്പോഴാണ് ഡിപ്പാർട്ടുമെൻ്റിലെ പലരും തങ്ങളുടെ വകുപ്പിലെ ഈ പ്രതിഭയെ  തിരിച്ചറിഞ്ഞത്. ഇപ്പോൾ സംസ്ഥാന അമച്വർ നാടകമത്സരത്തിലെ അവാർഡ് തിളക്കവും. പ്രശാന്ത് സംവിധാനം ചെയ്ത ജനുസ്സ് ( മാജിക്കൽ തിയറ്റർ ഫോറം ഫോർ ആർട്സ്, തൃശൂർ) എന്ന നാടകം 3 പുരസ്കാരമാണ് (നടി, സംഗീത സംവിധാനം, സെറ്റ് ഡിസൈൻ) നേടിയത്.

എന്നാൽ തൃശൂരിലെ നാടകക്കൂട്ടം ഇതിനും എത്രയോ മുൻപ് ഈ നാടകക്കാരനെ തിരിച്ചറിഞ്ഞിരുന്നു. സൂ സ്റ്റോറിയിലെ ജെറിയായി, ഞായറാഴ്ചയിലെ സാത്താനായി, ഘോഷയാത്ര, മുംബൈയിലെ ഒരു ഉഷ്ണരാത്രിയിൽ, രായിങ്കരി ചെക് പോസ്റ്റ് തുടങ്ങിയ നാടകങ്ങളിലെ നായകനായി. 

അങ്ങനെ എത്രയെത്ര നാടകങ്ങൾ. സ്വദേശമായ അരിമ്പൂരിലെ നാടകക്കളരിയിൽ നിന്ന് തുടക്കം. തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ സ്റ്റുഡൻ്റ്  കൗൺസിലറായിരിക്കെ നാടകം സംഘടിപ്പിക്കാൻ ചെന്ന് ഒടുവിൽ നാടകത്തിൽ നായകനായി. അവിടത്തെ മൂന്നു വർഷവും ബെസ്റ്റ് ആക്ടർ. രംഗചേതനയ്ക്കുവേണ്ടി ടി.വി.ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഘോഷയാത്രയിലെ നായകനടൻ അവതരണത്തിനു കുറച്ചു ദിവസം മുൻപ് ജോലി കിട്ടി പോയപ്പോൾ അതിലെ നായകനായി പ്രശാന്ത് വീണ്ടും അഭിനയത്തിൽ സജീവമായി.

പിന്നീട്  രംഗചേതനയുടെ പ്രതിവാര നാടകാവതരണങ്ങളിലെ സ്ഥിരം സാന്നിധ്യം. വൈകാതെ സംവിധാനത്തിലേക്ക്. സംഗീത നാടക അക്കാദമി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി  നടത്തിയ ദേശീയ നാടക മത്സരത്തിൽ പ്രശാന്ത് സംവിധാനം ചെയ്ത ബോംബെ സ്കെച്ചസ് 4 അവാർഡ് നേടി. അബുദാബിയിലെ മലയാളി സമാജം നടത്തിയ നാടകോത്സവത്തിൽ പ്രശാന്തിൻ്റെ നഖശിഖാന്തത്തിന് 8 പുരസ്കാരം ലഭിച്ചു. റവന്യു വകുപ്പിൻ്റെ മത്സരത്തിൽ നവരാഷ്ട്രക്കഥ മികച്ച നാടകമായപ്പോൾ പ്രാശാന്ത് മികച്ച സംവിധായകനായി. രജീന്ദർ സിങ് റാത്തോഡ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനും.

English Summary:

A Theatrical Thrissur Journey: About the Dramatic Romances of a Changing Era

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com