പ്രേക്ഷകരെ ചിരിയുടെ കുഴിയിൽ വീഴ്ത്തി ജീത്തു ജോസഫ്; ‘നുണക്കുഴി’ റിവ്യു
Nunakkuzhi Review
Mail This Article
ജീത്തു ജോസഫിന്റെ ‘നുണക്കുഴി’, പേര് സൂചിപ്പിക്കുന്നതുപോലെ മുഖകാന്തിക്കു മാറ്റുകൂട്ടുന്ന കവിളത്തെ മനോഹരമായ ചുഴിയല്ല, മറിച്ച് ഒരു നുണയെ മറയ്ക്കാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിയിൽ ചാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു മുഴുനീള കോമഡി പടമാണ്. മലയാള സിനിമയിലെ ത്രില്ലറുകളുടെ ഉടയതമ്പുരാനായ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരു ചിത്രം തിയറ്ററിലെത്തുമ്പോൾ ‘നുണക്കുഴി’യുള്ള ഒരു പെണ്ണിന്റെ കൊലപാതകമോ തിരോധാനമോ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന്റെ ധാരണ അമ്പേ തകർത്തുകൊണ്ടാണ് ചിരിയുടെ മാലപ്പടക്കം തീർത്ത് ‘നുണക്കുഴി’ മുന്നേറുന്നത്.
പൂഴിക്കുന്നേൽ എന്ന ബൃഹത്തായ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ സക്കറിയയുടെ മരണശേഷം ബിസിനസ്സ് ഏറ്റെടുക്കാൻ ബാധ്യസ്ഥനായതാണ് മകൻ എബി സക്കറിയ പൂഴിക്കുന്നേൽ. മകന് ഉത്തരവാദിത്തം വരാൻ വേണ്ടി ചെറുപ്രായത്തിൽ തന്നെ പിടിച്ച് കല്യാണം കഴിപ്പിച്ചതിനു ശേഷമാണ് ബിസിനസ്സ് മുഴുവൻ എബിയുടെ അമ്മ മകന്റെ കയ്യിൽ ഏൽപ്പിച്ചത്. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ വിവാഹിതനായ എബിക്ക് ഭാര്യയോടൊപ്പം സമയം ചെലവഴിക്കാനാണ് താൽപര്യം. ഓഫിസിൽ ചെന്നിരുന്ന് കാണാനായി എബി ഭാര്യയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ തന്റെ ലാപ്ടോപ്പിൽ പകർത്തുന്നു. എബി ലാപ്ടോപ്പിൽ സ്വന്തം വിഡിയോ കണ്ടു രസിച്ചിരിക്കുന്നതിനിടയിലാണ് ഓഫിസിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ സേർച്ചിനായി എത്തുന്നത്.
ഓഫിസ് രേഖകളോടൊപ്പം എംഡിയായ എബിയുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ലാപ്ടോപ്പും ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നു. ലാപ്ടോപ്പ് തിരിച്ചു കിട്ടിയില്ലെങ്കിൽ താൻ ചത്തുകളയുമെന്ന ഭാര്യയുടെ ഭീഷണിക്കു വഴങ്ങി ഇൻകംടാക്സ് ഉദ്യോഗസ്ഥനെ തിരക്കിയിറങ്ങുന്ന എബി ചെന്ന് പെട്ടത് ഒരു ഊരാക്കുടുക്കിലാണ്. അതിൽ നിന്ന് രക്ഷപെടാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് വലിയൊരു കുഴിയിലാണ് എബി ചെന്ന് ചാടിയത്. ഒരൊറ്റ ദിവസം കൊണ്ട് പല വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷനേടാൻ അവർ പറയുന്ന നിരുപദ്രവകരമെന്നു തോന്നുന്ന നുണകഥ അവരുടെ തന്നെ ജീവിതം മാറ്റിമറിക്കുകയാണ്.
നുണക്കുഴിയുടെ രസക്കൂട്ടിന് മാറ്റ് കൂട്ടിയത് സിനിമയിലെ ഓരോ അഭിനേതാക്കളുമാണ്. എബി പൂഴിക്കുന്നേൽ ആയി എത്തിയ ബേസിൽ ജോസഫും രശ്മിതയായി എത്തിയ ഗ്രേസ് ആന്റണിയും അഴിഞ്ഞാടുകയായിരുന്നു. ഇൻകംടാക്സ് ഓഫിസറായി എത്തുന്ന സിദ്ദിഖിന്റെ പ്രകടനവും എടുത്തു പറ?ണം. സിദ്ദിഖിന്റെ ഓരോ ഡയലോഗും ചലനങ്ങൾ പോലും തീയറ്ററിൽ ചിരി പടർത്തി. സിദ്ദിഖ്, മനോജ് കെ ജയൻ കോമ്പോ കൗണ്ടറുകൾ ചിരി നിറയ്ക്കും. ബൈജു സന്തോഷിന്റെ പൊലീസ് വേഷവും ഇവർക്കൊപ്പം നിൽക്കും. സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും നിഖില വിമലും മികച്ച പ്രകടനം കാഴ്ചവച്ചു. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ തുടങ്ങി കഥാപാത്രമായി വന്നവരും പോകുന്നവരുമെല്ലാം സ്കോർ ചെയ്ത കാഴ്ചയാണ് തുടക്കം മുതൽ ക്ലൈമാക്സ് വരെ കാണുന്നത്.
നുണക്കുഴി തുടക്കം മുതൽ ഒടുക്കം വരെ കോമഡിയുടെ രസച്ചരട് പൊട്ടാതെ തയാറാക്കിയ ഓരൊന്നന്തരം ചിരിക്കുഴിയാണ്. ദൃശ്യം, നേര്, കൂമൻ, ട്വെൽത് മാൻ തുടങ്ങിയ ത്രില്ലറുകൾ സമ്മാനിച്ച ജീത്തു ജോസഫ് തന്നെയാണോ ഈ ചിത്രവും തയ്യാറാക്കിയതെന്ന് തോന്നിപോകും. ട്വൽത്ത്മാനും കൂമനും എഴുതിയ കെ.ആർ. കൃഷ്ണ കുമാറാണ് നുണക്കുഴിയുടെ കഥാരചന നടത്തിയത്. സ്ഥിരം ട്രാക്കിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനെ ചിരിയുടെ കുഴിയിൽ വീഴ്ത്തിക്കൊണ്ട് ഒരു ത്രില്ലർ പോലെ കാണാവുന്ന ഒരു ചിരിപടമാണ് ഇക്കുറി കൃഷ്ണ കുമാറും ജീത്തു ജോസഫും ചേർന്ന് ചെയ്തിരിക്കുന്നത്.
ഓരോ കഥാപാത്രത്തിന്റെയും അവസ്ഥകളിലൂടെ അവര്‍ ചെന്നുപെടുന്ന കുടുക്കുകളൂം അബദ്ധങ്ങളും ചിരിയുടെ മലപടക്കമായി മാറുന്നു. ഒട്ടൊന്നു പിഴച്ചാൽ അടുത്തിടെ തീയറ്ററിൽ എത്തി പരാജയപ്പെട്ടുപോയ കോമഡി പടങ്ങളുടെ അവസ്ഥ ആയേക്കാവുന്ന കഥ കയ്യടക്കത്തോടെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ സിനിമാക്കാൻ കഴിഞ്ഞത് തിരക്കഥയുടെ ബ്രില്യൻസ് തന്നെയാണ്. തിരക്കഥയുടെ കെട്ടുറപ്പ് നിലനിർത്തി കൊണ്ട് തിയറ്റിൽ ചിരി പൊട്ടിക്കാൻ വിനായക് വിഷ്ണുവിൻ്റെ എഡിറ്റിംഗും സിനിമയിലെ സംഗീതവും സഹായിച്ചിട്ടുണ്ട്.
സ്വയം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചിലർ നടത്തുന്ന നുണക്കഥകളുടെ കഥയാണ് നുണക്കുഴി പറയുന്നത്. അടുത്ത നിമിഷം എന്താകും എന്ന് പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്നതിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു ത്രില്ലർ ഫൺ റൈഡാണ് ചിത്രം. അധികമൊന്നും തലപുക്കാതെ ഏറെ ലാഘവത്തോടെ തമാശ ആസ്വദിക്കാനും പൊട്ടിച്ചിരിക്കാനും വകയുള്ള നുണക്കുഴി എല്ലാത്തരം പ്രേക്ഷകരെയും തിയറ്ററിലേക്ക് മടക്കിയെത്തിക്കുന്ന സിനിമയായിരിക്കും.