ADVERTISEMENT

‘എമ്പുരാൻ’ സിനിമയുടെ പുതിയ റീഎഡിറ്റ് പതിപ്പ് ആസ്വാദനത്തിനും ആശയത്തിനും ഒരു കോട്ടവും വരുത്തിയിട്ടില്ലെന്ന് നടനും സംവിധായകനുമായ മുസ്തഫ. ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും മലയാളികൾക്കും ഇന്ത്യ മുഴുവനുള്ളവർക്കും അഭിമാനിക്കാവുന്ന സിനിമയാണ് ‘എമ്പുരാനെ’ന്നും മുസ്തഫ കുറിച്ചു.

‘‘നിന്റെ പക നിന്റേതു മാത്രമല്ലാത്ത ഒരു കാലം വരും. ഇന്നാണ് കാണാൻ സാധിച്ചത്. കട്ടും മ്യൂട്ടും, ആസ്വാദനത്തിനും ആശയത്തിനും ഒരു കോട്ടവും വരുത്തിയിട്ടില്ല. പൃഥ്വിരാജ് സുകുമാരൻ എന്തൊരു മേക്കിങ് ആണ് മാൻ. നിങ്ങൾക്കിതൊരു ചെറിയ സിനിമയാണ്. വരാനിരിക്കുന്ന വലിയ സിനിമകൾക്കായി കാത്തിരിക്കുന്നു.

മുരളി ഗോപിയുടെ ഉഗ്രൻ തിരക്കഥ. ആദ്യഭാഗം കാണാത്തവർക്കുപോലും ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്നു. മോഹൻലാൽ മാജിക്ക്. മലയാളികൾക്കും കേരളത്തിനും ഇന്ത്യക്കും അഭിമാനിക്കാം. സാങ്കേതികപരമായി ഇത്രയും ബ്രില്യന്റ് ആയ ഒരു സിനിമ സമ്മാനിച്ചതിന്.... എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.’’–മുസ്തഫയുടെ വാക്കുകൾ.

സിനിമയിൽ പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്. നന്ദികാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ജ്യോതിഷ് മോഹന്‍ ഐആര്‍എസിനു നന്ദി പറയുന്ന കാര്‍ഡുകളും മാറ്റിയിട്ടുണ്ട്. 

വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സിനിമയുടെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. മതകേന്ദ്രത്തിനു മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ മുറിച്ചുനീക്കി. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി. ബെല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകള്‍ നീക്കം ചെയ്തു. കാറിന്റെ നെയിം ബോര്‍ഡ് മാറ്റുകയും എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ചെയ്തു. ടിവി ന്യൂസ് ദൃശ്യങ്ങളും മാറ്റി. മസൂദും സയീദ് മസൂദും തമ്മിലുള്ളതും ബെല്‍രാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങളും മാറ്റി.

കൂടാതെ സ്ത്രീ കഥാപാത്രത്തിന്റെ തല തുടര്‍ച്ചയായി ഭിത്തിയില്‍ ഇടിപ്പിക്കുന്ന സീനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകളും മുറിച്ചുമാറ്റി. അതോടൊപ്പം തന്നെ തുടക്കത്തിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയും അദ്ദേഹത്തിന്റെ പിതാവുമായുള്ള സംഭാഷണത്തിലും വെട്ടുണ്ട്. ദേശീയ പതായകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാര്‍ഡ് മാറ്റി ‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്’ എന്നാക്കി. മൊഹ്‌സീനെ കൊല്ലുന്ന സീന്‍ മാറ്റി. സ്വരൂപ കര്‍ത്ത, കെ.റോഷ്‌നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷന്‍, ടി.നദീം തുഫൈല്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ചിത്രം കണ്ട് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. ആകെ 2.08 മിനിട്ട് ദൃശ്യങ്ങളാണ് മാറ്റിയിരിക്കുന്നത്. 

English Summary:

Actor and director Musthafa has stated that the new re-edited version of the film 'Emburan' has not compromised on either its entertainment value or its message.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com