ADVERTISEMENT

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിനിമയ്‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് കോട്ടം വരുത്താനുള്ള കെല്‍പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ലെന്നും രാഹുല്‍ കുറിച്ചു. ബജ്രംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് വായിക്കാം:

ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു. ‘കെജിഎഫും’ ‘പുഷ്പ’യും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രാദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് ‘എമ്പുരാനി’ലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാൻ ഇന്ത്യൻ സിനിമ തന്നെയാണ് എമ്പുരാൻ. മോഹൻലാലും മഞ്ജു വാരിയരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കൾ വരെ തകർത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാൽ സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ‘കശ്മീർ ഫയൽസും’ ‘കേരള സ്റ്റോറി’യും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എംമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്.

ബജ്റംഗിയെന്ന് പറഞ്ഞപ്പോൾ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങൾ. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ. എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകൾ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലർത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകർന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാൻഡുകളിൽ ഒന്നാണ് മോഹൻലാൽ , the Big M's. അതിനൊരു കോട്ടം വരുത്താനുള്ള കെൽപ്പൊന്നും ബജ്റംഗികൾക്ക്‌ വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബർമതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതിൽ നിങ്ങൾ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് .... ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമയ്ക്കും നേരെ ചാടണ്ട , അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ....തൊട്രാ പാക്കലാം.

English Summary:

Mohanlal's Movie Sparks Controversy: MLA Rahul Mamkoottatil's Powerful Defense Against Online Hate*

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com