‘പഞ്ചാരപ്പഞ്ച്’ ആണ് ‘ആലപ്പുഴ ജിംഖാന’: റിവ്യൂ Alappuzha Gymkhana Review

Mail This Article
‘തല്ലുമാല’യുടെ ഹാങ‌് ഒാവർ വിട്ടുമാറാത്ത പ്രേക്ഷകർക്കു മുന്നിലേക്ക് ‘പുഞ്ചിരിയുടെ ഇടിക്കൂട്’ അവതരിപ്പിക്കുകയാണ് ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും.‘തല്ലുമാല’ പോലെ ആദ്യാവസാനം പ്രേക്ഷകരെ സീറ്റിൻതുമ്പത്തു പിടിച്ചിരുത്തുന്ന ചിത്രമല്ല ഇത്, ‘നാടൻ മുഹമ്മദാലി’മാരുടെ ഹെവി വെയ്റ്റ് ഇടിയുമല്ല. സിനിമയിലെ ഒരു പാട്ടിൽ സൂചിപ്പിച്ചതുപോലെ ‘പഞ്ചാരപ്പഞ്ച്’ ആണ് ജിംഖാന. ലുക്മാൻ അവറാനും നസ്‌ലിനും ഗണപതിയുമടങ്ങുന്ന ഒരു കൂട്ടം യുവതാരങ്ങൾ റിങ്ങിലെത്തുന്ന ജിംഖാന കാണികളെ രസിപ്പിക്കും. ചിത്രം കാണാൻ കൗമാരക്കാരാണ് തിയറ്ററുകളിൽ നിറയുന്നത്. കുഞ്ഞുകുഞ്ഞു പ്രണയങ്ങളും വിരഹവും വാശിയും കോമഡി നമ്പറുകളുമൊക്കെയായി കൗമാരക്കാരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ‘നീറ്റ്’ ചേരുവകളും സിനിമയിലുണ്ട്.
‘അനുരാഗ കരിക്കിൻവെള്ള’ത്തിലൂടെ വളരെ ലൈറ്റ് ഹാർട്ടഡ് കഥപറച്ചിലുമായി പ്രേക്ഷകമനസ്സു കീഴടക്കിയ ആളാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. ഉണ്ട, ലവ്, തല്ലുമാല തുടങ്ങിയ സിനിമകൾ ഖാലിദ് റഹ്മാന്റെ കഥപറച്ചിൽ ശൈലിയുടെ വൈവിധ്യം കാണിച്ചുതന്നവയാണ്. ‘തല്ലുമാല’യുടെ ചടുലത എത്ര വർഷം കഴിഞ്ഞാലും മനസ്സിൽനിന്നു മായില്ല. പാട്ടും ഇടിയുമൊക്കെ ഇടകലർത്തിയുള്ള ആ ശൈലി ഇത്തവണ ഖാലിദ് റഹ്മാൻ തൽക്കാലം മാറ്റിവച്ചിട്ടുണ്ട്. ‘ആലപ്പുഴ ജിംഖാന’ കളർഫുളാണ്. എന്നാൽ തല്ലുമാലയിൽനിന്നു ജിംഖാനയിലെത്തുമ്പോൾ കക്ഷി കഥ പറച്ചിലിന്റെ ഗിയർ ഒന്നു ഡൗൺ ചെയ്യുന്നു.
ആലപ്പുഴയിലെ സാധാരണക്കാരായ കൂട്ടുകാരുടെ ചുറ്റിക്കളികളും അതിമോഹങ്ങളുമൊക്കെ പറയുന്ന സിനിമ വളരെ റിയലിസ്റ്റിക്കാണ്. എല്ലാവർക്കും പരിചിതമായ കുട്ടനാടിന്റെ ‘ക്ലീഷേ’ പച്ചപ്പു പോലും ആവശ്യത്തിലധികം കാണിക്കുന്നില്ല സിനിമയിൽ. ആലപ്പുഴ ജിംഖാനയ്ക്കായി ടിക്കറ്റെടുക്കുമ്പോൾ പലരും പ്രതീക്ഷിക്കുന്നത് ഒരു സ്പോർട്സ് ഡ്രാമ സിനിമയാണ്. എന്നാൽ അത്തരത്തിൽ നാം കണ്ടു വരുന്ന പതിവ് സ്പോർട്സ് ഡ്രാമയല്ല ഇത്. വലിഞ്ഞുമുറുകിയ കഥപറച്ചിൽ രീതിയും ആദ്യാവസാനം ടെൻഷനടിപ്പിക്കുന്ന ത്രില്ലിങ് മോഡും ഇവിടെ വിട്ടുപിടിച്ചിട്ടുണ്ട്. എന്നാൽ ഇടയ്ക്കിടയ്ക്ക് വന്നുപോവുന്ന ‘ഹൈ’ മൊമന്റുകൾ കാണികളെ പിടിച്ചിരുത്തുന്നുണ്ടു താനും. ഒരു പതിവ് സ്പോർട്സ് ഡ്രാമ കണ്ടിറങ്ങിയാൽ കിട്ടുന്ന ‘അഡ്രിനാലിൻ റഷ്’ ഈ ചിത്രം തരുന്നില്ല. പക്ഷേ യഥാർഥ ജീവിതത്തിൽ ഇങ്ങനെയൊക്കെയാണല്ലോ സംഭവിക്കുക.
പരീക്ഷയിലെ തോൽവി മറികടന്ന്, ഡിഗ്രി പ്രവേശനത്തിനുള്ള വഴിയായി സ്പോർട്സ് ക്വാട്ടയെക്കുറിച്ച് കുറച്ച് കൂട്ടുകാർ ചേർന്ന് ആലോചിക്കുന്നു. അങ്ങനെയാണ് അവർ ബോക്സിങ് പഠിക്കാൻ തീരുമാനിക്കുന്നത്. ഈ തീരുമാനം അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. വളരെ ലൈറ്റായ ഒരു കഥയിൽ അങ്ങോളമിങ്ങോളം തമാശകൾ വാരിവിതറിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആ തമാശകൾ ക്ലിക്ക് ആയിട്ടുണ്ട്. എങ്കിലും പിടിച്ചിരുത്തുന്ന കഥാപരിസരത്തിന്റെ കുറവ് ചിലർക്കെങ്കിലും അനുഭവപ്പെട്ടേക്കാം. സ്പോർട്സ് ക്വാട്ടയും സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പ് നടത്തിപ്പുമൊക്കെയായി ബന്ധപ്പെട്ട് ചില്ലറ ലോജിക്കൽ പ്രശ്നങ്ങളും കഥയ്ക്കുണ്ട്. ഇങ്ങനെയൊക്കെ സ്പോർട്സ് ക്വോട്ട വഴി പ്രവേശനം കിട്ടുമോ എന്ന് പ്രേക്ഷകർക്കു സംശയം തോന്നാം.
ലുക്മാൻ അവറാന്റെയും ഗണപതിയുടെയും കയ്യടക്കമുള്ള പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ദേശീയ ചാംപ്യൻഷിപ്പിന് ഒരുങ്ങുന്ന ആന്റണി ജോഷ്വ എന്ന ബോക്സിങ് താരമായാണ് ലുക്മാൻ അവറാന്റെ വരവ്. രണ്ടു തവണ സ്റ്റേറ്റ് ചാംപ്യനായ ആന്റണി ജോഷ്വ ചൂടനാണ്. നസ്‌ലിൻ അവതരിപ്പിക്കുന്ന ജോജോ ജോൺസൺ അടക്കമുള്ളവരുടെ ടീമിന്റെ പരിശീലകനാണ് ആന്റണി ജോഷ്വ. എടുത്തുചാടി പ്രതികരിക്കുന്ന, എന്നാൽ ഒരു ബോക്സറാണ് താനെന്ന് എപ്പോഴും ഉള്ളിൽ തിരിച്ചറിവുള്ള ആന്റണി ജോഷ്വ ലുഖ്മാന്റെ കയ്യിൽ ഭദ്രമാണ്.
പെയിന്റ് പണിക്കാരനായ ബോക്സറായെത്തുന്ന ഗണപതി ടീമിന്റെ ക്യാപ്റ്റനാണ്. എല്ലാവരെയും മോട്ടിവേറ്റ് ചെയ്തുചെയ്ത് ആവശ്യത്തിന് ഇടി വാങ്ങിക്കൊടുക്കുന്ന നസ്‌ലിന്റെ കഥാപാത്രം രസകരമാണ്. നായിക പോലും ‘കോഴിയാണോ അതോ കോമഡിയാണോ’ എന്നു ചോദിച്ചുപോകുന്നുമുണ്ട്. ജിമ്മിലെ ആശാനായെത്തുന്ന കോട്ടയം നസീർ ഞെട്ടിക്കുന്നുണ്ട്. ബോക്സിങ് പഠിക്കാൻ വന്ന് റസ്‌ലിങ് പഠനത്തിലേക്കു വഴിമാറിപ്പോയ കഥാപാത്രമായി ബേബി ജീനും കയ്യടിയർഹിക്കുന്നുണ്ട്. നായികമാരായെത്തുന്ന അനഖ രവിയും നോയ്‌ലഫ്രാൻസിയും മികച്ച പ്രകടനമാണ് നടത്തുന്നത്.

നിഷാദ് യൂസഫിന് മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന അവാർഡ് വാങ്ങിക്കൊടുത്ത ചിത്രമാണ് ‘തല്ലുമാല’. നിഷാദാണ് ജിംഖാനയുടെയും എഡിറ്റർ. എഡിറ്റിങ്ങിൽ തല്ലുമാലയുടെ ക്വാളിറ്റി ജിംഖാനയിലും കാത്തുസൂക്ഷിക്കുന്നുണ്ട്. ശ്രദ്ധയോടെ എഡിറ്റ് ചെയ്ത ബോക്സിങ് രംഗങ്ങൾ ചിത്രത്തിന്റെ മികവു കൂട്ടുന്നു. നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിനു ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.
കഥയ്ക്ക് അനുയോജ്യമായ ശൈലിയിലുള്ള ഛായാഗ്രഹണമാണ് ജിംഷി ഖാലിദിന്റേത്. ഫ്രഷ്നസ് കാത്തുസൂക്ഷിക്കുന്ന ചിത്രീകരണം. ഫ്രെയിമുകൾ കളർഫുളാണ്. ബോക്സിങ് റിങ്ങിനകത്തെ ഷോട്ടുകളിലൂടെ കാണികൾക്ക് ഇടി നേരിട്ട് അനുഭവിക്കാൻ കഴിയുന്നുണ്ട്. മുഖത്തേൽക്കുന്ന ഓരോ ഇടിയും കാണികളെ ഞെട്ടിക്കും. കഥയുടെ ഒഴുക്ക് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന ദൃശ്യങ്ങളിൽ ക്യാമറാമാന്റെ ടെക്നിക്കൽ മികവും കയ്യടക്കവും കാണാം. സിനിമ തുടങ്ങുന്നതു മുതൽ പശ്ചാത്തലസംഗീതവും കയറി കൊളുത്തും. ചിത്രത്തെ ക്ലൈമാക്സ് വരെ തോളിലേറ്റി കൊണ്ടുപോവാൻ വിഷ്ണു വിജയ് ഒരുക്കിയ സംഗീതത്തിനാവുന്നുണ്ട്. ഗാനങ്ങൾ ഒന്നും തന്നെ മുഴച്ചുനിൽക്കുന്നില്ലെന്നു മാത്രമല്ല, എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്.
കഥ ആവശ്യപ്പെടുന്ന വെയ്റ്റുള്ള ഇടിയാണ് ചിത്രത്തിലുള്ളത്. ബോക്സിങ് കോറിയോഗ്രാഫിയും ക്ലൈമാക്സ് ഫൈറ്റിന്റെ കോറിയോഗ്രാഫിയും മികച്ചുനിൽക്കുന്നുണ്ട്.
‘തന്റെ മകന് ഒരു കഴിവുമില്ല’ എന്ന് പറയുന്ന ചില ‘ടോക്സിക്’ രക്ഷിതാക്കളുണ്ട്. ‘നിനക്കൊക്കെ വേറെ വല്ല പണിക്കും പോയ്ക്കൂടെ’ എന്നുപദേശിക്കുന്ന മുതിർന്നവരുണ്ട്. അങ്ങനെയുള്ളവരോട് പലതും പറയുന്നുണ്ട് ഈ സിനിമ. എല്ലാവർക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്നും അതു തിരിച്ചറിയുന്നതാണ് ഓരോരുത്തരുടെയും വിജയമെന്നും അടിവരയിട്ടു പറയുകയാണ് ‘ആലപ്പുഴ ജിംഖാന’.