ആമി നിങ്ങൾ ഉദ്ദേശിച്ച കാമുകിയല്ല; നീർമാതളം പൂത്ത കാലം; റിവ്യു

Mail This Article
പ്രത്യേകിച്ച് ആരെയും നന്നാക്കാനോ പ്രചോദിപ്പിക്കാനോ നിൽക്കാതെ ജീവിതത്തിന്റെ ഒഴുക്കിൽ സൂപ്പർ കൂളായി ഒഴുകി നടക്കുന്ന ഒരു ഭയങ്കര കാമുകിയുടെ കഥയാണ് നവാഗതനായ എ.ആര്‍. അമല്‍കണ്ണന്‍ സംവിധാനം ചെയ്ത ദി ക്വീൻ ഓഫ് നീർമാതളം പൂത്ത കാലം. ഒരു ഭയങ്കര കാമുകി എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഈ ചിത്രം പരിചയപ്പെടുത്തുന്നത് മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു നായികയെയാണ്. പേര് ആമി. ഒരു പ്രേമരോഗിയാണ്. നായകന്റെ ഒരു അടിയിലോ ഡയലോഗിലോ കേറിയങ്ങ് നന്നായിപ്പോകുന്ന നായികയല്ല ചിത്രത്തിലെ ആമി. അതു തന്നെയാണ് ഈ ചിത്രത്തെ ഈ കാലഘട്ടത്തിലെ സിനിമയാക്കുന്നതും.
ആമി നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല
ആമി എന്നു വിളിക്കുന്ന അമിതയുടെ പ്രണയങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പത്താം ക്ലാസ് മുതൽ ആമി പ്രേമിക്കുന്നുണ്ട്. കോളേജു പഠനം തീരുമ്പോഴേക്കും ആമിയുടെ കാമുകന്മാരുടെ എണ്ണം ആറ്. നീണ്ട കാലമൊന്നും ആമിയുടെ പ്രേമങ്ങൾ നിലനിൽക്കുന്നില്ല. ഒരു കാമുകനിൽ നിന്ന് മറ്റൊരു ബന്ധത്തിലേക്ക് പോകുമ്പോൾ വിശുദ്ധ പ്രണയത്തിന്റെ സദാചാരബോധമെന്നും ആമിക്ക് ബാധ്യതയാകുന്നില്ല. ഓരോരുത്തരെയും നിഷ്കളങ്കമായി തന്നെ ആമി പ്രേമിക്കുകയാണ്. ചില പ്രണയങ്ങൾ ആമിയെ ഉപേക്ഷിക്കുന്നു. മറ്റു ചിലത് ആമി തന്നെ അവസാനിപ്പിക്കുന്നു.

പിരിയാൻ നേരം കാമുകനെ തെറി വിളിയ്ക്കാനോ സ്വന്തം ഭാഗം ന്യായീകരിക്കാനോ ആമി ശ്രമിക്കുന്നില്ല. അതിസുന്ദരമായ പുഞ്ചിരി നൽകി അവൾ യാത്ര പറയുന്നു. ഒന്നിലേറെ പ്രേമങ്ങളുണ്ടെങ്കിൽ ഉറപ്പായും ലൈംഗികബന്ധവും നടന്നു കാണുമെന്ന സമൂഹത്തിന്റെ മുൻവിധിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ് തന്റെ സ്വകാര്യ ഇടത്തിൽ എത്ര വലിയ സുഹൃത്തിനും കാമുകനും തലയിടാൻ അവകാശമില്ലെന്നും ആമി വിളിച്ചു പറയുന്നു. എന്നാൽ, ഒരു നിർണായക ഘട്ടത്തിൽ ആമിയുടെ കാമുകന്മാർ എല്ലാവരും അവൾക്കായി ഒരുമിക്കുന്നു. ആമിയുടെ യഥാർത്ഥ ജീവിതത്തെ കാമുകന്മാരും സുഹൃത്തുക്കളും ചേർന്നു കണ്ടെടുക്കുകയാണ്.
ആമിയായി പ്രീതി

എഴുപതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ആമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രീതി ജിനോ ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. കാമുകനോടു സംസാരിക്കാൻ തന്നെ മടിയുള്ള സ്കൂൾ വിദ്യാർത്ഥിയിൽ നിന്ന്, കള്ളുഷാപ്പിൽ പോയി കള്ളു കുടിച്ച് ധപ്പാംകൂത്ത് നടത്തുകയും വാർഡന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിച്ച് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കയറി സ്ഫടികം സ്റ്റൈയിലിൽ മുണ്ട് വലിച്ചൂരി തോളിലിട്ട് കൂളായി നടന്നു പോകുന്ന തല തെറിച്ച പെൺകുട്ടിയിലേക്ക് പ്രീതി അനായാസം വളരുന്നുണ്ട്.
ഓരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സ്വയം ഒരു 'റിബൽ' ആയി പ്രഖ്യാപിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ നിഷ്കളങ്കത കൈമോശം വരാതെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ പ്രീതിക്കു കഴിയുന്നു. ആമിയുടെ കൂട്ടുകാരിയായി മുഴുനീള വേഷത്തിലെത്തുന്ന ഡോണ, അൻവർ എന്ന കാമുകനെ അവതരിപ്പിക്കുന്ന കൽഫാൻ, അൻവറിന്റെ ചങ്കായ നവീൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിശ്വമോഹൻ എന്നിവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കൽഫാനും വിശ്വമോഹനും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളിലെ ടൈമിങ് എടുത്തു പറയേണ്ടതാണ്. അതിഥി താരമായി എത്തുന്ന സിദ്ധാർത്ഥ് മേനോൻ രസമുള്ള സർപ്രൈസ് നൽകുന്നുണ്ട്.
സംവിധായകനും സുഹൃത്തുക്കളും
ഇരുപത്തിമൂന്നുകാരനായ അമൽ കണ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. സിനിമയിൽ തലതൊട്ടപ്പന്മാർ ആരുമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന നിലയിൽ കൂടിയാണ് ചിത്രം ശ്രദ്ധ നേടുന്നത്. ഇത്തരമൊരു പ്രമേയം തന്നെ ആദ്യസിനിമയിൽ സ്വീകരിക്കാൻ അമൽ കാണിച്ച ധൈര്യം ഒരു സംവിധായകൻ എന്ന നിലയിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, കഥ പറച്ചിലിൽ പലയിടങ്ങളിലും ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. പാട്ടുകളുടെ ബാഹുല്യമാണ് മറ്റൊരു രസംകൊല്ലി. എങ്കിലും എല്ലാ പാട്ടുകളും മികച്ച സൃഷ്ടികളായിരുന്നു.
എന്നാൽ, പശ്ചാത്തലസംഗീതം ശരാശരി നിലവാരം മാത്രമാണ് പുലർത്തുന്നത്. ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനസ് നസീര്‍ഖാന്റേതാണ് തിരക്കഥയും സംഭാഷണവും. പിള്ളേരുടെ സിനിമ എന്ന ആനുകൂല്യം നൽകിയാൽ തീർച്ചയായും ആസ്വദിക്കാവുന്ന ഒന്നാണ് ഈ പ്രേമസിനിമ.